National
ഇനി എയര്‍ സുവിധ ഇല്ല; യാത്രാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ
കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഇനി എയര്‍ സുവിധ പ്രഖ്യാപനം ആവശ്യമില്ല.
ന്യൂഡല്‍ഹി| കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍, ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാ മാനദണ്ഡങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തി. ഫെബ്രുവരി 13 മുതല്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ പുറപ്പെടുന്നതിന് മുമ്പുള്ള കൊവിഡ് പരിശോധനാ ഫലങ്ങളും സ്വയം പ്രഖ്യാപന ഫോമും അപ്ലോഡ് ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കും.
കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഇനി എയര്‍ സുവിധ പ്രഖ്യാപനം ആവശ്യമില്ലെന്ന് ആരോഗ്യ സെക്രട്ടറി സിവില്‍ ഏവിയേഷന്‍ സെക്രട്ടറിക്ക് കത്തയച്ചു.
ഡിസംബറില്‍, ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു എയര്‍ സുവിധ രജിസട്രേഷന്‍ നിര്‍ബന്ധമാക്കിയത്.
നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ കൊവിഡ് കേസുകള്‍ കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


