Kerala
കേരളത്തിലെ എക്‌സാലോജിക് സൊലൂഷന്‍സുമായി ബന്ധമില്ല: ദുബൈ കണ്‍സള്‍ട്ടന്‍സി
കേരളത്തിലെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്‌സാലോജിക് കണ്‍സള്‍ട്ടന്‍സി സ്ഥാപകരായ സസൂന്‍ സാദിഖും നവീന്‍കുമാറും.

ദുബൈ | കേരളത്തിലെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്‌സാലോജിക് കണ്‍സള്‍ട്ടന്‍സി സ്ഥാപകരായ സസൂന്‍ സാദിഖും നവീന്‍കുമാറും അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ വീണയോ സുനീഷോ ഇല്ല.
‘തങ്ങള്‍ക്ക് ഒരു മലയാളി കമ്പനിയുമായും ഇടപാടില്ല. 15 വര്‍ഷമായി ഷാര്‍ജയില്‍ തുടങ്ങിയ സ്ഥാപനമാണ്. ബെംഗളൂരുവില്‍ ഓഫീസുണ്ട്. എക്‌സാലോജിക് സൊലൂഷന്‍സ് എന്നൊരു സ്ഥാപനം യു എ ഇയില്‍ ഇല്ലെന്നാണ് മനസ്സിലാകുന്നത്.’- അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്ക് യു എ ഇയില്‍ എക്‌സാലോജിക്കുമായി ബന്ധമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഷോണ്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു.
മാസപ്പടി വിഷയത്തില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹരജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇന്ന് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായതിനാല്‍ ആവശ്യത്തിനു പ്രസക്തിയില്ലെന്നാണ് കോടതി നിരീക്ഷണം.