Connect with us

Kerala

ഇപ്പോള്‍ നടക്കുന്നത് നാടകം, ഗവര്‍ണറും മുഖ്യമന്ത്രിയും ചങ്ങാതിമാര്‍; വിഡി സതീശന്‍

ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്.

Published

|

Last Updated

കോഴിക്കോട്| ഗവര്‍ണറും മുഖ്യമന്ത്രിയും ചങ്ങാതിമാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ എസ്എഫ്‌ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വെറും നാടകമാണെന്ന്  വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തില്‍ അദ്ദേഹം സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങള്‍ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. നവകേരള സദസ് അവസാനിക്കാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെഎസ്യുവിന്റേത് ആത്മഹത്യാ സ്‌ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചത്. എസ്എഫ്‌ഐക്കാര്‍ക്ക് പോലീസ് ഒരു ഫീഡിങ് ബോട്ടില്‍ കൂടി കൊടുത്താല്‍ നല്ലതാണ്. എസ്എഫ്‌ഐയും ഗവര്‍ണറും തമ്മിലുള്ള പോര് പ്രഹസനമാണെന്നും അത് ആളുകള്‍ കാണുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

ഗണ്‍മാന്റെ അതിക്രമം നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്? മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ വന്ന വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവര്‍ണര്‍ക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടികളെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് പ്രതിപക്ഷമാണെന്നും വിഡി സതീഷന്‍ പറഞ്ഞു.

കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നാടകം നടത്തുകയാണ്. എസ്എഫ്‌ഐ വേറെ നാടകം നടത്തുന്നു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ ഒരു കോണ്‍ഗ്രസുകാരുമില്ല. യുഡിഎഫിലെ ആരും ഗവര്‍ണര്‍ക്ക് പേര് കൊടുത്തിട്ടില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.