Connect with us

FLOODS

പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗവും വെള്ളത്തിനടിയില്‍

രാവിലെ വരെയുള്ള 24 മണിക്കൂറില്‍ കോന്നിയില്‍ 77 മില്ലിമീറ്ററും അയിരൂരില്‍ 58.8 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്

Published

|

Last Updated

പത്തനംതിട്ട | കനത്ത മഴയില്‍ മലയോര ജില്ലയുടെ  ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും അച്ചന്‍കോവിലാര്‍, പമ്പാ നദികള്‍ കരകവിഞ്ഞതോടെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രധാന റോഡുകളിലടക്കം വെള്ളം കയറി ഗതാഗതം മുടങ്ങി.

അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ഞായറാഴ്ച രാത്രിയോടെ കോന്നി, അട്ടച്ചാക്കല്‍, കുമ്പഴ, പത്തനംതിട്ട, ഓമല്ലൂര്‍, പന്തളം ഭാഗങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട- അടൂര്‍, പത്തനംതിട്ട- പന്തളം, പത്തനംതിട്ട- പ്രമാടം, കുമ്പഴ- വെട്ടൂര്‍- അട്ടച്ചാക്കല്‍, ഓമല്ലൂര്‍- കുളനട റോഡുകളില്‍ ഗതാഗതം മുടങ്ങി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് കുമ്പഴ മത്സ്യമാര്‍ക്കറ്റ് പ്രദേശം പൂര്‍ണമായി മുങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട നഗരത്തില്‍ അഴൂര്‍ ഭാഗത്തും വെള്ളം കയറി. ജില്ലാ സ്റ്റേഡിയം, മേരിമാതാ പള്ളി അങ്കണം, നഴ്സറി സ്‌കൂള്‍, കോ ഓപ്പറേറ്റീവ് കോളജ് ഭാഗങ്ങള്‍ മുങ്ങി. ജില്ലാ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും വെള്ളം കയറി.

ഓമല്ലൂര്‍ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. കൈപ്പട്ടൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ ഓമല്ലൂര്‍ കുരിശ് വരെ പല ഭാഗങ്ങളിലും റോഡിലൂടെ ശക്തമായ ഒഴുക്കാണ് ഉണ്ടായത്. ഉച്ചകഴിഞ്ഞതോടെ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും പല ഭാഗങ്ങളിലും ഇറങ്ങിയിട്ടില്ല.

അച്ചന്‍കോവിലാറിന്റെ കോന്നി, കല്ലേലി ഭാഗങ്ങളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും പന്തളം, തുമ്പമണ്‍ എന്നിവിടങ്ങളില്‍ ഉയരുകയായിരുന്നു. തുമ്പമണ്ണില്‍ കേന്ദ്ര ജലകമ്മീഷന്റെ മാപിനിയില്‍ 12.63 മീറ്ററായിരുന്നു ജലനിരപ്പ്. ഇത് അപകടനിലയ്ക്കു മുകളിലാണ്. പന്തളത്ത് 6.85 മീറ്ററായിരുന്നു ജലനിരപ്പ്. വൈകുന്നേരം നാലിനുള്ള കണക്കാണിത്. മണിമലയാറില്‍ വള്ളംകുളം ഭാഗത്ത് 4.13 മീറ്ററില്‍ ജലനിരപ്പെത്തിയിരുന്നു.

രാവിലെ വരെയുള്ള 24 മണിക്കൂറില്‍ കോന്നിയില്‍ 77 മില്ലിമീറ്ററും അയിരൂരില്‍ 58.8 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.