Kerala
കാപ്പ കേസ് പ്രതിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി
വധശ്രമം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത 37 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്.

പത്തനംതിട്ട | കാപ്പ കേസില്‍ ഉള്‍പ്പെട്ട കൊടുംക്രിമിനലിനെ ശ്രമകരമായ ദൗത്യത്തില്‍ പുളിക്കീഴ് പോലീസ് കീഴ്പ്പെടുത്തി. തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി മുണ്ടനാരില്‍ വീട്ടില്‍ മുണ്ടനാരി അനീഷ് എന്ന അനീഷ്‌കുമാര്‍ (39) ആണ് പിടിയിലായത്. 2007 മുതല്‍ പുളിക്കീഴ്, നൂറനാട്, ആറന്മുള, തിരുവല്ല, വീയാപുരം, മാന്നാര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത 37 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്.
ഇയാളെ പിടികൂടുന്നതിന് പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ആലപ്പുഴ, അമ്പലപ്പുഴ, ശൂരനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം അന്വേഷണത്തിലായിരുന്നു. ഇതിനിടയില്‍ ഇന്നലെ പ്രതി സൈക്കിള്‍ മുക്ക് പൊടിയാടി റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് ബൈക്കുകളിലായി പോലീസ് പ്രതിയെ പിന്‍തുടര്‍ന്നു. ഇത് മനസ്സിലാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിവിദഗ്ദ്ധമായി പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പൊലീസ് സംഘത്തില്‍ എ എസ്സ് ഐ വിനോദ്, സി പി ഒ മാരായ അനൂപ്, സുധീപ്, രഞ്ജു കൃഷ്ണന്‍, അരുണ്‍ ദാസ്, അലോക്, നിതിന്‍ തോമസ്, സന്ദീപ്, വിനീത് കുമാര്‍, രവി, കുമാര്‍, സജില്‍, ജേക്കബ്, മനോജ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.