Connect with us

Eranakulam

മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍; ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊവിഡ് മരുന്ന് നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം

കാറ്റഗറി എ, ബി രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ എത്രയും പെട്ടന്ന് മരുന്ന് നല്‍കിയാല്‍ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു

Published

|

Last Updated

കൊച്ചി| ഹൈ റിസ്‌ക്ക് കൊവിഡ് രോഗികള്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. എറണാകുളം ജില്ലയില്‍ സ്റ്റോക്കുള്ള മരുന്ന് പരവാവധി വേഗത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മെയ് മാസത്തില്‍ ആണ് കേന്ദ്രം കേരളത്തിന് കാസിരിവിമാബ് എംഡിവിമാബ് എന്ന ആര്‍ട്ടിഫിഷ്യല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ മരുന്ന് കൈമാറിയത്. ഇത് കേരളം ഉപയോഗിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2021 സെപ്തംബര്‍ 30നാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്ന മരുന്നിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് മരുന്ന് കാര്യക്ഷമമായി ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

കാറ്റഗറി എ, ബി രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ എത്രയും പെട്ടന്ന് മരുന്ന് നല്‍കിയാല്‍ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് മരുന്ന് സപ്ലൈ ചെയ്തിരിക്കുന്നത്. ഇത് എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, ആലുവ ഡിസിടിസി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി എന്നീ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം.

 

Latest