Connect with us

Articles

പര്‍ദക്കാരിയും പിന്നെ പോലീസും മാധ്യമങ്ങളും

ഡല്‍ഹി പോലീസിന് അവകാശ നിഷേധങ്ങളുടെ ഒത്തിരി ചരിത്രം തന്നെയുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കിയ സമീപകാല ചരിത്രം ഡല്‍ഹി പോലീസിനുണ്ടാകാനിടയില്ല. അതുകൊണ്ടാകണം പോലീസിന്റെ ക്രൂരതക്കിരയായ യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Published

|

Last Updated

വീട്ടില്‍ തനിച്ച് കിടന്നുറങ്ങുകയായിരുന്ന നാല്‍പ്പത്തൊന്നുകാരിയായ മുസ്ലിം യുവതിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി ചാന്ദ്നി മഹല്‍ പോലീസ് കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ നവംബര്‍ ആറിനാണ്. യുവതി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നവംബര്‍ മുപ്പതിന് ഹൈക്കോടതി ഉത്തരവ് ഉണ്ടായതോടെയാണ് സംഭവം മാധ്യമ ശ്രദ്ധയില്‍ വന്നത്. പ്രശ്നം അതല്ല. മാധ്യമങ്ങള്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. ‘പര്‍ദനാശിന്‍’ മുസ്ലിം സ്ത്രീയുടെ കേസായാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ലോകം തിരിയാത്ത ഒരു പര്‍ദക്കാരിയെ സമൂഹ മനസ്സില്‍ പ്രതിഷ്ഠിച്ച് മുസ്ലിം അപരത്വ, അവജ്ഞാ നിര്‍മിതിക്ക് കോപ്പുകൂട്ടുകയായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍. പക്ഷേ മാധ്യമങ്ങള്‍ തങ്ങളുടെ മുസ്ലിം വിരുദ്ധ മുന്‍വിധി വെച്ച് വിഡ്ഡിയെന്ന് ചാപ്പകുത്തിയ ആ പര്‍ദനാശിന്‍ സ്ത്രീയെ ഡല്‍ഹി പോലീസിനെങ്കിലും മനസ്സിലായിട്ടുണ്ട്.

പര്‍ദക്കാരിയല്ല പര്‍ദനാശിന്‍
‘പര്‍ദനാശിന്‍ വുമണ്‍’ എന്ന പ്രയോഗം നമ്മുടെ ഓര്‍മകളെ ബ്രിട്ടീഷ് കാലത്തേക്കാണ് കൊണ്ടുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കോടതികളില്‍ നിന്നാണ് നീതിന്യായ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് അങ്ങനെയൊരു വാക്ക് കേട്ടു തുടങ്ങുന്നത്. പുറം ലോകവുമായി തീരെ ബന്ധം പുലര്‍ത്താത്ത സ്ത്രീകള്‍ കക്ഷികളാകുന്ന നിയമ വ്യവഹാരങ്ങളില്‍ അവരുടെ അവകാശ സംരക്ഷണവുമായി ചേര്‍ത്തുവെച്ചു കൊണ്ടാണ് അക്കാലത്ത് അത്തരമൊരു പ്രയോഗം ഉയര്‍ന്നു വന്നത്. പുറം ലോകവുമായി ബന്ധം പുലര്‍ത്താത്ത പര്‍ദനാശിന്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നിയമങ്ങളും കോടതികളും സവിശേഷ ജാഗ്രത പുലര്‍ത്തുന്നു എന്നാണതിന്റെ പൊരുള്‍. 1872ലെ ഇന്ത്യന്‍ കരാര്‍ നിയമത്തെപ്രതി നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് അക്കാര്യം വ്യക്തമാകും. പ്രസ്തുത നിയമം ഇന്ത്യയില്‍ ഇന്നും പ്രാബല്യത്തിലുണ്ടല്ലോ. നിയമത്തിലെ 16ാം വകുപ്പില്‍ രണ്ട് കക്ഷികള്‍ക്കിടയിലുള്ള കരാറില്‍ അന്യായമായ സ്വാധീനം ചെലുത്തല്‍ (ഡിറൗല ശിളഹൗലിരല) ഉണ്ടാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അത് കരാര്‍ റദ്ദാകുന്നതിലേക്ക് നയിക്കും. ഇവിടെ പുറം ലോകവുമായി ബന്ധം പുലര്‍ത്താത്ത പര്‍ദനാശിന്‍ സ്ത്രീകളുമായാണ് കരാറെങ്കില്‍ അന്യായമായ സ്വാധീനം ചെലുത്തല്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് എതിര്‍കക്ഷി തെളിയിക്കല്‍ നിര്‍ബന്ധമാണ്. അതായത് അത്തരമൊരു കരാര്‍ കേസിലേക്കെത്തുമ്പോള്‍ സാധാരണ നിലയില്‍ പരാതിക്കാരനാണ് അന്യായമായ സ്വാധീനം ചെലുത്തല്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കേണ്ടതെങ്കില്‍ പര്‍ദനാശിന്‍ സ്ത്രീ കക്ഷിയായിരിക്കുന്നിടത്ത് അത്തരമൊരു സ്വാധീനവുമുണ്ടായിട്ടില്ലെന്ന് എതിര്‍കക്ഷി തെളിയിക്കണമെന്നാണ് നീതിപീഠത്തിന്റെ തീര്‍പ്പ്. പുറം ലോകവുമായി ബന്ധം പുലര്‍ത്താത്തവരാകയാല്‍ ജീവിത പരിചയവും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവും കുറവായിരിക്കുമെന്നാണ് കോടതികള്‍ ഇതിന് കാണുന്ന ന്യായം.

പര്‍ദനാശിന്‍ എന്ന പ്രയോഗം ശ്രദ്ധിച്ചു കാണുമല്ലോ. മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദയുമായി അതിന് ബന്ധമില്ല. പുറം ലോകവുമായി ബന്ധം പുലര്‍ത്താത്ത സ്ത്രീകള്‍ ഹിന്ദുക്കളിലും മുസ്ലിംകളിലും ഒരുപോലെ ഉണ്ടായിരുന്നു. അതറിയാന്‍ പര്‍ദനാശിന്‍ കേസുകള്‍ പരിശോധിച്ചാലും മതിയാകും. അപ്പോള്‍ ഹിന്ദു സ്ത്രീകള്‍ കക്ഷികളായ എത്രയും കേസുകള്‍ കാണാനാകും. പര്‍ദനാശിന്‍ എന്നാല്‍ പര്‍ദക്കാരി എന്നല്ലെന്ന് ചുരുക്കം. അതൊരാശയമാണ്. പുറം ലോകവുമായി സാധാരണ ബന്ധം പുലര്‍ത്താത്ത സ്ത്രീജനം എന്നാണതിനര്‍ഥം. അവര്‍ക്ക് സാമൂഹിക വ്യവഹാരങ്ങള്‍ അത്രതന്നെ ലളിതമായിരിക്കില്ലെന്നും സ്വയം തീരുമാനമെടുക്കാന്‍ കഴിയണമെന്നില്ലെന്നും കോടതികള്‍ പലകുറി വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അക്ഷരാഭ്യാസമില്ലാത്തവരാകണം അവരെന്ന് നിര്‍ബന്ധമില്ലെന്നും നീതിപീഠം ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ മുസ്ലിം യുവതിയും പര്‍ദയും

പര്‍ദനാശിന്‍ മുസ്ലിം സ്ത്രീയുടെ കേസായാണ് മുസ്ലിം വിരുദ്ധ മുന്‍വിധി പേറുന്ന മാധ്യമങ്ങള്‍ നടേ പറഞ്ഞ സംഗതിയെ കൊട്ടിഘോഷിച്ചത്. എത്രമേല്‍ ഉദാസീനമായ സമീപനമാണത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരം കെട്ടവളുടെ കേസെന്ന് പറയാന്‍ മുസ്ലിം സ്ത്രീയാകുമ്പോള്‍ എളുപ്പം കഴിയും. പക്ഷേ ബ്രിട്ടീഷ് ഇന്ത്യാ ചരിത്ര കാലത്ത് നിന്ന് ഉടലെടുത്ത പര്‍ദനാശിന് പര്‍ദക്കാരിയായ മുസ്ലിം സ്ത്രീ എന്ന അര്‍ഥമല്ലെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. അല്ലെങ്കില്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുന്നതുമാകാം. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ച് അപസര്‍പ്പക കഥകള്‍ പലതും മെനയുന്ന മീഡിയാ റൂമുകള്‍ക്ക് യഥാസ്ഥിതി അറിയുന്നതിലൊന്നും വലിയ താത്പര്യം കാണില്ല. ഇനി എല്ലാം അറിഞ്ഞിട്ടും, നേരം വെളുക്കാത്ത അപരിഷ്‌കൃത സമൂഹം ഇതാ ഇവിടെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയുമാകാം മാധ്യമങ്ങള്‍. അങ്ങനെ ഒരു സമുദായത്തെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു. അക്ഷരാഭ്യാസം ഇല്ലാത്തവരും പെറ്റു കൂട്ടാന്‍ മാത്രമറിയുന്നവരും കാല്‍ കാശിന് കൊള്ളാത്തവരുമാണ് ആ വിഭാഗത്തിലെ സ്ത്രീകളെന്ന പെരും നുണ ഊട്ടിയുറപ്പിക്കുന്നു. അതുവഴി അപകടകരമായ അപരത്വ നിര്‍മിതിയാണ് മാധ്യമങ്ങള്‍ നടത്തുന്നത്.

തന്റെ വീട്ടില്‍ നിന്ന് അര്‍ധ രാത്രിയും കടന്ന നേരത്ത് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഡല്‍ഹി പോലീസിനെ നിയമം പരമാവധി പഠിപ്പിക്കുന്നുണ്ട് ആ മുസ്ലിം യുവതി. വാര്‍ത്തകള്‍ പ്രകാരം, വീടിന്റെ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന യുവതി പുലര്‍ച്ചെ മൂന്നോടെയാണ് പുറത്ത് നിന്നുള്ള ശബ്ദം കേള്‍ക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ വീടിന്റെ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതാണ് അപ്പോള്‍ അവര്‍ കണ്ടത്. ഇവിടെ താന്‍ മാത്രമാണുള്ളതെന്നും ഗേറ്റ് തുറക്കരുതെന്നും അവര്‍ വിളിച്ചു പറഞ്ഞു. പക്ഷേ അതൊന്നും വകവെക്കാതെ ചാന്ദ്നി മഹല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ ബലമായി പ്രവേശിച്ച് വീട് പരിശോധിച്ചു. കാര്യം വെളിപ്പെടുത്താത്ത ഒരു കേസുമായി ബന്ധപ്പെട്ട് വീട്ടുകാരിയുടെ രണ്ട് സഹോദരന്‍മാരെ തേടിയെത്തിയതെന്നാണ് പോലീസിന്റെ തന്നെ ഭാഷ്യം. ഒന്നും കിട്ടാതിരിക്കെ വീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്ന യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം പോലുമില്ലാതെ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലടച്ച ശേഷം 13 മണിക്കൂര്‍ തടഞ്ഞുവെച്ചു എന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ശാരീരിക കൈയേറ്റവും മാനസിക പീഡനവും അപമാനകരമായ പെരുമാറ്റവും തനിക്ക് നേരിടേണ്ടി വന്നുവെന്നും അവര്‍ പറയുന്നു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ മൂടുപടം ധരിക്കാന്‍ സമ്മതിച്ചില്ലെന്നും പോലീസ് സ്റ്റേഷനില്‍ വെച്ച് തന്റെ വസ്ത്രത്തെ പോലീസുകാര്‍ ആക്ഷേപിച്ചെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. വീട്ടില്‍ ഒറ്റക്കായിരുന്നിട്ടുപോലും നിയമവിരുദ്ധമായ പോലീസ് നടപടിയെ ആകും വിധം പ്രതിരോധിക്കുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തു ആ മുസ്ലിം യുവതി. വൈകാതെ നീതി തേടി ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു. പക്ഷേ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ മൂടുപടം ധരിക്കാന്‍ സമ്മതിച്ചില്ലെന്നും പര്‍ദ ധരിക്കുന്നതിനെ പോലീസുകാര്‍ ആക്ഷേപിച്ചെന്നും അവരുടെ പരാതിയില്‍ ഉണ്ടായതോടെ മേല്‍ചൊന്ന ലോകം തിരിയാത്ത പര്‍ദനാശിന്‍ ആക്കുകയായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍. ആടിനെ പട്ടിയാക്കാന്‍ ഇതിനേക്കാള്‍ എളുപ്പം കാണും.
പോലീസ് നടപടി നിയമവിരുദ്ധം

1973ലെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം 46(4) വകുപ്പ് പ്രകാരം അപവാദമായി വരുന്ന സാഹചര്യങ്ങളിലല്ലാതെ സൂര്യാസ്തമയ ശേഷവും സൂര്യോദയത്തിന് മുമ്പും സ്ത്രീകളെ അറസ്റ്റ് ചെയ്യരുത്. അപവാദ സാഹചര്യത്തിലാണെങ്കില്‍ പോലും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് അറസ്റ്റ് ചെയ്യേണ്ടത്. ഇവിടെ അറസ്റ്റിന് വാറണ്ടോ വനിതാ പോലീസ് ഉദ്യോഗസ്ഥയോ ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഡല്‍ഹി പോലീസിന്റെ നടപടി നഗ്നമായ നിയമ ലംഘനവും കടുത്ത നീതി നിഷേധവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രധാന മൗലികാവകാശമാണ് 21ാം അനുഛേദം മുന്നോട്ടു വെക്കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. അന്തസ്സുള്ള ജീവിതം നയിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. സ്വകാര്യതക്കുള്ള അവകാശവും മൗലികാവകാശം തന്നെ. പക്ഷേ ഡല്‍ഹി പോലീസിന് അവകാശ നിഷേധങ്ങളുടെ ഒത്തിരി ചരിത്രം തന്നെയുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കിയ സമീപകാല ചരിത്രം ഡല്‍ഹി പോലീസിനുണ്ടാകാനിടയില്ല. അതുകൊണ്ടാകണം പോലീസിന്റെ ക്രൂരതക്കിരയായ യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനകത്തും പുറത്തുമുള്ള മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ യുവതിയുടെ വീട്ടില്‍ നിന്ന് പോലീസ് സ്റ്റേഷന്‍ വരെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപിച്ചതും സ്വകാര്യ വ്യക്തികളുടെതുമടക്കം മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് നാല് ആഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട് ഡല്‍ഹി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാ പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷവും വേഗമുള്ളതുമായ അന്വേഷണമുണ്ടാകണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും ഹരജിയില്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. കെട്ട കാലത്തെ മാധ്യമ നെറികേടും പോലീസ് രാജും സധൈര്യം മറികടന്ന ആ ‘പര്‍ദനാശിനി’ക്ക് നീതിപീഠത്തില്‍ നിന്ന് വിജയമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.