Connect with us

From the print

അറബിക്കടലോരത്തെ രാഷ്ട്രീയ ചുഴലിക്കാറ്റ്

രാഷ്ട്രീയ കോളിളക്കങ്ങൾ തീരെ കേൾക്കാതിരുന്ന കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഇന്ന് അത്തരം ചർച്ചകളുടെ പ്രധാന കേന്ദ്രമാണ്

Published

|

Last Updated

രാഷ്ട്രീയ കോളിളക്കങ്ങൾ തീരെ കേൾക്കാതിരുന്ന കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഇന്ന് അത്തരം ചർച്ചകളുടെ പ്രധാന കേന്ദ്രമാണ്. 2021ലെ അഡ്മിനിസ്ട്രേറ്റർ മാറ്റം മുതൽ ഉയർന്ന വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. പുതുവർഷത്തിൽ അന്താരാഷ്ട്രതലത്തിലും ലക്ഷദ്വീപ് വലിയ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അയൽ രാജ്യമായ മാലിദ്വീപിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. സാമൂഹിക മാധ്യമ കമന്റുകളുടെ പേരിൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുകയും നയതന്ത്രബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷത്തിനിടെ രാഷ്ട്രീയമായും സാമൂഹികമായും വലിയ ചർച്ചകൾ ലക്ഷദ്വീപിനെ പ്രതി നടക്കുന്നുണ്ട്.
പട്ടേലിന്റെ വരവും വിവാദങ്ങളും
അറബിക്കടലിലെ 36 ദ്വീപുകൾ ചേർന്ന, പത്ത് ദ്വീപുകളിൽ മാത്രം ജനവാസമുള്ള ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണമാണ്. ദീർഘകാലം അഡ്മിനിസ്‌ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ 2021ൽ അന്തരിച്ചതിനെ തുടർന്ന് രാഷ്ട്രീയക്കാരനായ പ്രഫുൽ ഖേഡ പട്ടേലിനെ നിയമിച്ചതും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജനവികാരത്തന് പുല്ലുവില കൽപ്പിച്ച് ഹിന്ദുത്വ നയങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ ധൃതിപ്പെട്ടു ഖേഡ. ഗുജറാത്തുകാരനായ ഖേഡ, മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിയായിരുന്നിട്ടുണ്ട്. സുഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ജയിലിലായപ്പോൾ പകരം മന്ത്രിയായത് ഇദ്ദേഹമായിരുന്നു.

മുമ്പ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന അഡ്മിനിട്രേറ്റർ സ്ഥാനം രാഷ്ട്രീയക്കാരനിലേക്ക് എത്തിയത് മാത്രമല്ല പ്രശ്‌നം, നടപ്പാക്കിയ നയനിലപാടുകൾ കൂടിയാണ്. മദ്യവിമുക്ത പ്രദേശമായ ലക്ഷദ്വീപിലെ റിസോർട്ടുകളിൽ മദ്യവിതരണത്തിന് അനുമതി നൽകിയതും കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതും കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞയിടത്ത് ഗുണ്ടാ നിയമം നടപ്പാക്കിയതും സ്‌കൂളുകളിലെ യൂനിഫോം മാറ്റവും ആഹാര മെനുവിലെ ഭേദഗതിയും പശു വളർത്തൽ ഇല്ലാതാക്കിയതും അമുൽ ഡയറിക്ക് അനുമതി നൽകിയതും സ്‌കൂളുകൾ ലയിപ്പിച്ചതും ആരോഗ്യ മേഖലയെ തകർത്തെറിയുന്ന തരത്തിൽ പി പി പി മോഡൽ ഇല്ലാതാക്കിയതും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സെന്ററുകൾ പൂട്ടിച്ചതും സി ബി എസ് ഇ നിർബന്ധമാക്കിയതുമെല്ലാം വൻ ജനരോഷത്തിന് ഇടയാക്കി.

“സേവ് ലക്ഷദ്വീപ്’
അഭൂതപൂർവമായ രാഷ്ട്രീയ പോരാട്ടത്തിനാണ് പിന്നീട് ദ്വീപ് സാക്ഷ്യംവഹിച്ചത്. സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ വലിയ തിരയിളക്കമുണ്ടാക്കി. നടൻമാർ അടക്കം സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും അതേറ്റെടുത്തു. ലക്ഷദ്വീപിനെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമമാണ് ഇതെന്നും ആരോഗ്യ സംവിധാനം ദുർബലമായ ദ്വീപുകളിൽ കൊവിഡ് വ്യാപനമുണ്ടായാൽ മഹാവിപത്താണ് സംഭവിക്കുകയെന്നുമുള്ള ആധിയായിരുന്നു ഈ ക്യാമ്പയിനിന്റെ പിന്നിൽ. തന്ത്രപ്രധാന സമുദ്രാതിർത്തിയിലെ പ്രദേശമായ ദ്വീപിലേക്ക് മയക്കുമരുന്ന് ഒഴുകുന്നുണ്ടെന്നും ഐ എസ് പോലുള്ള തീവ്രവാദികൾ താവളമാക്കാൻ ഇടയുണ്ടെന്നും അതിനാലാണ് കർശന നടപടികളുമെന്നുമുള്ള വിലകുറഞ്ഞതും ദുർബലവുമായ വാദഗതികളോടെയാണ് സംഘ്പരിവാരം ഈ ജനമുന്നേറ്റത്തെ തടയിടാൻ ശ്രമിച്ചത്.
പട്ടേലിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളുടെ കെടുതി ഇന്ന് ദ്വീപിലെ ജനത വലിയ തോതിൽ അനുഭവിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ പ്രതിസന്ധിയാണ് ഏറ്റവും ഗുരുതരം. പി പി പി സംവിധാനത്തിലൂടെ ദ്വീപിൽ ഓർത്തോ, പീഡിയാട്രീഷൻ പോലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കേരളത്തിലേതു പോലെ വിദഗ്ധ ചികിത്സയും ലഭിച്ചിരുന്നു. അഞ്ച് പി പി പി ആശുപത്രികളുണ്ടായിരുന്നത് ദ്വീപുകാരുടെ ആശ്വാസമായിരുന്നു. മാത്രമല്ല, അടിയന്തരഘട്ടങ്ങളിൽ എയർ ഇവാക്വേഷനും കാര്യക്ഷമമായിരുന്നു. പി പി പി ഇല്ലാതാക്കിയതോടെ ഓർത്തോ ഡോക്ടറെ കാണണമെങ്കിൽ അഗത്തിയിൽ നിന്ന് 58 കി മി അകലെയുള്ള കവരത്തിയിലേക്ക് ബോട്ടുമാർഗം സഞ്ചരിക്കണം. പ്രസവവ ചികിത്സയും വലിയ പ്രതിസന്ധിയിലായി.

വിദ്യാഭ്യാസ പ്രതിസന്ധി
വിദ്യാഭ്യസ ഗതിയും തഥൈവ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ രണ്ട് സെന്ററുകൾ ഇല്ലാതാക്കി പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ ചേരണമെന്നാണ് തിട്ടൂരം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. പലതും ലയിപ്പിച്ചു. ഇങ്ങനെ ലയിപ്പിച്ച സ്‌കൂളുകളിലെ ക്ലാസ്സുകളിൽ ആൾബാഹുല്യം കാരണം കുട്ടികൾ ബോധംകെട്ട് വീഴുന്ന സ്ഥിതി വരെയുണ്ടായി.
രണ്ട് വർഷത്തിനകം എല്ലാ വിദ്യാർഥികളും സി ബി എസ് ഇയിലേക്ക് മാറണമെന്നാണ് നിർദേശം. കേരള സിലബസിൽ നിന്ന് ലക്ഷദ്വീപിനെ അകറ്റാനുള്ള നടപടിയാണിതെന്ന വിമർശം ശക്തമാണ്. ദ്വീപിലെ പ്രബല ഭാഷയായ ജസരി, മലയാളവുമായി ഏറെ ബന്ധമുള്ളതാണ്. മിനിക്കോയിയിലെ ദിവേഹി ഭാഷ മാത്രമാണ് മാലിദ്വീപിലെ മഹലുമായി ബന്ധമുള്ളത്.

ആരാകും “മാസ്സ്
ജനപ്രതിഷേധങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നത് എൻ സി പി (ശരദ് ചന്ദ്ര പവാർ) നേതാവ് മുഹമ്മദ് ഫൈസൽ എം പിയായിരുന്നു. രാഷ്ട്രീയ നേതാവിനപ്പുറം ലക്ഷദ്വീപുകാരുടെ നേതാവായി ഉയരാൻ അദ്ദേഹത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. വിഷയങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും ഹീറോയാകാൻ അദ്ദേഹത്തിനായി. ഇതിന് പുറമെയാണ് ക്രിമിനൽ കേസിൽ പാർലിമെന്റ് അംഗത്വം റദ്ദാക്കിയത് നിയമ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനായത്. ഇത് ഫൈസലിന്റെ പ്രതിച്ഛായ വീണ്ടും വർധിപ്പിച്ചു. നിലവിൽ എൻ സി പി (ശരദ് പവാർ) സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുന്നുണ്ട്. തുടർ വിജയമാണ് ഫൈസൽ ലക്ഷ്യംവെക്കുന്നത്. അതേസമയം, എൻ സി പി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ അജിത് പവാർ വിഭാഗം, യൂസുഫ് ടി പി എന്നയാളെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
അജിത് പവാർ വിഭാഗം എൻ ഡി എ സഖ്യകക്ഷിയായതിനാൽ, പൊതുവെ ബി ജെ പിവിരുദ്ധ വികാരം ശക്തമായ ദ്വീപിൽ യൂസുഫിന് വലിയ ചലനം സൃഷ്ടിക്കാനാകില്ല. കഴിഞ്ഞ വർഷങ്ങളിലെ ജനവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായാണ് ദ്വീപുജനത ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അപ്പോൾ പിന്നെ ബി ജെ പിയുമായി ഒട്ടിനിൽക്കുന്ന, അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരം മാത്രം ലക്ഷ്യമിട്ട അജിത് പവാർ വിഭാഗത്തെ അവർ തള്ളിക്കളയുമെന്ന് ഉറപ്പാണല്ലൊ. എൻ സി പി വോട്ടുകളിൽ വിള്ളലുണ്ടായാൽ തന്നെ അത് ഗുണപ്രദമാകുക കോൺഗ്രസ്സ് സ്ഥാനാർഥി അഡ്വ. ഹംദുല്ല സഈദിനായിരിക്കും. ചുരുക്കത്തിൽ, കനത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ലക്ഷദ്വീപ് സാക്ഷ്യംവഹിക്കുന്നത്. 57,784 വോട്ടർമാരുള്ള അറബിക്കടലോരത്തെ രാഷ്ട്രീയ ചുഴികളിൽ ആരൊക്കെ അകപ്പെടുമെന്ന് കാണാം.

Latest