Connect with us

Editors Pick

ഇനി വാട്സ്ആപ്പിലും പരസ്യം കാണിക്കും; പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താൻ മെറ്റ

പരസ്യരഹിതമായി നിലനിർത്തുമെന്ന് പ്രതിജ്ഞയെടുത്താണ് ജാൻ കൗമും ബ്രയാൻ ആക്ടണും 2009-ൽ വാട്സ് ആപ്പിന് തുടക്കമിട്ടത്.

Published

|

Last Updated

വാഷിംഗ്ടൺ | സൗജന്യ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഏറ്റവും വലിയ അലോസരം അതിൽ കുത്തിനിറച്ച പരസ്യങ്ങളാണ്. മിക്ക സൗജന്യ ആപ്പുകളുടെയും കാര്യം ഇതുതന്നെ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഏറ്റവും ജനപ്രീതി നേടിയ മെസ്സേജിംഗ് ആപ്പായ വാടസ് ആപ്പ്. സൗജന്യമാണെങ്കിലും വാടസ്ആപ്പിൽ ഇതുവരെ പരസ്യങ്ങൾ കാണിച്ചിരുന്നില്ല. എന്നാൽ ഇനി ഇത് പഴങ്കഥ. വാട്സ് ആപ്പിന്റെ ചില ഭാഗങ്ങളിൽ ഇനി പരസ്യങ്ങൾ കാണിച്ചുതുടങ്ങുമെന്ന് മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. മെസ്സേജിംഗ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ പ്രയോജനപ്പെടുത്തി പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനാണ് മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ പുതിയ നീക്കം.

ദിവസേന 1.5 ബില്യൺ ആളുകൾ ഉപയോഗിക്കുന്ന ആപ്പിന്റെ ‘അപ്‌ഡേറ്റ്സ്’ ടാബിൽ മാത്രമായിരിക്കും പരസ്യങ്ങൾ ദൃശ്യമാകുക. വ്യക്തിഗത ചാറ്റുകൾ ഉള്ള ഭാഗങ്ങളിൽ പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഡെവലപ്പർമാർ വ്യക്തമാക്കി.

“വാട്സ്ആപ്പിലെ വ്യക്തിഗത സന്ദേശമയയ്‌ക്കൽ അനുഭവത്തിൽ മാറ്റങ്ങളൊന്നും വരുന്നില്ല. വ്യക്തിഗത സന്ദേശങ്ങളും കോളുകളും സ്റ്റാറ്റസുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാൽ അവ പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിക്കില്ല” – വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

പരസ്യരഹിതമായി നിലനിർത്തുമെന്ന് പ്രതിജ്ഞയെടുത്താണ് ജാൻ കൗമും ബ്രയാൻ ആക്ടണും 2009-ൽ വാട്സ് ആപ്പിന് തുടക്കമിട്ടത്. 2014-ൽ ഫേസ്ബുക്ക് വാട്സ്ആപ്പ് ഏറ്റെടുക്കുകയും ഏതാനും വർഷങ്ങൾക്കുശേഷം ഇരുവരും കമ്പനി വിടുകയും ചെയ്തു. മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് വാട്സ്ആപ്പിൽ നിന്ന് വരുമാനം നേടാൻ ദീർഘകാലമായി ശ്രമിച്ചുവരികയായിരുന്നു.

ഉപയോക്താക്കളുടെ പ്രായം, രാജ്യം അല്ലെങ്കിൽ നഗരം, ഉപയോഗിക്കുന്ന ഭാഷ, ആപ്പിൽ അവർ പിന്തുടരുന്ന ചാനലുകൾ, കാണുന്ന പരസ്യങ്ങളുമായി അവർ എങ്ങനെ സംവദിക്കുന്നു എന്നിവ പോലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ടാർഗെറ്റു ചെയ്യുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.

Latest