Connect with us

National

ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രിയുമായി പേരോട് അബ്ദുറഹ്മാന്‍ സഖാഫി കൂടിക്കാഴ്ച നടത്തി

ഇരു സ്ഥാപനങ്ങളും തമ്മില്‍ വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ അക്കാദമിക് പരിപാടികളില്‍ കൈകോര്‍ക്കുന്നതിനുമുള്ള തുടര്‍ചര്‍ച്ചകള്‍ നടത്താനും ധാരണയായി.

Published

|

Last Updated

കൈറോ | ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയില്‍ ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രാലയത്തിന്റെ ഓഫീസില്‍ ഔഖാഫ് മന്ത്രി ഡോ. ഉസാമ സയ്യിദ് അല്‍-അസ്ഹരിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി, ജാമിഅ സിറാജുല്‍ ഹുദാ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരമാണ് മന്ത്രാലയ ഓഫീസില്‍ കൂടിക്കാഴ്ച നടന്നത്.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സാംസ്‌കാരികവും വൈജ്ഞാനികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അറിവിന്റെയും അനുഭവങ്ങളുടെയും കൈമാറ്റം വിപുലീകരിക്കുന്നതിനുമുള്ള വിവിധ സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെയും പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെയും വൈജ്ഞാനികവും സാമൂഹികവുമായ സംഭാവനകളും, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വൈജ്ഞാനിക-സാമൂഹിക പ്രവര്‍ത്തനങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.

പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന വൈജ്ഞാനിക മുന്നേറ്റങ്ങളെയും ജാമിഅ സിറാജുല്‍ ഹുദായുടെ വിവിധ വിദ്യാഭ്യാസ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തു. ജാമിഅ സിറാജുല്‍ ഹുദാ സന്ദര്‍ശിക്കാനുള്ള താത്പര്യവും മന്ത്രി പ്രകടിപ്പിച്ചു.

ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രാലയം സംഘടിപ്പിക്കുന്ന വിവിധ വൈജ്ഞാനിക, പഠന, പരിശീലന പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി. ഇരു സ്ഥാപനങ്ങളും തമ്മില്‍ വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ അക്കാദമിക് പരിപാടികളില്‍ കൈകോര്‍ക്കുന്നതിനുമുള്ള തുടര്‍ചര്‍ച്ചകള്‍ നടത്താനും ധാരണയായി.

Content Highlights:
പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മതസൗഹാർദ്ദവും ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചർച്ചയായി. ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.

 

---- facebook comment plugin here -----

Latest