Kerala
ആശുപത്രി കെട്ടിട ഭാഗം തകര്‍ന്നുവീണ് പരുക്കേറ്റ അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു
ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.
കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡില്‍ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സണ്‍ഷേഡ് സ്ലാബാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്നുവീണത്.
പാരപ്പറ്റിന് മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ ഓടിമാറി. എന്നാല്‍, ഭരതിന്റെ ദേഹത്ത് സ്ലാബ് പതിക്കുകയും നട്ടെല്ലിനും തലക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഈ അപകടവും ഉണ്ടായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.



