Connect with us

Kozhikode

പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും പ്ലേസ്‌മെന്റ്; ശ്രദ്ധേയമായി മര്‍കസ് ഐ ടി ഐ കോണ്‍വൊക്കേഷന്‍

മര്‍കസ് ഐ ടി ഐ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍വൊക്കേഷന്‍ സംഗമം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | കാരന്തൂര്‍ മര്‍കസ് ഐ ടി ഐ ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 2019-2021 അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്‌ളേസ്‌മെന്റ്. വിദേശത്തെയും സ്വദേശത്തെയും വിവിധ ഉന്നത കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ ഈ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍വൊക്കേഷനും അനുമോദന ചടങ്ങും നടന്നു. കേരള ഗവണ്മെന്റ് സര്‍ട്ടിഫൈഡ് എക്സാമിനേഷന്‍സ് എന്‍ജിനീയറിങ് (കെ ജി സി ഇ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്(എന്‍ സി വി ടി) എന്നിവക്ക് കീഴിലുള്ള 11 കോഴ്സുകളിലായി നാനൂറോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയത്. മെക്കാനിക്കല്‍ ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, എ സി മെക്കാനിക്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ മിക്കവരും ഭാരത് ബെന്‍സ്, ഐ എഫ് ബി, വോള്‍ട്ടാസ്, സോണി, മിസ്തുബിഷി, ഗോദ്റെജ് എന്നീ കമ്പനികളില്‍ പ്ലേസ്‌മെന്റ് നേടി. കൂടാതെ സംസ്ഥാനത്തെ പ്രമുഖ വാഹന വിപണന ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ സേവനം ചെയ്യുന്നു. മെക്കാനിക്, ഓട്ടോമൊബൈല്‍, ഐ ടി മേഖലകളില്‍ സ്വയം സംരംഭം ആരംഭിച്ചും പൂര്‍വ വിദ്യാര്‍ഥികള്‍ വിജയകരമായി മുന്നോട്ടുപോവുന്നു.

പഠനാനുബന്ധമായി വിവിധ പരീക്ഷണങ്ങളും ഇലക്ട്രോണിക്-വാഹന നിര്‍മാണങ്ങളും നടത്തിയും വിദ്യാര്‍ഥികള്‍ മികവ് തെളിയിക്കാറുണ്ട്. പ്രളയ കാലത്ത് സംസ്ഥാനത്തെ അഞ്ചോളം കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ക്യാമ്പുകള്‍ സംഘടിപ്പിച്ചും കോഴിക്കോട് മെഡിക്കല്‍ കോളജ് ഓപ്പറേഷന്‍ തിയേറ്ററിലെ ഉപയോഗശൂന്യമായ എ സികള്‍ നവീകരിച്ചും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമാണ് ഐ ടി ഐ വിദ്യാര്‍ഥികള്‍.

മര്‍കസ് ഐ ടി ഐ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍വൊക്കേഷന്‍ സംഗമം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറിവില്ലായ്മയും തൊഴിലില്ലായ്മയുമാണ് സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്നും അറിവുനേടി തൊഴില്‍ ചെയ്യുന്നതിലൂടെ സമൂഹ പുരോഗതിയുടെ ഭാഗമാവുകയാണ് ഓരോ മനുഷ്യനെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി സഖാഫി വള്ള്യാട്, പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി എം റഷീദ് സഖാഫി, അബ്ദുറഹിമാന്‍ മാസ്റ്റര്‍, അസീസ് സഖാഫി, സജീവ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest