Connect with us

Articles

എന്റെ രാജ്യം 2024ന് ശേഷം?

2014 വരെ പോരായ്മകളും സ്വജനപക്ഷ താത്പര്യങ്ങളും നിലനിന്നെങ്കിലും ഒരു പരിധിവരെ ഇന്ത്യക്ക് മതേതര, ജനാധിപത്യ വഴിയിലൂടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ 2014ന് ശേഷം, മതം ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഉപകരണമായി മാറി. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതോടുകൂടി മതം തന്നെ ഭരണകൂടത്തെ നേരിട്ട് നിയന്ത്രിക്കും എന്ന് പ്രഖ്യാപിക്കുകയാണ്. പ്രധാനമന്ത്രി തന്നെയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ഇത് മതേതരത്വത്തിന് വിരുദ്ധമാണ്.

Published

|

Last Updated

ഇന്ത്യയുടെ ഇന്നുവരെയുള്ള ചരിത്ര വായനയല്ല 2024 ജനുവരി 22ന് ശേഷമുള്ള ചരിത്ര വായന. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1528ല്‍ അയോധ്യയില്‍ നിര്‍മിച്ച ബാബരി പള്ളി പൊളിച്ച് തത്സ്ഥാനത്ത് ക്ഷേത്രം നിലവില്‍ വന്ന വര്‍ഷമാണിത്. അത് രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കൂടിയായിരുന്നു.

1916ല്‍ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ഹാര്‍ഡിഞ്ച് പ്രഭു ഒരിക്കല്‍ ഗോഖലെയോട് ചോദിക്കുകയുണ്ടായി, ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പട്ടാളവും ഒരു മാസത്തിനുള്ളില്‍ ഇന്ത്യ വിടുമെന്ന് ഞാന്‍ പ്രഖ്യാപിച്ചാല്‍ താങ്കള്‍ എങ്ങനെ അതിനെ സ്വീകരിക്കും.’ ഗോഖലെയുടെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഈ വാര്‍ത്ത കേള്‍ക്കാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. പക്ഷേ, നിങ്ങളെല്ലാം അഡനില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ വന്നെത്താന്‍ ഞാന്‍ കമ്പി അടിക്കും.’ ഇത് ഗോഖലെയുടെ മാത്രം അഭിപ്രായമായിരുന്നില്ല. ഇന്ത്യന്‍ പൊതുബോധം കൂടിയായിരുന്നു. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടുമ്പോഴും പാശ്ചാത്യ ലോകത്ത് ഈ പൊതുബോധം നിലവിലുണ്ടായിരുന്നു. അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ ഒരു ഏകീകൃത ജനാധിപത്യ രാഷ്ട്രമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന ധാരണ. കഴിഞ്ഞ 76 വര്‍ഷമായി പാശ്ചാത്യ ലോകത്തിന്റെ ഈ ധാരണയെ തിരുത്തിക്കൊണ്ടാണ് ഇന്ത്യ ലോകത്തിനു മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നത്.

രാജ്യത്ത് ഇപ്പോഴും ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ജാതി അധികാരങ്ങളുടെ മേല്‍ക്കോയ്മയും ആധിപത്യവും ഇന്നുമുണ്ട്. ഇത് എഴുതുന്ന സമയവും ഇന്ത്യയില്‍ അത് നിലനില്‍ക്കുന്നുണ്ട്. അപ്പോഴും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ബഹുസ്വരതയുടെയും നാനാത്വത്തിന്റെയും അടിത്തറയിലാണ് രാഷ്ട്രത്തിന്റെ നിര്‍മിതി എന്നതുകൊണ്ടാണ്. ഈ ബഹുസ്വരതയും നാനാത്വവും മുന്നോട്ടു പോകുന്നത് വൈവിധ്യങ്ങളുടെ സ്വാതന്ത്ര്യങ്ങളെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മാനിക്കപ്പെടുന്നതുകൊണ്ട് കൂടിയാണ്. ഇത് അപായപ്പെട്ട കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹിക പദവിക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇതുവരെയുള്ള ചരിത്രത്തില്‍ അത് കൃത്യമായി അടയാളപ്പെട്ടത് 1975ലെ അടിയന്തരാവസ്ഥാ കാലത്താണ്. ആ തെറ്റ് തിരുത്തപ്പെട്ടത് ജനാധിപത്യ ബോധ്യത്തിലൂടെയാണ്. കാരണം, ജനാധിപത്യം നിഷേധിക്കപ്പെടുന്നിടത്ത് ഇന്ത്യന്‍ ബഹുസ്വരത അകാലചരമം പ്രാപിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ എന്ന ആ മഹത്തായ വെളിച്ചം കെട്ടുപോകും.

ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ നീതിന്യായ വ്യവസ്ഥക്ക് ഉണ്ടാകേണ്ടതുണ്ട്. നീതിബോധം സമൂഹത്തിന്റെ സ്വസ്ഥമായ ജീവിതത്തെ ശക്തിപ്പെടുത്തുന്നതാണ്. ഇത് അധികാര വര്‍ഗത്തേക്കാള്‍ തിരിച്ചറിഞ്ഞത് സാധാരണക്കാരായ മനുഷ്യരാണ്. അവരാണ് എക്കാലത്തും ഇന്ത്യ എന്ന അതിമനോഹരമായ രാഷ്ട്ര ഭാവനയെ സജീവമായി നിലനിര്‍ത്തുന്നത്. അത് ഇനിയും തുടരേണ്ടതുണ്ട്. അതിന്റെ സാധ്യതയെ തുറന്നു കൊടുക്കുന്ന വൈവിധ്യങ്ങളുടെ സാംസ്‌കാരിക സഞ്ചാര വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ വകവെച്ചുകൊടുക്കുക എന്നുള്ളതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. അവിടെ ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന തീരുമാനം ജനാധിപത്യപരമായിരിക്കില്ല. ഭൂരിപക്ഷ മത താത്പര്യത്തിന്റെയോ സവര്‍ണഘടനയുടെയോ ഭാഗമായി ഉണ്ടാകുന്ന തീരുമാനങ്ങള്‍ നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും ആന്തരികമായ ഘടനക്ക് നല്‍കുന്ന പരുക്ക് വലുതാണ്. ഇത് വ്യത്യസ്ത മതവിശ്വാസങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നല്‍കുന്ന ആശങ്ക ചെറുതല്ല. ഈ തിരിച്ചറിവ് ആദ്യം ഉണ്ടാകേണ്ടത് ഭരണകൂടത്തെ നിയന്ത്രിക്കുന്നവരേക്കാള്‍ സാധാരണ മനുഷ്യര്‍ക്ക് ആയിരിക്കണം. കാരണം, ഭരണകൂടത്തിന്റെ നിലനില്‍പ്പ് ജനാധിപത്യത്തിന്റെ ഭാഗമാണ്. ആ ജനാധിപത്യത്തെ കരുത്തുറ്റതും അതേസമയം തിരുത്തല്‍ ശക്തിയായും മാറ്റുന്നത് സാധാരണ മനുഷ്യരാണ്. ആ മനുഷ്യരാണ് ഇന്ത്യയെ ഇനിയും നാനാത്വത്തിലൂടെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. അവിടെ വിശ്വാസം വ്യക്തിപരമാണ്. ഈ ബോധ്യം ഉണ്ടാകുമ്പോഴാണ് ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിന്ദുകളില്‍ നിന്ന് തന്നെ വിമര്‍ശം ഉണ്ടാകുന്നത്. അതാകട്ടെ, വിശ്വാസത്തേക്കാള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

‘അയോധ്യ’യിലെ ശ്രീരാമന്‍ ഇന്ത്യയിലെ കോടിക്കണക്കായ ഹൈന്ദവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ആ വിശ്വാസത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാന്‍ ഏതൊരു വിശ്വാസിക്കും അവകാശമുണ്ട്. അതിനെ അനുവദിച്ചു കൊടുക്കുക എന്നുള്ളതാണ് നൂറുകണക്കിന് വിശ്വാസധാരയിലൂടെ വളര്‍ന്നുവന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൊതു സ്വഭാവം. ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുമ്പോഴാണ് മറ്റൊരു വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കാന്‍ കഴിയുക. അതായത് ഏതൊരു വിശ്വാസിക്കും അയാളുടെ വിശ്വാസം പ്രധാനപ്പെട്ടതാണ്. 1528 മുതല്‍ ഇസ്ലാം മത വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടന്ന ആരാധനാലയത്തെ തകര്‍ത്തുകൊണ്ട് അവിടെ ശ്രീരാമ ഭക്തരുടെ ആരാധനാലയം പിറവി കൊള്ളുകയാണ്. അതിന്റെ പിന്നിലെ പ്രചോദനം രാമഭക്തി മാത്രമാണോ? ഈ ചോദ്യം സ്വാഭാവികമാണ്. അതിന്റെ ഉത്തരം രാഷ്ട്രീയമാണ്. ഭക്തിയും വിശ്വാസവും ജനാധിപത്യ സമൂഹത്തില്‍ ഭരണകൂടത്തെ സ്വാധീനിക്കുന്ന ഘടകമായി മാറാന്‍ പാടില്ല. അങ്ങനെ മാറുമ്പോള്‍ ആ സമൂഹത്തിന്റെ നാനാതരത്തിലുള്ള വൈവിധ്യങ്ങള്‍ക്ക് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സ്വാഭാവികമായും ഭൂരിപക്ഷ മതം ഭരണകൂടത്തിന്റെ അധികാര രൂപമായി മാറുമ്പോള്‍ ന്യൂനപക്ഷം ഭയപ്പാടിലേക്ക് മാറും. ഈ ഭയം വ്യക്തികളില്‍ ഉടലെടുക്കുന്നതോടുകൂടി ജീവിക്കുന്ന ദേശത്തിന്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ ബാധിക്കും. അത് പിന്നീട് ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് കീഴെ ജീവിക്കാന്‍ വിധിക്കപ്പെട്ട അസ്വസ്ഥരായ മനുഷ്യരായി ന്യൂനപക്ഷങ്ങള്‍ മാറുന്നു. അവരുടെ ഭക്ഷണം, വസ്ത്രം, ചിന്ത എല്ലാത്തിനും നിയന്ത്രണങ്ങള്‍ വരുന്നു. ലോകത്തില്‍ എല്ലായിടത്തും ഈയൊരു രീതി രൂപപ്പെടുത്തുന്നതില്‍ ഭരണകൂടത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഇതിനെ തിരിച്ചറിയുക എന്നുള്ളതാണ്, ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും പ്രാഥമികമായ കടമ.

ഈ ഉത്തരവാദിത്വം ഏതെങ്കിലും മതത്തോടുള്ള എതിര്‍പ്പായോ വിമര്‍ശനമായോ മാറാന്‍ പാടില്ല. കാരണം, ഇന്ത്യയെ സംബന്ധിച്ച് മതവിശ്വാസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് സാമൂഹിക ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. എന്നാല്‍ മതത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ അധികാരത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. 1968ല്‍ പ്രകാശ് നാരായണന്‍ ജനാധിപത്യത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറഞ്ഞ ഒരു വാക്കുണ്ട്, ‘നമ്മുടെ ജനാധിപത്യം നിര്‍മാണാത്മകമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എല്ലാ വ്യക്തികളും പാര്‍ട്ടികളും തയ്യാറൊന്നുമല്ല. ജനാധിപത്യാവകാശം പ്രയോഗിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ രൂപം പോലും കൈക്കൊള്ളുന്നതായി തോന്നുന്നു’. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ജയപ്രകാശ് നാരായണന്റെ ആ ദീര്‍ഘ വീക്ഷണമാണ്.

2014 വരെ പോരായ്മകളും സ്വജനപക്ഷ താത്പര്യങ്ങളും നിലനിന്നെങ്കിലും ഒരു പരിധിവരെ ഇന്ത്യക്ക് മതേതര, ജനാധിപത്യ വഴിയിലൂടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ 2014ന് ശേഷം, മതം ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഏറ്റവും നല്ല ഉപകരണമായി മാറി. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം വരുന്നതോടുകൂടി മതം തന്നെ ഭരണകൂടത്തെ നേരിട്ട് നിയന്ത്രിക്കും എന്ന് പ്രഖ്യാപിക്കുകയാണ്.

പ്രധാനമന്ത്രി തന്നെയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ഇത് മതേതരത്വത്തിന് വിരുദ്ധമാണ്. ഇതിനെ തിരുത്തുക എന്നുള്ളതാണ് ജനാധിപത്യ വിശ്വാസികളുടെ കടമ. അതിനര്‍ഥം ഭൂരിപക്ഷമായ ഹിന്ദുക്കളുടെ ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസത്തെ പ്രതിരോധിച്ചു കൊണ്ട് ജനാധിപത്യത്തെ വീണ്ടെടുക്കുക എന്നതല്ല. വിശ്വാസം വ്യക്തിപരമാണെങ്കില്‍ രാഷ്ട്രീയം പൂര്‍ണമായും ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അവിടെ സമൂഹത്തിലെ മുഴുവന്‍ മനുഷ്യരെയും അവരുടെ വൈവിധ്യങ്ങളെയും മാനിച്ചുകൊണ്ട് പുരോഗതിയിലേക്ക് നയിക്കുക എന്നുള്ളതാണ് ഭരണകൂടത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന നായകന്മാരുടെയും ഉത്തരവാദിത്വം. ഇവിടെ ഉത്തമ പൗരന്റെ സാമൂഹിക ജീവിതം ഭരണകൂടത്തിന്റെ ഔദാര്യമല്ല. മറിച്ച്, പൗരന്റെ അവകാശമാണ്. ഈ പൗരാവകാശങ്ങളെ നിയന്ത്രിക്കുന്നത് ഒരു കാലത്തും മത കേന്ദ്രീകൃതമാകരുത്. ഹിന്ദുത്വത്തിനാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിയന്ത്രണാവകാശം എന്ന ഘട്ടത്തിലേക്ക് രാജ്യം എത്തുമ്പോള്‍ അതുണ്ടാക്കുന്ന ആഭ്യന്തര അരക്ഷിതബോധം ചെറുതല്ല. ന്യൂനപക്ഷ സമുദായങ്ങളെ മാത്രം ബാധിക്കുന്ന വിഷയവുമല്ല അത്. മറിച്ച്, ഇന്ത്യന്‍ സാഹചര്യത്തില്‍ സവര്‍ണ ബ്രാഹ്മണിക്കല്‍ അധികാരഘടനക്ക് കീഴിലുള്ള മുഴുവന്‍ ജാതി മനുഷ്യരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ഇത് തിരിച്ചറിയുമ്പോഴാണ് ഹിന്ദുത്വത്തിന്റെ വിശാല ഐക്യപ്പെടലിന് ഉള്ളിലെ അപകടത്തെ തിരിച്ചറിയാന്‍ കഴിയുക. അതിനെ മറികടക്കാന്‍ മതേതരത്വത്തെ ഉപാധിയില്ലാതെ ചേര്‍ത്തുപിടിക്കണം. ഇതുവരെയുള്ള ഇന്ത്യക്ക് ആന്തരികമായ ശക്തിയും സൗന്ദര്യവും നല്‍കിയത് നാനാത്വമാണ്. ഇന്ത്യ എല്ലാവരുടേതും ആകുന്നത് അങ്ങനെയാണ്. ഓരോരുത്തര്‍ക്കും അവരുടെ ദൈവസങ്കല്‍പ്പം സ്വകാര്യതയാണ്. അതിനെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതൊരു ബാധ്യതയായി മാറുന്നു. അതുകൊണ്ടാണ് ഗാന്ധിജി പറഞ്ഞത്, ‘മനുഷ്യ ഭാഷക്ക് ദൈവത്തെപ്പറ്റി ഏറ്റവും പരിപൂര്‍ണമായ വിശദീകരണം കൊടുക്കാന്‍ കഴിയുമെങ്കില്‍ എന്നെ സംബന്ധിച്ച് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം, ദൈവം സത്യമാകുന്നു എന്നതാണ്.’ ഈ സത്യത്തെ അംഗീകരിക്കുമ്പോഴാണ് ഭയപ്പാടില്ലാതെ എല്ലാ ഇന്ത്യക്കാര്‍ക്കും വെളിച്ചത്ത് നിന്നുകൊണ്ട് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് പറയാന്‍ കഴിയുക.

 

Latest