Connect with us

Poem

എന്നോർമകൾ

തൊടാം - മറന്നു പോയൊരു കൈത്തലത്തിന്റെ നേർത്ത ചൂട്.

Published

|

Last Updated

ചില വീടുകൾ
വീടുകളല്ല-
കാലം ഒളിപ്പിച്ചുവെച്ച
ചില ഗന്ധങ്ങളാണ്…

മഴ നനഞ്ഞ മണ്ണിന്റെ…
ചാണകം മെഴുകിയ മുറ്റത്തിന്റെ..
അടുക്കളയിൽ തിളച്ചിരുന്ന
കഞ്ഞിയുടെ..
അതിനെല്ലാം മീതെ
അമ്മൂമ്മയുടെ സ്നേഹത്തിന്റെ, ശാസനകളുടെ,
കരുതലിന്റെ
ഉറവ വറ്റാത്ത മണം.

ഒരിക്കൽ,
ആ മുറ്റത്ത്
കാറ്റിനേക്കാൾ വേഗത്തിൽ
കുട്ടിക്കാലം ഓടിയിരുന്നു.

ഉമ്മറപ്പടിയിൽ
വൈകുന്നേരങ്ങളെ എണ്ണിയിരുന്ന
ചില കാത്തിരിപ്പുകൾ,

അടുക്കളവാതിലിലൂടെ
ഒളിച്ചോടിയെത്തിയ
ചിരികൾ,

രാത്രി വെളുക്കുവോളം
പറഞ്ഞാലും തീരാത്ത
കഥകൾ…

പിന്നെ
കാലം പതിയെ
വാതിലുകൾ അടച്ചു.

കുഞ്ഞിക്കാലുകൾ
വലിയ വഴികളിലേക്കിറങ്ങി,
ചിരികൾ
സ്വന്തമായി വേറെ വീടുകളിലേക്ക് കുടിയേറി.

ഉമ്മറപ്പടിയിൽ
ഒരു കസേര മാത്രം
ആരെയോ കാത്തിരുന്നു…

ഇന്നും ചിലപ്പോൾ
ആ തറവാടിന്റെ പടിവാതിൽ കടക്കുമ്പോൾ
കേൾക്കാം –
ചുവരുകൾക്കുള്ളിൽ
ഒളിപ്പിച്ചുവെച്ച
ഒരു പഴയ ചിരിയുടെ നേർത്ത ശബ്ദം.

തൊടാം –
മറന്നു പോയൊരു കൈത്തലത്തിന്റെ നേർത്ത
ചൂട്.

മണക്കാം –
ഇനിയൊരിക്കലും
തിരികെ വരാത്ത
ഒരു കാലത്തിന്റെ മണം.

അതുകൊണ്ടാവാം
എത്ര ദൂരെയായാലും
നമ്മുടെ മനസ്സ്
വഴിതെറ്റാതെ
തിരികെ ചെന്നെത്തുന്നത്,
ആ പഴയ മുറ്റത്തേക്ക്..!

തറവാട് –
നമ്മൾ വിട്ടുപോന്ന വീടല്ല,
നമ്മളിൽ നിന്ന്
ഒരിക്കലും വിട്ടു പോകാത്ത
ഒരു കുട്ടിക്കാലമാവുകയാണ്

Content Highlights: This poetic piece captures the deep nostalgia and unforgettable scents associated with ancestral homes and childhood. It reflects on how time passes, children grow up, and houses become quiet resting places for old memories. Ultimately, the ancestral home remains a timeless part of our identity that our minds always long to return to.

 

Latest