കവിത
ഒറ്റക്കൊരു യാത്രക്കൊരുങ്ങുമ്പോൾ...
വേവേറും വെയിൽ യാത്രയിൽ വിയർപ്പാറ്റുവാൻ, നേർത്ത മന്ദഹാസമായി നിറഞ്ഞെത്തിയ പ്രാർഥനകൾ, ആശംസകൾ കണികാണും പാകത്തിൽ മുന്നിൽ നിർത്തണം
ഒറ്റക്കൊരു യാത്രക്കൊരുങ്ങുമ്പോൾ
ചെറുതെങ്കിലും ഒരു ഭാണ്ഡം
കൈയിൽ കരുതേണ്ടതുണ്ട്.
നീലിച്ച ഞരമ്പുകളിൽ
വിഷം പടർത്തി,
ആഞ്ഞു ചവച്ചു തുപ്പിയ പരിഹാസ വാക്കുകൾ
അക്ഷരം പിഴക്കാതെ തന്നെ കരുതിവെക്കണം.
ശൂന്യത പടർന്ന കൺകളിൽ
നിസ്സഹായതയുടെ കരുവാളിപ്പ്
പടർത്താനായി മാത്രം
മനസ്സറിഞ്ഞു പ്രയോഗിച്ച
സഹതാപമാർന്ന കറുത്ത നോട്ടങ്ങൾ.
നീരൊലിക്കുന്ന
വ്രണ പഴുപ്പുകളിൽ
കുത്തിരസിച്ചാർത്തട്ടഹസിക്കുന്ന
ചില നേരമ്പോക്കുകളുടെ
കാലവും കഥയും ഉള്ളിലെവിടെയെങ്കിലും കുറിച്ചിട്ടേക്കണം.
ഗണിക സൂത്രങ്ങൾ,
ഉരുക്കഴിച്ചൂതിയ-
നൂറ്റൊന്ന് മണികൾ
കോർത്തൊരു ജപമാല
നീരൊഴുക്കിലെറിയാനായി
കൈയിൽ തന്നെ കരുതേണം
വേവേറും വെയിൽ യാത്രയിൽ
വിയർപ്പാറ്റുവാൻ,
നേർത്ത മന്ദഹാസമായി നിറഞ്ഞെത്തിയ
പ്രാർഥനകൾ, ആശംസകൾ
കണികാണും പാകത്തിൽ മുന്നിൽ നിർത്തണം
കറുത്ത നിലാവിനെ നെഞ്ചേറ്റിയ
കരിമേഘ തുണ്ടൊന്നെങ്കിലും.
മുഖമെത്ര നോക്കിയിട്ടും നിറഞ്ഞു കാണിച്ചിട്ടില്ലാത്തൊരു,
ടഞ്ഞ കണ്ണാടിച്ചീള്.
പെയ്തൊഴിയാത്ത മഴമേഘങ്ങളെ മറ്റൊരു
ദിക്കിലേക്ക് കടത്തിപ്പറന്ന തണുത്ത കാറ്റൊരു നുള്ള്.
ഒറ്റയ്ക്കോരോ മരങ്ങൾ നിറഞ്ഞതാണെന്നു,
ഓരോ കാട്ടുവഴികൾ മറികടക്കുമ്പോഴും
മനസ്സിൽ കരുതണം,
കാട് ഒരു സങ്കൽപ്പം മാത്രമത്രേ
ക്ലാവ് പിടിക്കാതെ കരുതിവെച്ചതത്രയും
എറിഞ്ഞുടയ്ക്കാൻ ഒരുമ്പെട്ടിറങ്ങിയ
അഭിഷപ്തമാം നിമിഷങ്ങളെ,
കിനാക്കളെയും,
കൂരിരുൾ പടരുമീ യാത്രയിൽ
നിത്യവും തുടച്ചെടുക്കാൻ
ഒരു മൺചിരാതെങ്കിലും
കൈയിൽ കരുതണം.
Content Highlights:
Ottakkoru Yathrakkorungumbol is a deeply moving Malayalam poem reflecting on embarking on a solitary path. It explores themes of enduring hardships, overcoming mocking words, and holding onto hope. The verses emphasize carrying inner strength and light through life darkest journeys.



