Connect with us

Editorial

പൗരത്വ പരിശോധനക്ക് വഴിവിട്ട നീക്കങ്ങള്‍

അസമില്‍ നടപ്പാക്കിയ എന്‍ ആര്‍ സി കോടതി കയറുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പൗരത്വത്തില്‍ നിന്ന് ഇറക്കി വിടാനുള്ള പുതിയ തന്ത്രമായി എസ് ഐ ആര്‍ ഉപയോഗിക്കുന്നുവെന്ന് വേണം ആശങ്കപ്പെടാന്‍.

Published

|

Last Updated

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട്, വിദേശ പൗരന്മാരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് കമ്മീഷന്റെ ഭാഷ്യം. എന്നാല്‍ പൗരത്വ പരിശോധനയായി മാറുന്ന വഴിവിട്ട നീക്കമാണിത്. എസ് ഐ ആറിലൂടെ നടക്കുന്നത് പൗരത്വ നിര്‍ണയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാത്ത അധികാരം എടുത്തണിയുകയാണെന്നും നേരത്തേ ഉന്നയിക്കപ്പെട്ട ആശങ്കകള്‍ ശരിവെക്കുന്നതാണ് ഈ നീക്കം.
വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിനിടെ വിദേശ പൗരന്മാരെന്ന് സംശയിച്ച് മാറ്റിനിര്‍ത്തിയവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഇവരുടെ പേരുവിവരങ്ങള്‍ സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കൈമാറണം. ജില്ലാ ഭരണകൂടം, സംസ്ഥാന പോലീസ് എന്നിവ വഴി വിവരങ്ങള്‍ ശേഖരിക്കും. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്ന് എസ് ഐ ആര്‍ കേസില്‍ വിധി പറയവേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അത് പക്ഷേ, ആ മനുഷ്യരുടെ പൗരത്വം പരിശോധിക്കാനല്ല. മറിച്ച് ഒഴിവാക്കല്‍ പ്രക്രിയ കുറ്റമറ്റതാക്കാന്‍ വേണ്ടിയായിരുന്നു. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കമ്മീഷന്‍.
“വിദേശി’കളുടെ വിവര ശേഖരണത്തിന് കഴിഞ്ഞ മാസം 14ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. വീടുവീടാന്തരമുള്ള പരിശോധനയില്‍ വിവരശേഖരണ ഫോമുകള്‍ തിരികെ ലഭിക്കാത്ത വോട്ടര്‍മാരുടെ കാര്യത്തില്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി എല്‍ ഒ) കൃത്യമായ അന്വേഷണം നടത്തണം. വോട്ടര്‍ സ്ഥലത്തില്ലാത്തതാണോ, താമസം മാറിയതാണോ, മരിച്ചതാണോ, ഇരട്ട രജിസ്ട്രേഷനാണോ എന്ന് സമീപത്തുള്ള വോട്ടര്‍മാരില്‍ നിന്ന് ചോദിച്ചറിഞ്ഞ് വ്യക്തമായ കാരണം രേഖപ്പെടുത്താനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ എസ് ഐ ആര്‍ നടത്തിയ വേളയില്‍ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദേശ പൗരന്മാരെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇത്തരം ആളുകളുടെ കൃത്യമായ എണ്ണമോ തെളിവുകളോ പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല.

എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാത്തവര്‍, സ്ഥിരതാമസം മാറിയവര്‍, മരിച്ചവര്‍, രണ്ടിടത്ത് വോട്ടുള്ളവര്‍, പ്രായത്തിലും മറ്റു വിശദാംശങ്ങളിലും പൊരുത്തക്കേടുള്ളവര്‍ എന്നിങ്ങനെ കോടിക്കണക്കിനാളുകള്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ എസ് ഐ ആറിലൂടെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ബംഗാളില്‍ മാത്രം 27 ലക്ഷം പേരെയാണ് മാറ്റിനിര്‍ത്തിയത്. വിദേശ പൗരരെന്ന് സംശയിക്കുന്നവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും പറയുമ്പോഴും മാറ്റിനിര്‍ത്തപ്പെട്ട ആരെ വേണമെങ്കിലും ഈ പട്ടികയിലേക്ക് കൊണ്ടുവരാമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ലക്ഷണക്കണക്കിന് മനുഷ്യരുടെ പൗരത്വ പരിശോധനയിലേക്ക് നയിക്കുന്ന നീക്കമായി ഇത് മാറും.
പൗരത്വ പരിശോധന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്ന് ഭരണഘടന അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. എസ് ഐ ആര്‍ നടപടിക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് വിധിച്ച സുപ്രീം കോടതി ബഞ്ച്, തിരിച്ചറിയല്‍ രേഖകളില്‍ സംശയമുയര്‍ന്നാല്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാതിരിക്കാനും നിലവിലെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നടപടിയെ ഇന്ത്യന്‍ പൗരനല്ലെന്ന പ്രഖ്യാപനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് പരമോന്നത കോടതി തീര്‍ത്ത് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പൗരത്വം നിര്‍ണയിക്കാന്‍ അധികാരം. പൗരത്വം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
ബിഹാറില്‍ നിന്ന് തുടങ്ങിയ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണ നടപടികള്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഓരോയിടത്തും ആയിരങ്ങളെ സ്വാഭാവിക പൗരാവകാശങ്ങളില്‍ നിന്ന് ഇറക്കിവിട്ടാണ് ഈ പ്രക്രിയ മുന്നേറിയത്. അനാവശ്യ തിടുക്കം മിക്ക സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ദരിദ്രരായ മനുഷ്യര്‍, ജോലി തേടിപ്പോയവര്‍, വെള്ളപ്പൊക്കത്തിലും മറ്റും രേഖകള്‍ നഷ്ടപ്പെട്ടവര്‍, സംഘര്‍ഷങ്ങള്‍ കൊണ്ട് മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞുപോകേണ്ടി വന്നവര്‍ തുടങ്ങിയവര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ബി എല്‍ ഒമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിമിതമായ സമയത്തിനകം നടപടി പൂര്‍ത്തിയാക്കാന്‍ മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ പാലിക്കേണ്ടി വന്നപ്പോള്‍ നീതിയുക്തമായ തീരുമാനങ്ങളെടുക്കാന്‍ സാധിച്ചില്ല. പൗരത്വ പരിശോധനക്ക് സമാനമായി രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ നല്‍കേണ്ടി വന്നപ്പോള്‍ പല വോട്ടര്‍മാരും ആശയക്കുഴപ്പത്തിലായി. കമ്മീഷന്‍ മുന്നോട്ടുവെച്ച തിരിച്ചറിയല്‍ രേഖകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തിപ്പടര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ ക്രോണോളജി പരാമര്‍ശം രാജ്യം മറന്നിട്ടില്ല. ആദ്യം പൗരത്വ ഭേദഗതി നിയമം തുടര്‍ന്ന് ദേശവ്യാപക പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) എന്നതായിരുന്നു ആ പരാമര്‍ശത്തിന്റെ ആന്തരാര്‍ഥം. അസമില്‍ നടപ്പാക്കിയ എന്‍ ആര്‍ സി കോടതി കയറുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പൗരത്വത്തില്‍ നിന്ന് ഇറക്കി വിടാനുള്ള തന്ത്രമായി എസ് ഐ ആര്‍ ഉപയോഗിക്കുന്നുവെന്ന് വേണം ആശങ്കപ്പെടാന്‍. പശ്ചിമ ബംഗാളില്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായ മുസ്‌ലിമേതരര്‍ സി എ എ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ക്യൂ നില്‍ക്കുന്നുവെന്ന വാര്‍ത്ത കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

Latest