iim calicut
കോഴിക്കോട് ഐ ഐ എമ്മിൽ നാവിക സേനാ പവലിയൻ
രാജ്യത്തെ ആദ്യത്തെ ബിസിനസ്സ് മ്യൂസിയം
		
      																					
              
              
            കോഴിക്കോട് | ഇന്ത്യൻ നാവിക സേനയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ ഐ എം) നാവിക സേനാ പവലിയൻ. ഐ ഐ എമ്മിൽ 2013ലാരംഭിച്ച ഇന്ത്യൻ ബിസിനസ്സ് മ്യൂസിയത്തിലാണ് നാവികസേനാ പവലിയൻ ആരംഭിച്ചത്.
രാജ്യത്തെ ആദ്യത്തെ ബിസിനസ്സ് മ്യൂസിയമാണിത്. ഗാർഡൻ റിസർച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് ലിമിറ്റഡ് നിർമിച്ച തദ്ദേശീയമായ “ആന്റി സബ്മറൈൻ വാർഫെയർ കോർവെറ്റിന്റെ’ പകർപ്പാണ് പവലിയനിലെ പ്രത്യേകത. 3250 ടൺ ടൺ ഭാരമുള്ള 90 ശതമാനം തദ്ദേശീയമായി നിർമിച്ച ഈ യുദ്ധക്കപ്പൽ വെള്ളത്തിനടിയിലൂടെയുള്ള ഒളിയാക്രമണങ്ങൾക്ക് പ്രാപ്തമാണ്. ഇത്തരത്തിലുള്ള മൂന്ന് കപ്പലുകളാണ് ഇന്ത്യക്കുള്ളത്. ഏഴിമല നാവിക അക്കാദമിയാണ് നേവി പവലിയൻ നിർമിച്ചത്.
ഇതുകൂടാതെ, വിഷ്വൽ ഡിസ്‌പ്ലേ യൂനിറ്റുകൾ, ലോകത്തിലെ ഏഴാമത്തെ വലിയ നാവികസേനയുടെ കഠിനമായ പരിശീലന മൊഡ്യൂളായ ‘ലൈഫ് ഇൻ ഇന്ത്യൻ നേവി’യുടെ വിസ്മയിപ്പിക്കുന്ന വീഡിയോകളും പവലിയനിലുണ്ട്.
23,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന മ്യൂസിയം, പുരാതന, മധ്യകാല, കൊളോണിയൽ, സ്വാതന്ത്ര്യത്തിനു മുമ്പുള്ള, സ്വാതന്ത്ര്യാനന്തരം, ബിസിനസ്സ് മേഖല, പൊതുമേഖല, ബേങ്കിംഗ് മേഖല, സാങ്കേതിക വിദ്യ ഉൾപ്പെടുന്ന ഇന്ത്യൻ ബിസിനസ്സിന്റെ അത്ഭുതകരമായ കഥ പറയുന്നു.
വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള നാവികസേനാ പവലിയൻ ഉദ്ഘാടനം ചെയ്തു. ഐ എം എം ഡയരക്ടർ പ്രൊഫ. ദേബാഷിശ് ചാറ്റർജി, സപാന ചൗള, അദിതി ചാറ്റർജി തുടങ്ങിയവർ സംബന്ധിച്ചു.
ബിസിനസ്സ് മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
