Connect with us

Kerala

എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി തുടരും

പ്രവര്‍ത്തന രംഗത്ത് എതിര്‍പ്പുകളില്ലാത്തത് തുണയായി

Published

|

Last Updated

കൊല്ലം | സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു. 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി കൊല്ലത്ത് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പ്രവര്‍ത്തന രംഗത്ത് എതിര്‍പ്പുകളില്ലാത്തതാണ് വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചത്.

കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ ജനിച്ച എം വി ഗോവിന്ദന്‍ കെ എസ് വൈ എഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. തളിപ്പറമ്പില്‍ നിന്ന് മൂന്ന് തവണ എം എല്‍ എയും 2021ലെ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ് മന്ത്രിയുമായിരുന്നു.

ഡി വൈ എഫ് ഐ രൂപവത്കരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡി വൈ എഫ് ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി പി എം കാസര്‍കോട് ഏരിയാ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ സി പി എം പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥനം ഒഴിഞ്ഞതോടെ 2022 ആഗസ്റ്റിലാണ് എം വി ഗോവിന്ദന് പകരം ചുമതല നല്‍കിയത്. ദേശാഭിമാനിയുടെയും മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂനിയന്റെ വൈസ് പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റര്‍ എന്നീ പദവികളും വഹിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നാല് മാസക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നിരവധി തവണകളിലായി പോലീസ് ഗുണ്ടാ മര്‍ദനത്തിന് വിധേയനായി.

സ്വത്വരാഷ്ട്രീയത്തെപ്പറ്റി (എഡിറ്റര്‍), വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം:ആശയസമരങ്ങ ളുടെ പശ്ചാത്തലത്തില്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍: ചരിത്രവും വര്‍ത്തമാനവും, മാര്‍ക്‌സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം എന്നിവ പ്രധാനപ്പെട്ട രചനകളാണ്. ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി കെ ശ്യാമളയാണ് ഭാര്യ. മക്കള്‍: ജി എസ് ശ്യാംജിത്, ജി എസ് രംഗീത്.

 

---- facebook comment plugin here -----

Latest