Editorial
മോദിയുടെ ഇസ്‌റാഈൽ സന്ദർശനവും സന്ദേഹങ്ങളും
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്ന മോദി സർക്കാർ നിലപാടിനെ മനസ്സിലാക്കാം. എന്നാൽ എല്ലാ മാനുഷിക പരിഗണനകളും കാറ്റിൽ പറത്തി ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന അതിക്രമങ്ങൾക്കും കൊടും ക്രൂരതകൾക്കും നേരെ കണ്ണടക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ?
കാലങ്ങളായി ഫലസ്തീന്‍ പ്രശ്നത്തില്‍ പുലര്‍ത്തി വന്ന നയം ഉപേക്ഷിച്ച് ഇസ്റാഈലിനെ പൂര്‍ണമായി പിന്തുണക്കുന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു ഇന്ത്യ. ‘ഞങ്ങള്‍ ഇപ്പോഴും എപ്പോഴും ഇസ്റാഈലിനോടൊപ്പം നിലകൊള്ളു’മെന്നാണ് ബുധനാഴ്ച ഇസ്റാഈല്‍ പാര്‍ലിമെന്റില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തെ ഭീകരാക്രമണമെന്നു കുറ്റപ്പെടുത്തി ശക്തിയായി അപലപിച്ച അദ്ദേഹം രണ്ടര വര്‍ഷത്തോളമായി ഗസ്സയില്‍ ഇസ്റാഈല്‍ നടത്തി വരുന്ന കൂട്ടക്കുരുതിക്കും വംശഹത്യഹത്യക്കുമെതിരെ ഇതുവരെയും ഒരു വാക്കുപോലും ഉച്ചരിച്ചില്ലെന്നത് മറ്റൊരു വ്യാഖ്യാനത്തിനിടമില്ലാത്ത ഈ നിലപാടുമാറ്റം വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്റാഈല്‍ സന്ദര്‍ശിച്ച് സര്‍വപിന്തുണയും നല്‍കിയതിനു സമാനമായ സംഭവമായിരുന്നു മോദിയുടെ സന്ദര്‍ശനവും പിന്തുണ പ്രഖ്യാപനവും.
പരമ്പരാഗതമായി ഫലസ്തീനിനെയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളെയും പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വന്നിരുന്നത്. ജൂതരാഷ്ട്രം സ്ഥാപിക്കാനായി ഫലസ്തീന്‍ വെട്ടിമുറിക്കാനുള്ള തീരുമാനത്തോട് കടുത്ത വിയോജിപ്പാണ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെ മുന്‍കാല നേതാക്കള്‍ പ്രകടിപ്പിച്ചത്. ‘അറബ് ജനതക്ക് മുകളില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നത് തെറ്റാണ്. ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേതെന്ന പോലെ അറബികളുടേതാണ് ഫലസ്തീന്‍. ജൂത സമൂഹത്തോടുള്ള അനുകമ്പ നീതിയില്‍ നിന്നും എന്നെ അന്ധനാക്കുന്നില്ല’ എന്നായിരുന്നു ഫലസ്തീന്‍ വിഭജന നീക്കത്തോട് ഗാന്ധിജി പ്രതികരിച്ചത്. 1947ല്‍ ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന്‍ വിഭജനത്തെ ക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഇന്ത്യ ശക്തമായി എതിര്‍ത്തു. വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫലസ്തീന് നല്‍കുന്ന പിന്തുണ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന ഘടകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1974ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി എല്‍ ഒ) അംഗീകരിച്ച ആദ്യ അറബേതര രാഷ്ട്രം ഇന്ത്യയാണ്. തുടര്‍ന്ന് ഡല്‍ഹിയില്‍ നയതന്ത്ര കാര്യാലയം തുറന്നു പ്രവര്‍ത്തിക്കുന്നതിന് പി എല്‍ ഒക്ക് അനുമതി നല്‍കുകയും ചെയ്തു. 1988ല്‍ ഫലസ്തീന്‍ ഒരു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന് അംഗീകാരം നല്‍കുന്നതിലും ഇന്ത്യ മുന്‍പന്തിയിലായിരുന്നു. ഫലസ്തീന് യു എന്‍ അംഗത്വം നല്‍കുന്ന പ്രമേയത്തിലും ഫലസ്തീന്റെ തലസ്ഥാനം ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുന്ന പ്രമേയത്തിലും അനുകൂലമായി വോട്ടു ചെയ്തു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ കോളനിവാഴ്ചക്കും അധിനിവേശത്തിനുമെതിരെ പോരാടുന്ന ജനതയെ പിന്തുണക്കുകയെന്നതായിരുന്നു നെഹ്റുവിന്റെ നയം.
1996ല്‍ നരസിംഹ റാവുവിന്റെ കാലത്ത് ഇന്ത്യ ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും വ്യാപാര ബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്തുവെങ്കിലും ഫലസ്തീന്‍ പ്രശ്നത്തില്‍ രാജ്യം അതിന്റെ പരമ്പരാഗത നയത്തില്‍ ഉറച്ചുനിന്നു. മോദിയുടെ ഭരണകാലം വരെ രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും ഇസ്റാഈല്‍ സന്ദര്‍ശിച്ചില്ല. 2018ല്‍ മോദി നടത്തിയ സന്ദര്‍ശനമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്റാഈല്‍ സന്ദര്‍ശനം. തുടര്‍ന്ന് പ്രതിരോധ മേഖലകളില്‍ ഉള്‍പ്പെടെ കരാറുകളില്‍ ഏര്‍പ്പെട്ടു. നിലവില്‍ ഇസ്റാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്ത്യ. ഈ സൗഹൃദത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കഴിഞ്ഞ ദിവസത്തെ മോദിയുടെ സന്ദര്‍ശനവും ഇസ്റാഈല്‍ പാര്‍ലിമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗവും.
‘ദേശീയ താത്പര്യാധിഷ്ഠിത വിദേശനയം’, ‘സമതുലിത സമീപനം’ തുടങ്ങിയവയാണ് ഇസ്റാഈലുമായുള്ള ഈ ഉറ്റബന്ധത്തിന് കേന്ദ്രം പറയുന്ന ന്യായീകരണം. എന്നാല്‍ മോദി സര്‍ക്കാറിന്റെ നിലപാടുകളും പ്രഖ്യാപനങ്ങളും ഈ അവകാശവാദത്തെ സാധൂകരിക്കുന്നില്ല. ഇന്ത്യന്‍ പാര്‍ലിമെന്റിലെ ഭീകരാക്രമണത്തോടാണ് ഹമാസിന്റെ 2023 ഒക്ടോബര്‍ ഏഴിലെ പ്രത്യാക്രമണത്തെ മോദി തുല്യപ്പെടുത്തിയത്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തി വരുന്ന അനധികൃത അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കുമെ തിരെ ഹമാസ് നടത്തുന്ന പോരാട്ടങ്ങളെയും ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണത്തെയും എങ്ങനെയാണ് ഒരേ രീതിയില്‍ കാണാനാകുക? 2006ല്‍ നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഹമാസ്. സമാധാന ചര്‍ച്ചകള്‍ നിരന്തരം പരാജയപ്പെടുത്തുന്ന സാഹചര്യത്തില്‍ തങ്ങളുടെ മണ്ണും അവകാശങ്ങളും സംരക്ഷിക്കാന്‍ ആയുധമെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണെന്ന വസ്തുത കാണാതെ പോകരുത്.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇസ്റാഈലുമായി ബന്ധം സ്ഥാപിക്കുന്ന മോദി സര്‍ക്കാര്‍ നിലപാടിനെ മനസ്സിലാക്കാം. എന്നാല്‍ എല്ലാ മാനുഷിക പരിഗണനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കും നേരെ കണ്ണടക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ? അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ് ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നതെന്ന് പറഞ്ഞത് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടറസ് ആണ്. ഹമാസിന്റെ പ്രത്യാക്രമണത്തെ പര്‍വതീകരിക്കുന്ന മോദി ഭരണകൂടത്തിന് എന്തുകൊണ്ടാണ് ഇസ്റാഈലിന്റെ കൊടും ക്രൂരതകളെ അപലപിക്കാന്‍ കഴിയാത്തത്? അമേരിക്കന്‍ വിധേയത്വം കൊണ്ടോ ഇസ്ലാമോ ഫോബിയ മൂലമോ? ഭീകരതക്കെതിരാണ് ഇന്ത്യയെന്ന് എല്ലാ വേദികളിലും പ്രസംഗിക്കുന്നവര്‍ക്ക് എല്ലാ ഭീകരതയെയും എതിര്‍ക്കാനും അപലപിക്കാനും കഴിയണം. അക്രമകാരികള്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളേണ്ടത്. അതാണ് രാജ്യത്തിന്റെ പാരമ്പര്യവും സത്യസന്ധമായ രാഷ്ട്രീയ നിലപാടും.



