Uttar Pradesh polls
സഖ്യങ്ങള്‍ക്കില്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി
തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്‌വാദി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും പ്രിയങ്ക നടത്തി

ബുലന്ദ്ശഹര്‍ | യു പിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പില്‍ 403 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും വലിയ വിജയം നേടുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. നേരത്തേ സഖ്യങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴൊക്കെ പറയാറായിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. സഖ്യ സാധ്യതകളെ ഇല്ലാതാക്കാന്‍ ഇടയുള്ള പ്രസ്താവനകള്‍ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ പരസ്യമായി നടത്താതിരിക്കാനും നേരത്തേ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്‌വാദി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും പ്രിയങ്ക നടത്തി. 2017 ല്‍ ഉന്നാവോയിലും 2020 ല്‍ ഹാത്രസിലും രാജ്യത്തെ പിടിച്ച് കുലുക്കിയ കൂട്ട ബലാത്സംഗങ്ങള്‍ ഉണ്ടായപ്പോള്‍ ഇരുപാര്‍ട്ടികളും എവിടെയും ഇല്ലായിരുന്നെന്നം അന്നും ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയത് കോണ്‍ഗ്രസ് ആണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഡു ഓര്‍ ഡൈ സിറ്റുവേഷനാണ്. ബൂത്ത് തലത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്തിയാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയൂ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാവാനും പ്രിയങ്കാ ഗാന്ധി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ഭരിക്കുന്ന പാര്‍ട്ടിക്ക് രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തോട് ഒട്ടും ബഹുമാനമില്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയില്‍ ഒരു തുള്ളി വിയര്‍പ്പ് പോലും ബി ജെ പിക്കാര്‍ നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടക്കാട്ടി. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി ആര്‍ അബേദ്കര്‍ എന്നിവരാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം സഫലമാക്കിയതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.