Connect with us

Articles

മുജാഹിദുകളേ, മന്ത് മറ്റേ കാലിലാണ്

മുജാഹിദുകളിലെ യുക്തിവാദ ഗ്രൂപ്പിന്റെ തലവനായ സി പി ഉമര്‍ സുല്ലമി പറയണം, മുസ്ലിംകളെ കാഫിറാക്കാന്‍ ഉമര്‍ മൗലവിക്ക് ആരാണ് അധികാരം കൊടുത്തതെന്ന്. പ്രവാചക നിന്ദ നടത്തുന്നവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയാന്‍ ഓരോ മുസ്ലിമിനും അവകാശമുണ്ട്. അതാണ് കാന്തപുരം നിര്‍വഹിച്ചത്.

Published

|

Last Updated

‘മതഭാഷയില്‍ ഈമാന്‍ (വിശ്വാസം) എന്ന് പറഞ്ഞാല്‍ മുഹമ്മദ് നബി(സ) കൊണ്ടുവന്ന എല്ലാ കാര്യങ്ങളെയും അംഗീകരിക്കലാണ്’ എന്ന് പ്രമുഖ വിശ്വാസശാസ്ത്ര പണ്ഡിതനായ സഅ്ദുദ്ദീനുത്തഫ്ത്താസാനി(റ) ‘ശറഹുല്‍അഖാഇ’ദില്‍ പറയുന്നുണ്ട്. അപ്പോള്‍ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുന്നത് നബി(സ)യോടുള്ള മതിപ്പും വിശ്വാസവും ആദരവും പരിഗണിച്ചാണ്. കാരണം മതം നമുക്ക് കൈമാറാന്‍ നമ്മുടെയും അല്ലാഹുവിന്റെയും ഇടയില്‍ അല്ലാഹു നിശ്ചയിച്ച ദൂതരാണ് മുഹമ്മദ് നബി(സ).

പ്രവാചകന്മാര്‍ പഠിപ്പിച്ച കാര്യങ്ങളില്‍ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചത് മാത്രം സ്വീകരിക്കുക എന്ന നിലപാടാണ് കേരളത്തിലെ പല മുജാഹിദുകള്‍ക്കുമുള്ളത്. ഇതിന്റെ ഭാഗമായിരുന്നു കോഴിക്കോട് നടന്ന മുജാഹിദ് പത്താം സമ്മേളനത്തിലെ പരസ്യമായ ഹദീസ് നിഷേധവും തുടര്‍ന്നുണ്ടായ വിവാദങ്ങളും.

പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ ആദരവില്‍ പെട്ടതാണ് മരണാനന്തരം അവരുടെ ശരീരം മണ്ണില്‍ ലയിക്കുകയില്ല എന്നത്. മുജാഹിദുകള്‍ അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ക്ക് വരെ സ്വീകാര്യമായ പരമ്പര സഹിതം സ്ഥിരപ്പെട്ട കാര്യമാണിത്. എന്നിട്ടും കേവല യുക്തിയെ അവലംബമാക്കി പ്രബോധനം, അല്‍മനാര്‍, ശബാബ് തുടങ്ങിയ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രവാചകരെ അങ്ങേയറ്റം നിന്ദിക്കുന്ന തരത്തിലാണ് ഈ ഹദീസിനെ വിശകലനം ചെയ്യുന്നത്. മരിച്ചവരെ മറമാടുന്നത് ശരീരം ജീര്‍ണിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനാണെന്നും അതു തന്നെയാണ് പ്രവാചകരെ മറവ് ചെയ്തതിന്റെ പൊരുളെന്നുമാണ് അവയിലെ പരാമര്‍ശം. ഇത് അങ്ങേയറ്റത്തെ പ്രവാചക നിന്ദയാണെന്നും ഇത്തരം വിശ്വാസമുള്ളവര്‍ മുസ്ലിമല്ലെന്നുമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഒരു പ്രസംഗത്തില്‍ ഉണര്‍ത്തിയത്.

കാന്തപുരത്തിനെതിരെ കച്ചിത്തുരുമ്പും ആയുധമാക്കുന്ന എല്ലാ കൂട്ടുമുന്നണികളും ഇത് കേട്ട് ഇളകി. കാന്തപുരം മുസ്ലിംകളെ ഇസ്ലാമില്‍ നിന്ന് പുറത്താക്കുന്നുവെന്നാരോപിച്ചാണ് ഇവര്‍ ബഹളം കൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ നിലപാട് വിശദീകരിച്ച് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കിയത്. പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്ക് യഥാര്‍ഥ മുസ്ലിമാകാന്‍ കഴിയില്ല എന്നാണ് തന്റെ പ്രഭാഷണത്തിന്റെ പൊരുളെന്നും മുസ്ലിംകള്‍ക്കെതിരെ ശിര്‍ക്കും (ബഹുദൈവത്വം) കുഫ്റും (മതനിഷേധം) ആരോപിക്കുന്നത് സുന്നികളുടെ ശൈലിയല്ലെന്നും ഉത്ഭവകാലം മുതല്‍ മുജാഹിദുകളാണ് മുസ്ലിംകള്‍ക്കെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരാണ് മതത്തില്‍ നിന്ന് പുറത്താക്കുന്നത്?

മുജാഹിദുകള്‍ അവരുടെ ആചാര്യനായി അംഗീകരിക്കുന്ന ഇബ്നു അബ്ദുല്‍വഹാബ് മുതല്‍ ഇന്നോളം എല്ലാ മുജാഹിദ് വിഭാഗങ്ങളും ലോക മുസ്ലിംകളുടെ മേല്‍ മതനിഷേധവും ബഹുദൈവത്വവും ആരോപിച്ച് പോന്നിട്ടുണ്ട്. ഇബ്നു വഹാബിന്റെ ഗുരുവായ സുലൈമാനുല്‍ കുര്‍ദി(റ) അദ്ദേഹത്തിനയച്ച കത്തില്‍ ഇങ്ങനെ എഴുതി, ‘ലോക മുസ്ലിംകളെ സംബന്ധിച്ചുള്ള നിന്റെ അഭിപ്രായ പ്രകടനങ്ങളെ തൊട്ട് നിന്റെ നാവിനെ നിയന്ത്രിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. മഹാന്മാരോട് സഹായാര്‍ഥന നടത്തുമ്പോള്‍ അവര്‍ ആരാധ്യന്മാരാണെന്നും അവര്‍ക്ക് സ്വന്തമായി സഹായിക്കാന്‍ കഴിവുണ്ടെന്നു വിശ്വസിച്ചും സഹായം ചോദിക്കുന്നവര്‍ മാത്രമേ മുശ്രിക്കാകുകയുള്ളൂവെന്ന് നീ മനസ്സിലാക്കണം. ഇതൊന്നുമാലോചിക്കാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളെ മതനിഷേധികളാക്കാന്‍ നിനക്ക് ഒരു വഴിയുമില്ല. നീ ഭൂരിപക്ഷത്തില്‍ നിന്ന് ഒറ്റപ്പെട്ടവനാണ്. ഭൂരിപക്ഷത്തില്‍ നിന്ന് ഒറ്റപ്പെട്ടവനെ കാഫിറാക്കലാണ് ഏറ്റവും യുക്തമായത്'(അല്‍ഫുതൂഹാത്തുല്‍ ഇസ്ലാമിയ്യ- 2/215).

സ്ഥാപക നേതാവിന്റെ പാത പിന്തുടര്‍ന്ന് കേരള മുജാഹിദുകളും ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളെ കാഫിറും മുശ്രിക്കുമായി പ്രഖ്യാപിച്ചു. കേരളത്തിലെ സുന്നികളുടെ പടത്തലവനായിരുന്ന മര്‍ഹൂം ഇ കെ ഹസന്‍ മുസ്ലിയാര്‍ മരണാസന്നനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ കെ എന്‍ എമ്മിന്റെ പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി ഒരു ദൂതന്‍ മുഖേന ഹസന്‍ മുസ്ലിയാര്‍ക്ക് ഒരു കത്തയച്ചു. അതില്‍ അയാളെഴുതി- ‘ഹസന്‍ മുസ്ലിയാരേ, താങ്കള്‍ മുസ്ലിമാകണം. എങ്കില്‍ നിനക്ക് രക്ഷപ്പെടാം. അല്ലാത്തപക്ഷം നിന്റെ അനുയായികളുടെ പാപവും നിനക്കായിരിക്കും.’ ഒരു പണ്ഡിതനോട് താങ്കള്‍ മുസ്ലിമല്ല എന്ന് പറഞ്ഞ ഈ വഹാബി നേതാവിനെ ആരെങ്കിലും മാപ്പ് പറയിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അയാള്‍ അത് തിരുത്താന്‍ തയ്യാറായിട്ടുണ്ടോ? ഇല്ലെന്ന് മാത്രമല്ല ഉമര്‍ മൗലവി ആ കത്തിനെ കുറിച്ച് പിന്നീട് തന്റെ പത്രത്തില്‍ വിശദീകരിച്ചുകൊണ്ടും ന്യായീകരിച്ചുകൊണ്ടും എഴുതി, ‘ഇ കെ ഹസന്‍ മുസ്ലിയാരുടെ വിശ്വാസ പ്രചാരണവും കര്‍മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതില്‍ നിന്ന് എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു’ (സല്‍സബീല്‍- 1998, സെപ്തംബര്‍). മുജാഹിദുകളിലെ യുക്തിവാദ ഗ്രൂപ്പിന്റെ തലവനായ സി പി ഉമര്‍ സുല്ലമി പറയണം, മുസ്ലിംകളെ കാഫിറാക്കാന്‍ താങ്കളുടെ സംഘടനയുടെ പ്രസിഡന്റായിരുന്ന ഉമര്‍ മൗലവിക്ക് ആരാണ് അധികാരം കൊടുത്തതെന്ന്. പ്രവാചക നിന്ദ നടത്തുന്നവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയാന്‍ ഓരോ മുസ്ലിമിനും അവകാശമുണ്ട്. അതാണ് കാന്തപുരം നിര്‍വഹിച്ചതും.
പരിശുദ്ധ ഖുര്‍ആന്‍ വചനത്തെ പച്ചയായി ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതന്മാരുടെ പേരെടുത്ത് ബഹുദൈവത്വമാരോപിക്കുന്നത് കാണുക. ‘ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി. അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെട്ടത് തിന്നുന്നതും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇവ രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കൂറ്റനാട് പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്രിക്കുകള്‍ തന്നെ (ബഹുദൈവാരാധകര്‍)യാണെന്ന് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുമല്ലോ’ (സല്‍സബീല്‍- 1985 ഡിസംബര്‍).

ഇരു വിഭാഗം സമസ്ത നേതാക്കളെയും അണികളെയും ഖുര്‍ആനിലെ സൂക്തമുദ്ധരിച്ച് ഇസ്ലാമില്‍ നിന്ന് പുറത്താക്കിയിട്ട് സമുദായ ഐക്യത്തെ കുറിച്ച് ബോധം വരാത്തവര്‍ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെങ്കില്‍ നിങ്ങള്‍ സുന്നി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം.

ജിന്ന് ഗ്രൂപ്പിന്റെ നേതാവ് ഫൈസല്‍ മൗലവി പറയുന്നത് നബി(സ)യുടെ തിരുശരീരം മണ്ണ് തിന്നുകയില്ല എന്നത് ഹദീസില്‍ സ്ഥിരപ്പെട്ട കാര്യമാണെന്നും അതിനെതിരെ കേവല യുക്തിയെ അവലംബിച്ച് ശബാബില്‍ ലേഖനമെഴുതിയത് മര്‍കസുദ്ദഅ്വാ വിഭാഗമാണെന്നും അവര്‍ യഥാര്‍ഥ മുജാഹിദുകളല്ലെന്നുമാണ്. അപ്പോള്‍ കാന്തപുരം പറഞ്ഞത് ശരിയാണെന്നും പ്രവാചക നിന്ദ നടത്തിയത് മുജാഹിദുകള്‍ തന്നെയാണെന്നും വ്യക്തമായി. ഇനി ആരാണ് യഥാര്‍ഥ മുജാഹിദ് എന്ന നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കത്തില്‍ ഞങ്ങളാരും ഇടപെടുന്നില്ല. ഞങ്ങളെ മുമ്പില്‍ നിങ്ങളെല്ലാം മുജാഹിദുകളാണ്.

ഇനി എല്ലാ ഗ്രൂപ്പ് മുജാഹിദുകളും ആദരിച്ച് ബഹുമാനിക്കുന്ന ഉമര്‍ മൗലവി തന്നെ സുന്നികള്‍ മുഴുവന്‍ നരകത്തിലാണെന്ന് പരസ്യമായി എഴുതിവെച്ചിട്ടുണ്ട്. ‘സുന്നികളും മുജാഹിദുകളും ഇവിടെ ഭിന്നിച്ചത് അല്ലാഹുവെ മാത്രം ആരാധിച്ച് മുസ്ലിമാകണോ അതല്ല അവനോടു കൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ ഇരന്ന് കാഫിറാകണമോ എന്ന മൗലിക പ്രശ്നത്തിലാണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാന്‍ കാരണമാകുന്ന പണിയാണ്. പ്രശ്നം അടിസ്ഥാനപരമാണ്’ (സല്‍സബീല്‍- 1984, ജൂണ്‍).

മുജാഹിദ് നേതാക്കള്‍ പറയണം, ഇത് മുസ്ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്ന പ്രസ്താവനയാണോ? ഇതിനെതിരെ നിങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചോ? തിരുത്താന്‍ തയ്യാറായോ? മാപ്പ് പറഞ്ഞോ? കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ തിരുത്താന്‍ വരുന്നതിന് മുമ്പ് ഇവയൊക്കെ ഒന്ന് തിരുത്താന്‍ തയ്യാറാകുക.

മുജാഹിദ് മുഖപത്രത്തില്‍ ഖബര്‍ സിയാറത്ത് നടത്തുകയും അവിടെ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന സുന്നി ആചാരത്തെ വിമര്‍ശിച്ചുകൊണ്ട് മുജാഹിദ് നേതാവ് ഇബ്റാഹീം മാസ്റ്റര്‍ എഴുതി, ‘ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢിയും വഴിപിഴച്ചവനുമാകുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് തന്മൂലം വഴി തുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖസൗകര്യങ്ങള്‍ക്ക് അത് വഴി തുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്രിക്കുമായിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.’ (അല്‍മനാര്‍- 1981, ഒക്ടോബര്‍). ഇത്രയും തീവ്രവും വിഷലിപ്തവുമായ നിലപാടുകള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തവര്‍ കാന്തപുരം മുസ്ലിംകളെ മതത്തില്‍ നിന്ന് പുറത്താക്കുന്നുവെന്ന് പറഞ്ഞ് ബഹളം വെക്കുകയാണ്. മന്ത് മറ്റേ കാലിലാണെന്ന് മാത്രമേ പറയാനുള്ളൂ.

മുപ്പത് ലക്ഷം മുസ്ലിംകള്‍ ഹജ്ജ് ചെയ്യാന്‍ വരുമ്പോള്‍ അതില്‍ അഞ്ച് ലക്ഷം മാത്രമാണ് ഏക ദൈവ വിശ്വാസികളെന്നും ബാക്കി 25 ലക്ഷവും ബഹുദൈവ വിശ്വാസികളാണെന്നും പരസ്യമായി പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരി ഇപ്പോഴും ജിന്ന് ഗ്രൂപ്പിന്റെ തലപ്പത്തുണ്ട്. അയാള്‍ക്ക് വയസ്സ് കൂടിയിട്ടില്ല. ഫൈസല്‍ മൗലവി ഇയാളെ തിരുത്തി മാപ്പ് പറയിപ്പിച്ച് വരട്ടെ. ബാക്കി പിന്നീട് പറയാം.