Kerala
പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു
കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകള്‍ കണ്ടെത്തി. കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസിന് ബോധ്യമായി.
കൊച്ചി | പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസ്സുകാരനായ ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് സംശയം. നിരന്തര മര്‍ദനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് ആക്കം കൂട്ടിയത്. കുട്ടിയെ രണ്ടാനച്ഛന്‍ തല്ലാറുണ്ടെന്ന സമീപവാസികളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു പരുക്കേറ്റു എന്ന് പറഞ്ഞാണ് കുട്ടിയെ രണ്ടാനച്ഛന്‍ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഉച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കുട്ടിയുടെ മൃതേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മുഖത്തെ രക്തം കല്ലിച്ച പാടുകള്‍ പെരുമ്പാവൂര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.
രണ്ടാനച്ഛനെ ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്നും വീണതാണെന്ന് ആവര്‍ത്തിച്ചു പറയുകയായിരുന്നു. കുട്ടിയെ ഇയാള്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഇതിലൂടെ മരണ കാരണം സ്ഥിരീകരിക്കാനാകുമെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Police have taken the stepfather into custody following the suspicious death of a three-year-old child in Perumbavoor. Authorities suspect foul play based on preliminary findings and marks on the body. A detailed investigation and interrogation are underway to determine the exact cause of death.

