Connect with us

Articles

മരണം പതിയിരിക്കുന്ന പോലീസ് ഇടനാഴികള്‍

നിയമങ്ങള്‍ ആവശ്യത്തിന് രാജ്യത്തുണ്ടെങ്കിലും അവ ഏട്ടിലെ പശുവിനെ പോലെ പുല്ലു തിന്നാതെ വിശ്രമിക്കുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ദരിദ്രരും അധസ്ഥിത- ന്യൂനപക്ഷങ്ങളുമാണ് മിക്കവാറും പോലീസ് രാജിന് ഇരയാകുന്നത്. പോലീസ് ഭേദ്യങ്ങള്‍ക്ക് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരാണ് ചുമച്ചു തുപ്പി മൃതപ്രായരായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത്.

Published

|

Last Updated

ഇന്ത്യയില്‍ നിന്നുള്ള നിരവധി പിടികിട്ടാപ്പുള്ളികള്‍ പല വിദേശ രാജ്യങ്ങളിലായി ഒളിവില്‍ കഴിയുന്നുണ്ട്. ഇവരെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നിരന്തര ശ്രമങ്ങള്‍ പലപ്പോഴും വിദേശ കോടതികള്‍ക്ക് മുമ്പില്‍ മുനയൊടിഞ്ഞ് പോകാറാണ് പതിവ്. ഇന്ത്യയിലെ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും പോലീസ് ലോക്കപ്പുകളിലെ മനുഷ്യത്വ വിരുദ്ധ പീഡനങ്ങളുമൊക്കെ കണക്കിലെടുത്താണ് തങ്ങളെ വിട്ടുനല്‍കരുതെന്ന പ്രതികളുടെ ആവശ്യം മുഖവിലക്കെടുക്കാന്‍ വിദേശ കോടതികള്‍ നിര്‍ബന്ധിതരാകുന്നത്. ശാരീരിക പീഡനങ്ങള്‍ക്കെതിരായുള്ള 1997ലെ യുഎന്‍ കണ്‍വെന്‍ഷന്‍ ചാര്‍ട്ടറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അതൊന്നും ഇന്ത്യയിലെ പോലീസിനെ ഏശിയിട്ടില്ല. ഇത് മുന്‍നിര്‍ത്തിയാണ് പോലീസ് കസ്റ്റഡി പീഡകള്‍ക്കെതിരെ ശക്തമായ തനതു നിയമനിര്‍മാണം നടത്താന്‍ 2018ല്‍ ലോ കമ്മീഷന്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.

പോലീസ് അതിക്രമങ്ങളും കസ്റ്റഡി മരണങ്ങളും സംഭവിക്കാതിരിക്കാന്‍ നിരവധി മുന്‍കരുതലുകള്‍ നമ്മുടെ നിയമ വ്യവസ്ഥയിലുണ്ട്. ഭരണഘടനയും, ഐ പി സി, സി ആര്‍ പി സി, എവിഡന്‍സ് ആക്ട്, വിവിധ സുപ്രീം കോടതി വിധികള്‍ തുടങ്ങിയവയെല്ലാം അതിലേക്ക് വിരല്‍ചൂണ്ടുന്നു. ആര്‍ട്ടിക്കിള്‍ 21 പൗരന്റെ ശാരീരികവും മാനസികവുമായ അഭിമാനവും സ്വാതന്ത്ര്യവും നിയമവിധേയമായി ഉറപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 20(3) പ്രകാരം കുറ്റവാളിയായി മുദ്രകുത്തുന്നതില്‍ നിന്നുള്ള സംരക്ഷണമുണ്ട്. ഇവയെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് നൂറുകണക്കിന് ഹതഭാഗ്യരുടെ ദീന വിലാപങ്ങള്‍ ലോക്കപ്പ് മുറികളില്‍ മുഴങ്ങുന്നത്. അമിത ബലപ്രയോഗവും ജീവഹാനിയും വിലക്കുന്ന സി ആര്‍ പി സി 49, 46 എന്നിവയും മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് പറയുന്ന ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 24, 25 വകുപ്പുകളും ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകളില്‍ ജലരേഖയായി മാറാറുണ്ട്. നിയമം കൈയിലെടുത്ത് തന്നിഷ്ടം കാട്ടുന്ന പോലീസുകാര്‍ക്ക് ഏഴ് വര്‍ഷം തടവ് നിഷ്‌കര്‍ഷിക്കുന്ന 330(എ),(ബി)എന്നിവ തുരുമ്പെടുത്ത മട്ടാണ്.

2022 ജൂലൈ 26ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്‍കിയ വിശദീകരണ പ്രകാരം 2020-22 കാലയളവില്‍ 4,484 കസ്റ്റഡി മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 90 ശതമാനം മരണങ്ങളും സംഭവിച്ചിട്ടുള്ളത് യു പി, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, ഡല്‍ഹി, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായാണ്. ജയില്‍ മരണങ്ങളെ മാറ്റിനിര്‍ത്തി പോലീസ് കസ്റ്റഡി മരണങ്ങളെ മാത്രമെടുത്താല്‍ 80 മരണങ്ങളുമായി ഗുജറാത്തും 76 മരണങ്ങളുമായി മഹാരാഷ്ട്രയും രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നു. ശക്തമായ നിയമങ്ങളുടെ പിന്‍ബലമുണ്ടായിട്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യം ഇന്ത്യന്‍ നീതി നിര്‍വഹണ രംഗത്തെ അനാരോഗ്യകരമായ പ്രവണതകളെ അനാവൃതമാക്കാന്‍ പോന്നതാണ്.

മനുഷ്യാവകാശങ്ങളുടെ അന്താരാഷ്ട്ര നയപ്രഖ്യാപനമായ യു ഡി എച്ച് ആര്‍ ആര്‍ട്ടിക്കിള്‍-അഞ്ച് പ്രകാരം ലോകത്തെവിടെയും ഒരു മനുഷ്യനെയും ക്രൂരമായി സമീപിക്കാന്‍ പാടില്ലാത്തതാണ്. ഇതുപ്രകാരം കസ്റ്റഡിക്കും അറസ്റ്റിനും വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരാളെ പോലീസ് മേല്‍നോട്ടത്തിലേക്ക് മാറ്റുന്നതിനെ കസ്റ്റഡി എന്ന് വിളിക്കുന്നു. കുറ്റകൃത്യങ്ങളിലെ പങ്കാളിത്ത സംശയപ്രകാരം ഒരാളെ പോലീസ് വരുതിയിലാക്കുന്നതിനെയാണ് അറസ്റ്റ് എന്ന് പറയുന്നത്. 1996ലെ ഡി കെ ബസു – ബംഗാള്‍ സര്‍ക്കാര്‍ കേസനുസരിച്ച് അറസ്റ്റിന് 11 മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി ഇറക്കിയിട്ടുണ്ട്. 2008ല്‍ സി ആര്‍ പി സിയില്‍ ഇതുമായി ബന്ധപ്പെട്ട് കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ഇതുവഴി സി ആര്‍ പി സി 57 പ്രകാരം പോലീസ് കസ്റ്റഡി 24 മണിക്കൂറില്‍ കൂടാന്‍ പാടില്ല. കൂട്ടിക്കിട്ടണമെങ്കില്‍ സി ആര്‍ പി സി 167 പ്രകാരം പ്രത്യേക അനുമതി വേണം.

നിയമങ്ങള്‍ ആവശ്യത്തിന് രാജ്യത്തുണ്ടെങ്കിലും അവ ഏട്ടിലെ പശുവിനെ പോലെ പുല്ലു തിന്നാതെ വിശ്രമിക്കുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. ദരിദ്രരും അധസ്ഥിത- ന്യൂനപക്ഷങ്ങളുമാണ് മിക്കവാറും പോലീസ് രാജിന് ഇരയാകുന്നത്. പോലീസ് ഭേദ്യങ്ങള്‍ക്ക് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരാണ് ചുമച്ചു തുപ്പി മൃതപ്രായരായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത്. അജ്ഞതയും സാമ്പത്തിക പരാധീനതയും ഭയപ്പാടും അവരെ പരാതിപ്പെടുന്നതില്‍ നിന്നും അവകാശം സ്ഥാപിച്ചെടുക്കാനുള്ള നിയമ പോരാട്ടത്തില്‍ നിന്നും പിറകോട്ടു വലിക്കുന്നു.
കേരളം- വിവാദങ്ങള്‍

കഴിഞ്ഞ മാര്‍ച്ച് അവസാന വാരം തൃപ്പൂണിത്തറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ മരിച്ച മനോഹരനു ശേഷം താനൂരിലെ താമിര്‍ ജിഫ്രിയില്‍ നടപ്പു വര്‍ഷത്തെ കസ്റ്റഡി കൊലകള്‍ എത്തി നില്‍ക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലെ പ്രമാദമായ കസ്റ്റഡി തിരോധാനം ആര്‍ ഇ സി വിദ്യാര്‍ഥിയായ രാജന്റേതായിരുന്നു. വിവാദങ്ങളുടെ തുടര്‍ച്ചയായി കെ കരുണാകരന് മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടി വന്നു. എന്നാല്‍ 2016-21 കാലയളവില്‍ സമാനമായ കാരണത്താല്‍ നക്സല്‍ മുദ്രകുത്തി എട്ട് പേരെയാണ് കേരള പോലീസ് വെടിവെച്ചു കൊന്നത്. കുപ്പു ദേവരാജന്‍, വേല്‍ മുരുകന്‍, മണിവാസവന്‍, സി പി ജലീല്‍, അജിത്ത്, കാര്‍ത്തി, ശ്രീമതി, സുരേഷ് എന്നിവര്‍ വെടികൊണ്ട് വീണത് പോയിന്റ് ബ്ലാങ്കിലായിരുന്നു.

താമിര്‍ ജിഫ്രി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ എസ് ഐ കൃഷ്ണലാലും മഞ്ചേരി മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍ ഡോ. ഹിതേഷ് ശങ്കറും നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ആശങ്കയുളവാക്കുന്നതാണ്. കൊലയിലേക്ക് നയിച്ച ക്രൂര മര്‍ദനവും, തെളിവ് നശിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന നഗ്നമായ ഇടപെടലുകളും വലിയ ചര്‍ച്ചയായിട്ടുണ്ട്. ലഹരി വിരുദ്ധ പോരാട്ടത്തിന് ശക്തി പകരാന്‍ രൂപവത്കരിച്ച കാന്‍സാഫും, ജില്ലാടിസ്ഥാനത്തിലെ ഡാന്‍സാഫുമെല്ലാം താനൂര്‍ സംഭവത്തിനു ശേഷം സംശയത്തിന്റെ പുകമറയിലായി. മൊഴിമാറ്റാനായി ജില്ലാ ജയിലില്‍ മര്‍ദനമേറ്റെന്ന കൂട്ടുപ്രതിയുടെ പിതാവിന്റെ പരാതിയും പുറത്തു വന്നിട്ടുണ്ട്. നിയമം നടപ്പാക്കാനുള്ള ചുമതല മാതൃകാപൂര്‍വം നിര്‍വഹിക്കേണ്ട പോലീസ് നിയമം ചവിട്ടിമെതിച്ച് മാടമ്പി ചമയുന്നത് ജനാധിപത്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണ് വഴിവെക്കുക. നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് മാനവികത ഉയര്‍ത്തിപ്പിടിച്ചു നീങ്ങുന്ന ഒരു പോലീസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. അധികാരികളുടെ ഇച്ഛാശക്തിയും കൃത്യമായ ഇടപെടലുകളും അടിയന്തരമായി പ്രകടമാകേണ്ടതുണ്ട്.

 

Latest