Connect with us

National

ലോക്സഭ തിരഞ്ഞെടുപ്പ്; അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

Published

|

Last Updated

ന്യൂഡല്‍ഹി|ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത മണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ആര് മത്സരിക്കുമെന്നതില്‍ ഇന്ന് തീരുമാനമാകും. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. അതിനാല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.

ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ലെന്നും ജയറാം രമേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോടു പരാജയപ്പെട്ടിരുന്നു. ഇത്തവണ സ്മൃതി ഇറാനി പ്രചാരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കാനെത്തിയാല്‍ അത് ജനങ്ങള്‍ തിരസ്‌കരിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട വധ്ര സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുവന്ന സാഹചര്യവും പാര്‍ട്ടിയുടെ മുമ്പിലുണ്ട്. അതിനാല്‍ മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകില്ലെന്നാണ് ജയറാം രമേശ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി ബി ജെ പി കാത്തിരിക്കുകയാണ്.

 

 

 

Latest