Kerala
പ്രൊഫ. സജ്‌ന ജലീല്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍
സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സി ആര്‍ ഹരിലക്ഷ്മീന്ദ്ര കുമാറിനെ ഡയറക്ടര്‍ ഓഫ് കോളേജ് ഡവലപ്‌മെന്റ് കൗണ്‍സിലായും നിയമിച്ചു
കോട്ടയം | മഹാത്മാഗാന്ധി സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളറായി സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസ് മേധാവിയായ പ്രൊഫ. (ഡോ.) സജ്‌ന ജലീലിനെ നിയമിച്ചു. വ്യാഴാഴ്ച നടന്ന സിന്‍ഡിക്കേറ്റ് മീറ്റിങ്ങിലാണ് തീരുമാനം.
കൂടാതെ, സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സി ആര്‍ ഹരിലക്ഷ്മീന്ദ്ര കുമാറിനെ ഡയറക്ടര്‍ ഓഫ് കോളേജ് ഡവലപ്‌മെന്റ് കൗണ്‍സിലായും നിയമിച്ചു.
27 വര്‍ഷത്തെ അധ്യാപന പരിചയമുള്ള പ്രൊഫ. സജ്‌ന ജലീല്‍, സര്‍വകലാശാലയിലെ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസുകളുടെ അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. മൂന്ന് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ പരിശോധകയും യു.പി.എസ്.സി ഉപദേഷ്ടാവുമാണ്. ഡയറക്ടര്‍ ഓഫ് കോളേജ് ഡവലപ്‌മെന്റ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡി. നേടിയിട്ടുള്ള പ്രൊഫ. സജ്‌ന, ഗണിത വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ എം.എഡും ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഇരുപതോളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിത്വവും നല്‍കി. ഫലാധിഷ്ഠിത മൂല്യനിര്‍ണയം, ഗണിത വിദ്യാഭ്യാസം, ഇന്‍സ്ട്രക്ഷണല്‍ ഡിസൈന്‍ എന്നീ മേഖലകളില്‍ വിദഗ്ധയാണ്. സ്വയം കോഴ്‌സുകളുടെ സര്‍വകലാശാലാ കോഡിനേറ്ററുമാണ് പ്രൊഫ. സജ്‌ന.
ഡോ. സി. ആര്‍. ഹരിലക്ഷ്മീന്ദ്ര കുമാര്‍ സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്ചുറോപതിയുടെ ഓണററി ഡയറക്ടറാണ്. സര്‍വകലാശാലാ സെനറ്റ് മെമ്പറായും ബോഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളുടെ ആസൂത്രണവും വികസനവും സംബന്ധിച്ച നയരൂപീകരണ സമിതിയാണ് കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍.
Content Highlights: Prof Dr Sajna Jaleel has been appointed as the Controller of Examinations at Mahatma Gandhi University, Kottayam. The decision was taken during the Syndicate meeting held on Thursday. Additionally, Dr CR Harilakshmeendra Kumar was appointed as the Director of the College Development Council.




