Connect with us

Business

ഖത്വറിലെ ഐന്‍ ഖാലിദില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു; ഫിഫ ഫാന്‍ സോണില്‍ ഒക്ടോബറില്‍ തുറക്കും

Published

|

Last Updated

അബൂദബി/ദോഹ | ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്വറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദോഹ ഐന്‍ ഖാലിദിലാണ് ഖത്വറിലെ പതിനെട്ടാമത്തെയും ആഗോള തലത്തില്‍ 231 ാമത്തേതുമായ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സ്വദേശി വ്യവസായ പ്രമുഖന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ താനി ഉദ്ഘാടനം നിര്‍വഹിച്ചു.

150,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്ലാനറ്റ് വൈ, ജ്യൂസ് സ്റ്റേഷന്‍, റീഫില്‍ സെക്ഷന്‍, എക്കോ ഫ്രണ്ട്‌ലി, സ്റ്റെം ടോയ്സ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഖത്വറില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഈ വര്‍ഷം മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഖത്വറില്‍ ആരംഭിക്കും. നവംബറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ മുന്നോടിയായി ഫിഫ ഫാന്‍ സോണില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബറില്‍ ആരംഭിക്കും. ലോകകപ്പ് കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഫാന്‍ സോണില്‍ പ്രവര്‍ത്തിക്കുന്നതോടെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മികച്ച അനുഭവം നല്‍കും. ഇതിനു വേണ്ട സഹായ സൗകര്യങ്ങള്‍ നല്‍കിയ ഖത്വര്‍ ഭരണകൂടത്തിന് നന്ദി പറയുന്നുവെന്നും യൂസഫലി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ കൊവിഡിന്റെ വെല്ലുവിളികള്‍ അതിജീവിച്ച് വ്യാപാര-വാണിജ്യ രംഗങ്ങളിലടക്കം പുത്തനുണര്‍വിന്റെ പാതയിലാണ്. ഇത് ഗള്‍ഫ് ഭരണാധികാരികളുടെ ഭരണനേതൃത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണെന്നും യൂസഫലി വ്യക്തമാക്കി.

ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എം.ഒ. ഷൈജന്‍, വിവിധ രാജ്യങ്ങളിലേ സ്ഥാനപതിമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest