Connect with us

From the print

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ്; സഊദിയിലേക്ക് നേരിട്ട് പണമടയ്ക്കുന്നതിന് നിയന്ത്രണം

സാമ്പത്തിക ഇടപാടുകളിലുള്ള നയം പരിഷ്‌കരിച്ചു.

Published

|

Last Updated

കോഴിക്കോട് | കെട്ടിടങ്ങള്‍ക്കും ഹജ്ജിന്റെ മറ്റ് എല്ലാ സേവനങ്ങള്‍ക്കുമായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ സഊദിയിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണം. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം നയം പരിഷ്‌കരിച്ചു. നേരത്തേ ഇ- ഹജ്ജ് പോര്‍ട്ടല്‍ വഴി സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള ബേങ്കിലേക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേരിട്ട് പണമടയ്ക്കുന്നതായിരുന്നു രീതി. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

പുതിയ നയപ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്കാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ പണമടയ്‌ക്കേണ്ടത്. ഇതിനായി നേരത്തേ വികസിപ്പിച്ച എസ് ബി ഐ പോര്‍ട്ടല്‍ ആണ് ഉപയോഗപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലെത്തിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മൊത്തം തുക ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് സഊദി ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനത്തിലേക്ക് ഓരോ ഹജ്ജ് ഗ്രൂപ്പുകളുടെയും പണം കൈമാറുക. ഓരോ ഹജ്ജ് ഗ്രൂപ്പുകളുടെയും വേര്‍തിരിച്ചുള്ള പണം കൈമാറ്റം ചെയ്യപ്പെടും. ഹാജിമാര്‍ക്ക് താമസിക്കുന്നതിനായി കെട്ടിടം ഒരുക്കുന്നതിന് നേരത്തേ തന്നെ സഊദിയിലെ പ്രാദേശിക കെട്ടിട ഉടമകളുമായി ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ കരാര്‍ ഉണ്ടാക്കാറുണ്ട്. തുടര്‍ന്ന് കെട്ടിടത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സഊദി അധികൃതര്‍ പരിശോധിച്ച ശേഷമാണ് കെട്ടിട ഉടമകളുമായി അന്തിമ ധാരണയിലെത്താറുള്ളത്. ഇതിന് ശേഷം ഇ- ഹജ്ജ് പോര്‍ട്ടല്‍ വഴി സഊദി ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള ബേങ്കിലേക്ക് പണം കൈമാറുന്നതായിരുന്നു പതിവ്.

സേവനങ്ങള്‍ക്കായി പലവട്ടം പണം കൈമാറ്റം ചെയ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഇനി പണം കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് നല്‍കിയാല്‍ മതിയാകും. സഊദിയുടെ പരിഷ്‌കരിച്ച നയപ്രകാരം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് എല്ലാ ഇടപാടുകളും ഇന്ത്യയില്‍ തന്നെ നടത്തിയാല്‍ മതി എന്നത് കൂടുതല്‍ സൗകര്യമാണ്. അതേസമയം, കൂടുതല്‍ തുക ഇന്ത്യയില്‍ തന്നെ അടയ്‌ക്കേണ്ടി വരുമ്പോള്‍ നികുതി ഉള്‍പ്പെടെ കൂടുതല്‍ നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest