Connect with us

Poem

വെയിലത്ത് ഉണങ്ങുന്ന കവിതകൾ

നട്ടുച്ച നേരത്ത് ' ഉണങ്ങിയ കവിതകൾ വൈകീട്ടെടുത്തട്ടി വെക്കവേ അതിലൊന്ന് വിരലിൽ തറച്ചു കഠിനമായ കടച്ചിൽ

Published

|

Last Updated

നട്ടുച്ച നേരത്ത് ‘
ഉണങ്ങിയ കവിതകൾ
വൈകീട്ടെടുത്തട്ടി വെക്കവേ
അതിലൊന്ന് വിരലിൽ തറച്ചു
കഠിനമായ കടച്ചിൽ
കൺതടങ്ങളെ കുത്തിയിളക്കി
മഴ പെയ്യിച്ചു
പുഴകളിൽ നീന്തിക്കുഴഞ്ഞ്
കാടുകളിലലഞ്ഞ് തളർന്ന്
രാത്രി മുഴുവൻ തെരുവിൽ കിടന്ന്
മഴ വെയിലിനോട് പൊരുതി
അട്ടിതെറ്റിച്ചാടിയ കവിത
മഴയിലൂടെ ഇഴഞ്ഞ്
രാജാവിന്റെ നഗ്നത ചൂണ്ടി
തലയറ്റ കവിത
തെരുവിൽ പിടയവേ
നെരൂദ പാടി
വരൂ തെരുവിലെ രക്തം കാണൂ
ദന്തഗോപുരവാസി കവി ഞെട്ടി
അട്ടിയിലമർന്ന കവിത
പ്രാണവായുവിന് വാ പിളർന്നു
നിന്റെ ജന്മം തന്നെ നിന്റെ ശാപം
നാട്ടുവഴിയിലൂടെ ഒരു പല്ലക്ക്
മൂളി മൂളി തെക്കോട്ട് പോയി
കുതറിച്ചാടിയ കവിത
പണിശാലകളിൽ കയറി
നാഴികമണിയുടെ നാവറുത്തു
പാഠശാലകളിലെ വെട്ടുകിളികൾ
പുറത്തേക്കിറങ്ങവേ
ആകാശത്തിലൊരു കവിത
ചിറകുവിടർത്തി വട്ടമിട്ടു
ഞങ്ങടെ കുട്ടികളെ പുലി പിടിക്കും മുന്പ്
ചിലത് ചെയ്യാനുണ്ട്
വെളുത്ത കടലാസുകൾ പിളർന്ന്
അക്ഷരക്കണ്ണികൾ പൊട്ടിച്ച്
പുറത്തുചാടുന്നു
വെയിലത്തുണങ്ങിയ കവിതകൾ

Latest