Connect with us

സ്മൃതി

ഉശിരുള്ള പി പി

നല്ല നാടന്‍ ഭാഷയില്‍ അദ്ദേഹം കേരളമൊട്ടാകെ തകര്‍ത്തു പ്രസംഗിച്ചു. ചരിത്രബോധം ആ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പറയാത്ത എഴുത്തോ പ്രസംഗമോ അപൂര്‍വമായിരിക്കും. കേരള രാഷ്ട്രീയത്തെ പാരമ്പര്യ മുസ്‌ലിം പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നതില്‍ അതിവിദഗ്ധനായിരുന്നു ഉസ്താദ്.

Published

|

Last Updated

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പരിസരത്ത് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നടത്തിയ രോമാഞ്ചജനകമായ സ്വാഗതപ്രാഭാഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കാതുകളില്‍ ഇപ്പോഴും അതിന്റെ അലയൊലികള്‍ മുഴങ്ങും… തന്റെ ആത്മകഥയില്‍ “റിയാദ് തടവറ’യെക്കുറിച്ചു പറയുന്ന ഭാഗത്ത് ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ താണിത്. കേരളത്തിലെ ഓരോ സുന്നി പ്രവർത്തകനും ഇതായിരുന്നു പി പി അവര്‍കള്‍. അവരിപ്പോഴും ആ പ്രസംഗങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു, ലേഖനങ്ങൾ വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഠിനമായ സാഹചര്യങ്ങളെ സാധ്യതയായി പരിവര്‍ത്തിച്ചെടുക്കാന്‍ അപാരമായ വഴക്കമുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രതിസന്ധികളെ അവസരവും ആവേശവുമായി കണ്ട ഒരാള്‍.

പണ്ഡിതനായ സംഘാടകന്‍ എന്ന് സാമാന്യമായി പറഞ്ഞുപോകാം. സംഘാടകന്‍ എന്ന നിലയിലാണ് ഉസ്താദ് പ്രശോഭിച്ചത് എന്നതും നേരാണ്. എന്നാല്‍, അങ്ങനെയൊരു വിലാസത്തില്‍ പറഞ്ഞവസാനിപ്പിക്കാവുന്നതല്ല പി പി ഉസ്താദിന്റെ ജീവിതം. ജാമിഅ നൂറിയ്യയിൽ നിന്നും പഠിച്ചിറങ്ങിയ കൊല്ലം തന്നെ ദര്‍സ് തുടങ്ങിയ ആ യുവ പണ്ഡിതന്‍, മര്‍കസ് സ്ഥാപിതമായപ്പോള്‍ നിയമിതനായ ആദ്യത്തെ മുദര്‍രിസായിരുന്നു. മർകസിന്റെ വളർച്ചക്ക് ആവശ്യമായ അസ്ഥിവാരമിടുന്നതിൽ പി പി അവർകളുടെ ഊർജസ്വലത വഹിച്ച പങ്ക് നിസ്തുലമാണ്.

കുന്ദമംഗലത്ത് ബസിറങ്ങി തേക്കിൻചുവട്ടിലേക്കുള്ള പി പി ഉസ്താദിന്റെ കൈവീശിയുള്ള നടത്തമായിരുന്നു ഒരു കാലത്തെ മർകസിന്റെ കൊടിയടയാളം. അങ്ങനെയാണ് പി പി എന്നത് എ പിയുടെ സ്വഭാവികമായ താളക്രമമായി സുന്നികൾ ഏറ്റെടുത്തത്. പിന്നീട് ഖാസിയായി, ഖതീബായി, ചെറിയൊരിടവേളയിൽ സ്‌കൂള്‍ അധ്യാപകനായി. എഴുത്തുകാരന്‍, പ്രഭാഷകന്‍, പത്രാധിപര്‍, സ്ഥാപനങ്ങളുടെ സാരഥി അങ്ങനെയങ്ങനെ നീട്ടിയും പരത്തിയും പറയാവുന്ന ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.

എഴുതും. ആലോചിച്ചാലോചിച്ച് അരികും മൂലയും ഒപ്പിച്ച് എഴുതുന്ന കൂട്ടത്തിലായിരുന്നില്ല. ഒരെഴുത്താണ്; സിറാജില്‍ വന്നാല്‍ വി കെ മൊയ്തീന്‍കോയ സാഹിബിന്റെ മുന്നിലിരുന്ന്; കാല്‍ മണിക്കൂര്‍ കൊണ്ട് ലേഖനം റെഡി. എഴുത്തും പ്രസംഗവും വ്യത്യാസമില്ലായിരുന്നു എന്ന് പറയാം. പ്രസംഗം എഴുതിയെടുത്താന്‍ മൂപ്പരുടെ ലേഖനമാകും. ലേഖനം പറഞ്ഞുനോക്കിയാല്‍ പ്രസംഗവും. രണ്ടിലും കൃത്യമായി ഒന്നുണ്ടായിരുന്നു; മുന തെറ്റാത്ത ഉപമകള്‍. മൂര്‍ച്ചയുള്ള വാക്കുകളും. അവാന്തര വിഭാഗങ്ങളുടെ ആശയപരാധീനതകളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആ ഉപമകള്‍ക്കും മൂര്‍ച്ചകള്‍ക്കും നല്ല കഴിവുണ്ടായിരുന്നു. പ്രതിയോഗികളെ ആ പ്രഹരം പ്രകോപിതരാക്കുകയും ചെയ്തു.
ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങുമായിരുന്നില്ല എഴുത്തുകുത്തുകള്‍.

മുസ്്ലിം ലീഗിന് ഒരു തുറന്ന കത്തെഴുതി പ്രസിദ്ധീകരിച്ച അദ്ദേഹം, ഹാജിമാര്‍ക്കൊരു കൂട്ടുകാരന്‍ എന്നൊരു പുസ്തകവും എഴിതിയിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണത്തിന് വാദിക്കുന്ന പുസ്തകമെഴുതിയ ആള്‍ തന്നെ കോടമ്പുഴ ബാവ മുസ്‌ലിയാരുടെ അല്‍ അജ്‌സാദുല്‍ അജീബ, വല്‍ അബ്ദാനുല്‍ ഗരീബ എന്ന അറബി പുസ്തകം മൊഴിമാറ്റവും നടത്തി. മഹല്ല് പ്രവര്‍ത്തനത്തെപ്പറ്റിയും മരണത്തെപ്പറ്റിയും എഴുതിയിട്ടുണ്ട് അദ്ദേഹം.

നല്ല നാടന്‍ ഭാഷയില്‍ അദ്ദേഹം കേരളമൊട്ടാകെ തകര്‍ത്തു പ്രസംഗിച്ചു. ചരിത്രബോധം ആ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പറയാത്ത എഴുത്തോ പ്രസംഗമോ അപൂര്‍വമായിരിക്കും. അത് പട്ടത്തിന്റെ ഭരണമാകാം, സി എച്ചിന്റെ ഇഷ്ടദാന ബില്ലാകാം, മുന്‍ഷിമാരുടെ കാര്യമാകാം. സപ്തകക്ഷി മന്ത്രിസഭയും അച്യുതമേനോനും കരുണാകരനും മുണ്ടശ്ശേരി മാഷും ഇ എം എസുമൊക്കെ നിര്‍ലോഭം കടന്നുപോയി. കേരള രാഷ്ട്രീയത്തെ പാരമ്പര്യ മുസ്‌ലിം പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നതില്‍ അതിവിദഗ്ധനായിരുന്നു ഉസ്താദ്.

പാരമ്പര്യ സുന്നീ മുസ്‌ലിംകള്‍ക്ക് ഇന്നത്തെ പോലെ സന്നാഹങ്ങളോ ദൃശ്യതയോ ഇല്ലാത്ത ഘട്ടത്തിലാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്. ആ എഴുത്തും പ്രസംഗങ്ങളുമാണ് വലിയൊരു കാലത്തെ വെല്ലുവിളികളെ അതിജയിക്കാൻ സുന്നികളെ പ്രാപ്തമാക്കിയത്.

പൊതുവെ സാത്വികരും “നേരവാ നേരെ പോ’ മനോഗതിക്കാരുമായ സുന്നീ പണ്ഡിതരെ കൗശലക്കാരും കുബുദ്ധികളുമായ നവീനവാദികള്‍ കഷ്ടപ്പെടുത്തിയ കാലം. അവഹേളനങ്ങളും മുറിവേല്‍ക്കലുകളും എറ്റുവാങ്ങിയ ഒരു സമൂഹത്തെ കൈ പിടിച്ചു നടത്തി ആ ഉശിരനായ പണ്ഡിതന്‍. ഒരിക്കലും ഉസ്താദ് ചകിതനായില്ല. എന്നല്ല, കൂടെയുള്ള ആരെയും അതിന് സമ്മതിച്ചതുമില്ല.

മുസ്‌ലിം സമുദായത്തിനിടയില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലുണ്ടായ അഭിപ്രായാന്തരങ്ങളും അതിന്റെ അനുരണനങ്ങളും ചിന്താപരിഭ്രാന്തിയുണ്ടായ ഘട്ടം. ഇസ്‌ലാം ആൻഡ് മോഡേണ്‍ എയ്ജ് സൊസൈറ്റി, ചേകന്നൂര്‍ മൗലവി, സി എന്‍ അഹ്മദ് മൗലവി, കൊരൂല്‍ പോലെ ത്വരീഖത്തിന്റെ പേരിലുള്ള ചെറു സംഘങ്ങള്‍ ഇവരെയെല്ലാം ഫണം വിടര്‍ത്താന്‍ നോക്കിയല്ലോ. ഇത്തരം അവാന്തര ചിന്താസരണികളെ വലിയ നിലയില്‍ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു പി പി അവര്‍കള്‍. പ്രതിലോമകരമായ ആശയങ്ങള്‍ സംക്രമിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിനെതിരെ പൊരുതിത്തുടങ്ങും.

“മുബാഹല’ പോലെ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും സുന്നി പ്രസ്ഥാനത്തിന്റെ മറുചേരിയില്‍ വരിവരിയായി നിന്ന സാഹചര്യം പോലുമുണ്ടായി. അന്നും ചാഞ്ചാട്ടമില്ലാതെ ആഗാഥമായ ആത്മവിശ്വാസത്തോടെ പ്രസ്ഥാനത്തിന്റെ മുന്പില്‍ നിന്നു.മര്‍ഹും ഇ കെ ഹസന്‍ മുസ്‌ലിയാരോടും സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിനോടും വൈകാരിക അടുപ്പമുണ്ടായിരുന്നു പി പി ഉസ്താദിന്. ആ ഊക്കും വീറുമൊക്കെ പഠിച്ചതും ഇ കെ ഉസ്താദില്‍ നിന്നായിരിക്കണം. ഉസ്താദിന് ലഭിച്ച അനുഗ്രഹങ്ങളെ പടച്ചവന്‍ ഏറ്റിക്കൊടുക്കട്ടെ.

Content Highlights: The tribute recalls scholar and organizer Parannur PP Muhyiddeen Kutty Musliyar and his foundational role as the first mudarris at Markaz. It highlights his sharp speeches, rapid writings in Siraj, books, and analyses of Kerala political history. His steadfast defense of traditional Sunni values alongside leaders like Kanthapuram is also remembered.

---- facebook comment plugin here -----

Latest