Connect with us

National

മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ നയാബ് സിങ് സെയ്‌നിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണിത്.

ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 30 സീറ്റുള്ള കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സോംബിര്‍ സങ്വാന്‍, രണ്‍ധിര്‍ ഗൊല്ലന്‍, ധരംപാല്‍ ഗൊന്ദര്‍ എന്നിവര്‍ പറഞ്ഞു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഢയ്ക്കും കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഉദൈ ഭാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റോഹ്താകില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മാറ്റം ഉറപ്പാണെന്ന് കോണ്‍ഗ്രസ്സ് എം പി. ദീപേന്ദര്‍ ഹൂഡ പ്രതികരിച്ചു.

‘നിയമസഭയില്‍ ബി ജെ പിക്ക് നിലവില്‍ 40 അംഗങ്ങളാണുള്ളത്. ജന്‍നായക് ജനതാ പാര്‍ട്ടി (ജെ ജെ പി)യുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. ജെ ജെ പി നേരത്തെത്തന്നെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ സ്വതന്ത്രന്മാരും. ഇതോടെ നായബ് സിങ് സെയ്‌നി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. സെയ്‌നിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹം ഉടന്‍ രാജിവെക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിന് അടിയന്തര സാഹചര്യമൊരുക്കുകയും വേണം.’- ഉദൈ ഭാന്‍ പ്രതികരിച്ചു.

 

Latest