Connect with us

Kerala

എന്‍ ശക്തന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല

ഫോണ്‍ സംഭാഷണം വിവാദമായതിനു പിന്നാലെ പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ് പ്രസിഡന്റാണ് ശക്തന്‍. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണം ചോര്‍ന്നതിനു പിന്നാലെയായിരുന്നു രവിയുടെ രാജി.

ഇടതു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മറ്റുമുള്ള ഫോണിലൂടെയുള്ള പരാമര്‍ശങ്ങളാണ് രവിക്ക് തിരിച്ചടിയായത്. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് ഇല്ലാതാകുമെന്നും മുസ്‌ലിം വിഭാഗം സി പി എം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള സംഭാഷണത്തില്‍ രവി പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

തന്റെ സംഭാഷണത്തില്‍ വിശദീകരണവുമായി പാലോട് രവി നേരത്തെ രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും രവി മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍, ഇതിനു പിന്നാലെ രാജി സമര്‍പ്പിക്കുകയായിരുന്നു.

 

 

Latest