Connect with us

palastine solidarity

കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്

കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും, ശശിതരൂര്‍ പ്രസംഗിക്കും

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്തു നടക്കും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം പി റാലിയില്‍ പങ്കെടുക്കും.

ഗസയില്‍ ഇസ്രാഈല്‍ രണ്ടുമാസത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വരുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ രാജ്യത്തെ ആദ്യത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്.

ലീഗ് നേതാക്കള്‍ കൂടി പങ്കെടുക്കുന്ന പരിപാടി യു ഡി എഫിന്റെ ശക്തിപ്രകടനവുമാകും. വി ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും.

മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തില്‍ ഏറെ പഴി കോണ്‍ഗ്രസ് കേട്ടിരുന്നു. കോണ്‍ഗ്രസ് റാലിയില്‍ തരൂരിനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കം നടന്നിരുന്നു. കോണ്‍ഗ്രസ് നിലപാടാണ് ലീഗ് വേദിയില്‍ പറഞ്ഞത് എന്ന നിലപാടിലായിരുന്നു തരൂര്‍. ഇന്ന് സംസാരിക്കുന്ന തരൂരിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

മലപ്പുറത്ത് പാര്‍ട്ടി വിലക്കു ലംഘിച്ചു റാലി നടത്തി അച്ചടക്ക നടപടി കാത്തു കഴിയുന്ന ആര്യാടന്‍ ഷൗക്കത്തിനു റാലിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥിരംവേദിയില്‍നിന്ന് 200 മീറ്റര്‍മാറിയാണ് പുതിയ വേദി സജ്ജീകരിച്ചിരിച്ചത്. റാലിയില്‍ അര ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഫലസ്തീന്‍ റാലികള്‍ നടത്തിയ സി പി എം മേല്‍ക്കൈ നേടുന്നതു തടയലും ലീഗ് റാലിയില്‍ തരൂരിന്റെ പ്രസംഗത്തോടെയുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കലുമാണ് ഇന്നത്തെറാലിയുടെ ലക്ഷ്യം.

Latest