Connect with us

Editorial

കള്ളവോട്ടിന് ആരും കൂട്ടുനില്‍ക്കരുത്

ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് കള്ളവോട്ട്. തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നു സമ്മതിദാനത്തിലെ കൃത്രിമത്വം. രാഷ്ട്രീയക്കാരുടെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഏറെ അപകടം.

Published

|

Last Updated

ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ ഒരുക്കിയ അവസരം കള്ളവോട്ടിനുള്ള അവസരമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് പലയിടങ്ങളിലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കള്ളവോട്ട് ആരോപണം ഉയരുകയും അത് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. വോട്ടിംഗ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെയും സഹകരണത്തോടെയുമായിരുന്നു എല്ലായിടങ്ങളിലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനം.

കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരിയിലും കോഴിക്കോട് പെരുവയലിലും പത്തനംതിട്ടയിലും കള്ളവോട്ട് സ്ഥിരീകരിച്ചു. കല്യാശ്ശേരിയില്‍ 92 വയസ്സുകാരിയായ ദേവിയുടെ വോട്ട് രേഖപ്പെടുത്തിയത് പ്രദേശത്തെ സി പി എം പ്രവര്‍ത്തകനാണ്. വോട്ട് ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് അടുത്ത ബന്ധുക്കളുടെ സഹായം തേടാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇവിടെ വോട്ട് രേഖപ്പെടുത്തിയ ആള്‍ക്ക് വോട്ടറുമായി യാതൊരു ബന്ധവുമില്ല. ഉദ്യോഗസ്ഥര്‍ അത് തടഞ്ഞതുമില്ല. വീട്ടിലെ സി സി ടി വി ക്യാമറ എല്ലാം പകര്‍ത്തിയെടുത്തതാണ് കള്ളവോട്ടുകാര്‍ക്ക് വിനയായത്. സംഭവത്തില്‍ സി പി എം പ്രവര്‍ത്തകനും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് പെരുവയലില്‍ ഒരു വീട്ടിലെ വോട്ട് ആളുമാറിയാണ് ചെയ്തത്. 84ാം നമ്പര്‍ ബൂത്തിലെ ജാനകിയെന്ന 91 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വോട്ട്, പട്ടികയില്‍ പേരില്ലാത്ത ജാനകിയെന്നു പേരുള്ള മറ്റൊരു സ്ത്രീയെക്കൊണ്ടാണ് ചെയ്യിപ്പിച്ചത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥന്മാര്‍ സസ്പെന്‍ഷനിലാണ്.

പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ചെയ്തെന്നാണ് പരാതി. വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ 874 ആയി ചേര്‍ക്കപ്പെട്ട അന്നമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതാണ്. എന്നാല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല ഇതുവരെയും. മകന്റെ ഭാര്യയാണ് ഇത്തവണ പരേതയുടെ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെയും ബൂത്ത് ഓഫീസറെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പോസ്റ്റല്‍ വോട്ട് കുറ്റമറ്റ രീതിയില്‍ നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ഒരുവിധ പരാതിക്കും ഇടവരാത്ത വിധമായിരിക്കണം ഇതിനാവശ്യമായ നടപടിക്രമങ്ങളെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നേരത്തേ എല്ലാ പോളിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതാണ്. പോസ്റ്റല്‍ വോട്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും വോട്ട് ചെയ്യിക്കാന്‍ വീട്ടില്‍ എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ് പല ഉദ്യോഗസ്ഥരും. കല്യാശ്ശേരി ദേവിയുടെ വോട്ട് നേരത്തേ തീരുമാനിച്ചത് ഏപ്രില്‍ 19നായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയത് 18ാം തീയതിയും. കള്ളവോട്ട് തരപ്പെടുത്താന്‍ ബോധപൂര്‍വമാണ് ഈ തീയതി മാറ്റമെന്നാണ് ആരോപിക്കപ്പെടുന്നത്.

മറ്റൊരാളുടെ പേരിലുള്ള വോട്ട് ആളുമാറി രേഖപ്പെടുത്തല്‍, ഒരാളുടെ വോട്ട് രണ്ട് തവണ രേഖപ്പെടുത്തല്‍ തുടങ്ങി എല്ലാ വിധ കള്ളവോട്ടും ജനപ്രാതിനിധ്യ നിയമ പ്രകാരവും ഐ പി സി 171 എഫ് അനുസരിച്ചും ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആള്‍മാറാട്ടം നടത്തിയതിന് വേറെയും കേസെടുക്കാം. എങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് വന്‍തോതില്‍ നടക്കുന്നുണ്ട് രാജ്യത്തുടനീളം. മരണപ്പെട്ടവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വോട്ട്, ഒന്നിലധികം തവണ വോട്ട് ചെയ്യല്‍ തുടങ്ങിയ പരാതികള്‍ ഓരോ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരാറുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചോ അവരെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ആണ് ഈ കള്ളപ്പണി. പലയിടങ്ങളിലും വോട്ടര്‍ പട്ടികകളില്‍ ഇരട്ട വോട്ടുകള്‍ സ്ഥലം പിടിച്ചതായി പരാതിയുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട് പരാതിയുമായി കോടതി കയറിയിരിക്കുകയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍. ആകെയുള്ള 13,93,134 വോട്ടര്‍മാരില്‍ 1,61,237 പേര്‍ ഇരട്ട വോട്ടുകാരാണെന്നാണ് ആരോപിക്കപ്പെടുന്നത്.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് കള്ളവോട്ട്. തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നു സമ്മതിദാനത്തിലെ കൃത്രിമത്വം. രാഷ്ട്രീയക്കാരുടെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഏറെ അപകടം. കല്യാശ്ശേരിയിലും കോഴിക്കോട് പെരുവയലിലും പത്തനംതിട്ടയിലും കള്ളവോട്ടുകള്‍ അരങ്ങേറിയത് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടായെന്നിരിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഈ അനുഭാവം ഒരു തരത്തിലും കടന്നുവരാനോ പ്രകടമാകാനോ പാടില്ല. അത് വോട്ടര്‍മാരോടും രാജ്യത്തോടും കാണിക്കുന്ന വഞ്ചനയാണ്. ഇത്തരക്കാര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട്.

ആള്‍മാറാട്ടം തടയുന്നതിനും വോട്ടിംഗിലെ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമായി കേരളത്തില്‍ ‘എ എസ് ഡി മോണിട്ടര്‍ സി ഇ ഒ കേരള’ എന്നൊരു ആപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള കൃത്രിമങ്ങള്‍ തടയാന്‍ ഇതുവഴി സാധിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അവകാശപ്പെടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചില മണ്ഡലങ്ങളില്‍ ഉപയോഗിക്കുകയും അത് ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സംസ്ഥാന വ്യാപകമായി ഇവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് ഈ ആപ്പിന്റെ സഹായത്തോടെ കണ്ടെത്തനാകും. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. കള്ളവോട്ടിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുമ്പെട്ടാല്‍ ഈ സംവിധാനവും നിഷ്ഫലമാകും.

 

Latest