National
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കണം; നോട്ടീസ് നല്‍കി പ്രതിപക്ഷ എം പിമാര്‍
കോണ്‍ഗ്രസ്സ് നേതാവ് ജയ്‌റാം രമേശിന്റെ നേതൃത്വത്തില്‍ 73 എം പിമാര്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ നോട്ടീസ്. കോണ്‍ഗ്രസ്സ് നേതാവ് ജയ്‌റാം രമേശിന്റെ നേതൃത്വത്തില്‍ 73 എം പിമാര്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നല്‍കിയിരിക്കുന്നത്. ഒമ്പത് ആരോപണങ്ങളാണ്, ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സമാനമായ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 15ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് സമാനമായ നോട്ടീസ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ നേതൃത്വത്തില്‍ നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പദവിയില്‍ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ എം പിമാരുടെ ഒപ്പ് ശേഖരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
ഇതേ ആവശ്യത്തില്‍ കഴിഞ്ഞ മാസം 12ന് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും തള്ളിയിരുന്നു. 63 രാജ്യസഭാ എം പിമാരും 130 ലോക്‌സഭാ എം പിമാരും ഉള്‍പ്പെടെ 193 പേരാണ് അന്നത്തെ നോട്ടീസില്‍ ഒപ്പിട്ടിരുന്നത്.




