National
ജൗഹര്‍ യൂണിവേഴ്സിറ്റി തകര്‍ക്കാനുള്ള നീക്കം തടയണം; ഡോ എം പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍
യൂണിവേഴ്‌സിറ്റി കാമ്പസിലെ നാല്‍പ്പത് ഘടനകളില്‍ മുപ്പത്തിയെട്ടും തകര്‍ക്കാനാണ് റാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി| റാംപൂരിലെ മൗലാനാ മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റിയുടെ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള നീക്കം അടിയന്തരമായി ഇടപെട്ട് തടയണമെന്ന് ഡോ എം പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഒരു വിജ്ഞാനകേന്ദ്രത്തിനെതിരെ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നശീകരണ ഭീഷണിയാണ് സര്‍വകലാശാലയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നതും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ അതികായന്റെ നാമധേയത്തില്‍ നിലകൊള്ളുന്നതുമായ സ്ഥാപനത്തിനെതിരായ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് 377-ാം വകുപ്പ് പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെ സമദാനി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കാമ്പസിലെ നാല്‍പ്പത് ഘടനകളില്‍ മുപ്പത്തിയെട്ടും തകര്‍ക്കാനാണ് റാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫാക്കല്‍റ്റി ബ്ലോക്കുകളും സെന്‍ട്രല്‍ ലൈബ്രറിയും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥാപന നടത്തിപ്പിലെ കേവലം ക്രമക്കേടുകളുടെ പേര് പറഞ്ഞാണ് അധികൃതര്‍ കടുത്ത നശീകരണ നടപടിക്ക് തുനിഞ്ഞിരിക്കുന്നത്. അങ്ങനെയുണ്ടെങ്കില്‍ അതിന് മറ്റ് പരിഹാരങ്ങള്‍ തേടുകയാണ് വേണ്ടത്. അല്ലാതെ വൈജ്ഞാനിക സ്ഥാപനങ്ങളെ ബുള്‍ഡോസറിംഗിന് വിധേയമാക്കുകയല്ല.
ഒരു സര്‍വകലാശാല എന്നത് യുവതയുടെ ഭാവിയെ പരിപോഷിപ്പിക്കുന്ന രാജ്യത്തിന്റെ പൊതുസ്വത്താണ്. ക്രമക്കേടുകളുടെ പേര് പറഞ്ഞ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം യുവാക്കളുടെ മസ്തിഷ്‌കങ്ങളെയും അവരുടെ അക്കാദമിക അഭ്യുന്നതിയെയും തൊഴിലിനെയുമെല്ലാം തകര്‍ക്കാനുള്ളതാണ്. അതിനാല്‍ അടിയന്തരമായി ഇടപെട്ട് ജൗഹര്‍ യൂണിവേഴ്‌സിറ്റിയുടെ ആവാസവ്യവസ്ഥ കാത്തുരക്ഷിക്കുകയും അവിടത്തെ വിദ്യാര്‍ഥികളുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കുകയും ചെയ്യണമെന്ന് സമദാനി കേന്ദ്ര സര്‍ക്കാരിനോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
Content Highlights: Registration for the first round of All India NEET UG Counselling 2026 for MBBS, BDS, and BSc Nursing admissions begins today. Eligible candidates on the NEET rank list can register on mcc.nic.in. The process covers 15% All India Quota seats, central universities, AIIMS, and deemed universities.




