Connect with us

Educational News

നിംഹാൻസിലാകട്ടെ കരിയർ

ലോകോത്തര ക്ലിനിക്കൽ പരിചരണവും മികച്ച പഠനസൗകര്യങ്ങളും ഒത്തുചേരുന്ന ഈ ക്യാമ്പസിൽ ബിരുദപഠനം പൂർത്തിയാക്കുക എന്നത് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാകും.

Published

|

Last Updated

മാനസികാരോഗ്യ ചികിത്സ, ന്യൂറോ സയൻസ് (തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും പഠനം), അത്യാധുനിക ക്ലിനിക്കൽ ഗവേഷണം എന്നിവയിൽ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ച ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്- NIMHANS). പാർലിമെന്റ് നിയമപ്രകാരം “ദേശീയ പ്രാധാന്യമുള്ള സ്ഥാപനം’ (Institute of National Importance)ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിംഹാൻസ്, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ലോകോത്തര ക്ലിനിക്കൽ പരിചരണവും മികച്ച പഠനസൗകര്യങ്ങളും ഒത്തുചേരുന്ന ഈ ക്യാമ്പസിൽ ബിരുദപഠനം പൂർത്തിയാക്കുക എന്നത് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാകും. നിംഹാൻസ് ഇപ്പോൾ 2026-27 അക്കാദമിക് വർഷത്തെ വിവിധ അണ്ടർഗ്രാജ്വേറ്റ് (യു ജി) ബി എസ്‌സി പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമുള്ള ഔദ്യോഗിക പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

പ്രധാന ബിരുദ പ്രോഗ്രാമുകളും സീറ്റുകളും

  • നിലവിൽ നിംഹാൻസിൽ ലഭ്യമായ പ്രധാന ബിരുദ പ്രോഗ്രാമുകളും അവയുടെ സീറ്റ് ഘടനയും പരിശോധിച്ചാൽ ഏറ്റവും കൂടുതൽ അപേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ് ബി എസ്‌സി ഇൻ നഴ്‌സിംഗ് കോഴ്‌സ്. ഇതിനായി ആകെ 85 സീറ്റുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് നീക്കിവെച്ചിരിക്കുന്നത്.
  • നഴ്‌സിംഗ് കോഴ്‌സിന് പുറമെ മൂന്ന് പ്രധാന പാരാമെഡിക്കൽ സാങ്കേതിക ബിരുദ കോഴ്‌സുകൾ കൂടി നിംഹാൻസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
  • രോഗികളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമ്പോൾ അനസ്‌തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്ന ബി എസ്‌സി ഇൻ അനസ്‌തേഷ്യ ടെക്‌നോളജി കോഴ്‌സിന് ആകെ 11 സീറ്റുകളാണുള്ളത്.
  • റേഡിയോളജി, എക്‌സ്-റേ, സ്‌കാനിംഗ് തുടങ്ങിയ ആധുനിക ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് മേഖലകളിൽ താത്പര്യമുള്ളവർക്കായി നടത്തുന്ന ബി എസ്‌സി ഇൻ മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി കോഴ്‌സിനും 11 സീറ്റുകൾ ലഭ്യമാണ്.
  • തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യൂഹങ്ങളുടെയും വിവിധ പരിശോധനകളായ ഇ ഇ ജി (EEG), ഇ എം ജി (EMG) തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ബി എസ്‌സി ഇൻ ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്‌നോളജി പ്രോഗ്രാമിന് ആകെ ഏഴ് സീറ്റുകളാണുള്ളത്.
  • ഇവ കൂടാതെ പരമ്പരാഗത ആയുർവേദ ചികിത്സാ രീതിയും പ്രായോഗിക പരിശീലനവും നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പഞ്ചകർമ (Certificate Course in Panchakarma) പ്രോഗ്രാമും നിംഹാൻസിലുണ്ട്. ഇതിനായി ആകെ അഞ്ച് സീറ്റുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് അനുവദിച്ചിരിക്കുന്നത്.

കോഴ്‌സ് ദൈർഘ്യവും ഇന്റേൺഷിപ്പും

  • ഓരോ കോഴ്‌സിന്റെയും കാലാവധിയും അതിനോടനുബന്ധിച്ചുള്ള ഇന്റേൺഷിപ്പ് വ്യവസ്ഥകളും വിദ്യാർഥികൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
  • ബി എസ്‌സി നഴ്‌സിംഗ് കോഴ്‌സ് നാല് വർഷത്തെ കൃത്യമായ അക്കാദമിക് പഠനവും അതിനുശേഷം താത്പര്യമുള്ളവർക്ക് ചെയ്യാവുന്ന ഒരു വർഷത്തെ ജൂനിയർ നഴ്‌സിംഗ് പ്രൊഫഷനൽ അപ്രന്റീസ്ഷിപ്പും അടങ്ങുന്നതാണ്. ഈ അപ്രന്റീസ്ഷിപ്പ് പൂർണമായും നിർബന്ധിതമല്ലെങ്കിലും ഇത് ചെയ്യുന്ന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസം 25,000 രൂപ വീതം ആകർഷകമായ സ്‌റ്റൈപെൻഡ് ലഭിക്കും.
  • ബി എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി എസ്‌സി അനസ്‌തേഷ്യ ടെക്‌നോളജി, ബി എസ്‌സി ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്‌നോളജി എന്നീ മൂന്ന് സാങ്കേതിക കോഴ്‌സുകളുടെ കാലാവധി മൂന്ന് വർഷമാണ്. ഇതിനോടൊപ്പം ഒരു വർഷത്തെ ഇന്റേൺഷിപ്പ് സൗകര്യവും വിദ്യാർഥികൾക്ക് ലഭ്യമാണ്.
  • ഈ ഇന്റേൺഷിപ്പ് കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസം 13,150 രൂപ വീതം സ്‌റ്റൈപെൻഡ് ലഭിക്കുന്നതാണ്. അതേസമയം, സ്‌പോൺസേർഡ് അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ കാറ്റഗറിയിൽ പ്രവേശനം നേടുന്നവർക്കോ തങ്ങളുടെ തൊഴിലുടമയിൽ നിന്ന് ശമ്പളം വാങ്ങുന്നവർക്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള യാതൊരുവിധ സാമ്പത്തിക ആനുകൂല്യങ്ങൾക്കോ സ്‌റ്റൈപെൻഡിനോ അർഹതയുണ്ടായിരിക്കില്ല.
  • ഞ്ചകർമ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്. എന്നാൽ, ഇതിന് പ്രതിമാസ സ്‌റ്റൈപെൻഡ് ലഭ്യമായിരിക്കില്ല.

വിദ്യാഭ്യാസ യോഗ്യതകൾ

  • അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടു/പ്രീ-യൂനിവേഴ്‌സിറ്റി (10+2) അല്ലെങ്കിൽ തത്തുല്യമായ 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയവരായിരിക്കണം.
  • ബി എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കുന്നവർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് നേടിയിരിക്കണം.
  • ബി എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായവർക്കോ അല്ലെങ്കിൽ ഡയഗ്‌നോസ്റ്റിക് റേഡിയോഗ്രഫി (Diagnostic Radiography) വൊക്കേഷനൽ വിഷയമായി പഠിച്ച് അംഗീകൃത ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാം.
  • അനസ്‌തേഷ്യ ടെക്‌നോളജി, ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്‌നോളജി എന്നീ കോഴ്‌സുകൾക്ക് സയൻസ് വിഷയങ്ങൾ പ്രധാനമായി പഠിച്ച് പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്ക് വാങ്ങിയവർക്ക് അപേക്ഷിക്കാവുന്നതാണ്.
  • നിലവിൽ ഫൈനൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാമെങ്കിലും അഡ്മിഷൻ നടപടികളുടെ സമയത്ത് യോഗ്യതാ പരീക്ഷ വിജയകരമായി പാസ്സായതിന്റെ അസ്സൽ രേഖകൾ ഹാജരാക്കേണ്ടതാണ്.

പ്രായപരിധി

  • പ്രായപരിധിയുടെ കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ നിംഹാൻസ് നിഷ്‌കർഷിക്കുന്നുണ്ട്.
  • ഈ സെപ്തംബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ എല്ലാ ബി എസ്‌സി കോഴ്‌സുകൾക്കും അപേക്ഷകരുടെ പ്രായം കുറഞ്ഞത് 17 വയസ്സ് തികഞ്ഞിരിക്കേണ്ടതും എന്നാൽ 25 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
  • സീറ്റ് സംവരണമുള്ള കോഴ്‌സുകളിൽ നിയമപരമായ പ്രായപരിധി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒ ബി സി ഉദ്യോഗാർഥികൾക്ക് പരമാവധി മൂന്ന് വർഷത്തെ (ഉയർന്ന പ്രായപരിധി 28 വയസ്സ്) പ്രായപരിധി ഇളവ് ലഭിക്കും.
  • ആയുർവേദ വിഭാഗത്തിൽപ്പെടുന്ന പഞ്ചകർമ സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

അപേക്ഷാ ഫീസും സമർപ്പണ രീതിയും

  • അപേക്ഷകൾ നിംഹാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
  • ഓൺലൈൻ അപേക്ഷാ ഫീസായി ജനറൽ, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളും വിദേശികളായ അപേക്ഷകരും ഓരോ കോഴ്‌സിനും 1,000 രൂപ വീതം അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, ഇന്ത്യൻ പൗരന്മാരായ എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഒരു കോഴ്‌സിന് 750 രൂപയാണ് അപേക്ഷാ ഫീസ്.
  • 40 മുതൽ 70 ശതമാനം വരെ വൈകല്യമുള്ള ഭിന്നശേഷി (പി ഡബ്ല്യു ബി ഡി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ അപേക്ഷാ ഫീസിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
  • ഒരു ഉദ്യോഗാർഥിക്ക് പരമാവധി മൂന്ന് കോഴ്‌സുകളിലേക്ക് വരെ പ്രത്യേകം ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു പി ഐ അല്ലെങ്കിൽ നെറ്റ് ബേങ്കിംഗ് വഴി ഓൺലൈൻ അപേക്ഷാ ഫോമിലൂടെ മാത്രമേ ഫീസ് ഒടുക്കാൻ സാധിക്കുകയുള്ളൂ.
  • അടച്ച അപേക്ഷാ ഫീസ് ഒരു കാരണവശാലും തിരികെ നൽകുകയോ മറ്റ് കോഴ്‌സുകളിലേക്ക് മാറ്റുകയോ ഇല്ല.
    അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി), മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവക്ക് പുറമെ ജാതി തെളിയിക്കുന്ന കൃത്യമായ സർട്ടിഫിക്കറ്റുകളും (ആവശ്യമെങ്കിൽ ഇംഗ്ലീഷ് തർജമ സഹിതം), കർണാടക ഡൊമിസൈൽ സർട്ടിഫിക്കറ്റും, ഇ ഡബ്ല്യു എസ്/പി ഡബ്ല്യു ബി ഡി സർട്ടിഫിക്കറ്റുകളും വെബ്‌സൈറ്റിൽ കൃത്യമായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വാർഷിക അഡ്മിഷൻ ഫീസ് ഘടന (ഒന്നാം വർഷം)

  • പ്രവേശനം ലഭിച്ചതിനു ശേഷം ഒന്നാം വർഷത്തിൽ വിദ്യാർഥികൾ അടയ്‌ക്കേണ്ട വാർഷിക അഡ്മിഷൻ ഫീസ് ഘടന താഴെ പറയുന്ന പ്രകാരമാണ്:
  • ബി എസ്‌സി നഴ്‌സിംഗ് (ജനറൽ/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗം): ആകെ 53,000 രൂപ.
  • ബി എസ്‌സി നഴ്‌സിംഗ് (എസ് സി/എസ് ടി വിഭാഗം): ആകെ 38,000 രൂപ.
  • ബി എസ്‌സി പാരാമെഡിക്കൽ സാങ്കേതിക കോഴ്‌സുകൾ (അനസ്‌തേഷ്യ, മെഡിക്കൽ ഇമേജിംഗ്, ക്ലിനിക്കൽ ന്യൂറോഫിസിയോളജി):എല്ലാ വിഭാഗങ്ങൾക്കും പൊതുവായി ആകെ 25,050 രൂപ.
  • പഞ്ചകർമ സർട്ടിഫിക്കറ്റ് കോഴ്‌സ്: ഒരു വർഷത്തെ കോഴ്‌സ് ഫീസായി ആകെ 9,450 രൂപ.
  • ഈ ഫീസ് ഘടനയിൽ രജിസ്‌ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ്, ലബോറട്ടറി ഫീസ്, ലൈബ്രറി ഫീസ്, ജിംഖാന ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പരീക്ഷാ ഫീസ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു.
  • ഫീസുകൾ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ നെറ്റ് ബേങ്കിംഗ് വഴിയോ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നിശ്ചിത തീയതി കഴിഞ്ഞ് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ നിന്ന് ദിവസേന 100 രൂപ വീതം ലേറ്റ് ഫീ ഈടാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് അധികാരമുണ്ടായിരിക്കും.

പ്രധാനപ്പെട്ട തീയതികൾ

  • നിംഹാൻസിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീയതികൾ ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • ഈ അക്കാദമിക് വർഷത്തെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 15ആണ്.
  • ബെംഗളൂരുവിൽ ജൂലൈ 26ന് പ്രവേശന പരീക്ഷ നടക്കും.
  • പ്രവേശന പരീക്ഷയിലെ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്കായുള്ള അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ അക്കാദമിക് വർഷത്തെ ക്ലാസുകൾ സെപ്തംബർ ഒന്നിന് ആരംഭിക്കും.
  • അഡ്മിഷൻ സംബന്ധമായ സംശയ നിവാരണങ്ങൾക്കായി ഉദ്യോഗാർഥികൾക്ക് admissions@nimhans.netഎന്ന ഒഫീഷ്യൽ ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി www.nimhans.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

അഡ്മിഷൻ യോഗ്യതയും പ്രവേശന പരീക്ഷയും

  • നിംഹാൻസിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പൂർണമായും ഇൻസ്റ്റിറ്റ്യൂട്ട് നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും.
  • ഈ പ്രവേശന പരീക്ഷ കർണാടകയിലെ ബെംഗളൂരു നഗരത്തിൽ മാത്രമായിരിക്കും നടത്തുക.
  • പരീക്ഷക്കായി എത്തുന്ന ഉദ്യോഗാർഥികൾ സ്വന്തം ചെലവിൽ യാത്രാ-താമസ സൗകര്യങ്ങൾ കണ്ടെത്തേണ്ടതാണ്. ഇതിനായി യാത്രാപ്പടിയോ മറ്റ് ആനുകൂല്യങ്ങളോ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നതല്ല.
  • ബി എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് പ്രത്യേക പ്രവേശന പരീക്ഷയും മറ്റ് മൂന്ന് ബി എസ്‌സി ടെക്‌നോളജി കോഴ്‌സുകൾക്കായി ഒരു കോമൺ പ്രവേശന പരീക്ഷയുമാണ് ഉണ്ടാകുക.
  • ആകെ 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ഒബ്ജക്റ്റീവ് ചോദ്യങ്ങളടങ്ങിയ പരീക്ഷയുടെ സമയം 90 മിനുട്ടാണ്.
  • പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം നഷ്ടപ്പെടും. എന്നാൽ ഉത്തരം എഴുതാത്ത ചോദ്യങ്ങൾക്ക് മാർക്ക് കുറയ്ക്കുകയില്ല. പരീക്ഷയിൽ യോഗ്യത നേടുന്നതിനായി ജനറൽ/ഒ ബി സി/ഇ ഡബ്ല്യു എസ് വിഭാഗങ്ങൾ കുറഞ്ഞത് 50 ശതമാനം മാർക്ക് വാങ്ങേണ്ടതുണ്ട്.
  • ഒരേ മാർക്ക് വരുന്ന ഉദ്യോഗാർഥികളുടെ റാങ്ക് നിർണയിക്കുന്നതിനായി യോഗ്യതാ പരീക്ഷയിലെ ശ്രമങ്ങളുടെ എണ്ണം, മാർക്ക് ശതമാനം, നെഗറ്റീവ് മാർക്കുകൾ, പ്രായം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ടൈ-ബ്രേക്കിംഗ് ചട്ടങ്ങൾ നിംഹാൻസ് പിന്തുടരുന്നുണ്ട്.

Content Highlights:
The National Institute of Mental Health and Neuro Sciences (NIMHANS) in Bengaluru has issued the official admission notification for various undergraduate BSc programmes and certificate courses for the 2026-27 academic year. The institutional offerings include BSc in Nursing, Anaesthesia Technology, Medical Imaging Technology, and Clinical Neurophysiology Technology along with a Certificate Course in Panchakarma. Eligible candidates who have completed their higher secondary education in science subjects can submit their applications online through the official website. The selection will be purely based on the merit achieved in the entrance examination scheduled to be held in Bengaluru.

Latest