Editors Pick
മിനി കൂപ്പര്‍ ഓക്‌സ്‌ഫോര്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു
പരിമിതമായ എണ്ണത്തിലായിരിക്കും മിനി കൂപ്പര്‍ ഓക്‌സ്‌ഫോര്‍ഡ് വിപണിയിലെത്തുക
ന്യൂ ഡല്‍ഹി | ഇന്ത്യയില്‍ മിനി കൂപ്പര്‍ ഓക്‌സ്‌ഫോര്‍ഡ് എഡിഷന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. പരിമിതമായ എണ്ണത്തിലായിരിക്കും മിനി കൂപ്പര്‍ ഓക്‌സ്‌ഫോര്‍ഡ് വിപണിയിലെത്തുക. 1959ല്‍ ഓക്‌സ്‌ഫോര്‍ഡിലാണ് ക്ലാസിക് മിനി ആദ്യമായി നിര്‍മ്മിക്കുന്നത്.
കൂപ്പര്‍ ത്രീ ഡോര്‍ മോഡലിന്റെ പ്രത്യേക പതിപ്പാണ് കൂപ്പര്‍ ഓക്‌സ്‌ഫോര്‍ഡ്. യൂണിയന്‍ ജാക്ക് ഡിസൈന്‍ തീമാണ് ഈ പതിപ്പിന്റെ പ്രധാന സവിശേഷത. ഇന്‍ഡിഗോ സണ്‍സെറ്റ് ബ്ലൂ, ചില്ലി റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഗ്ലേസ്ഡ് വൈറ്റ് നിറത്തിലുള്ള ഒ ആര്‍ വി എമ്മുകളും, കോണ്‍ട്രാസ്റ്റ് റൂഫില്‍ യൂണിയന്‍ ജാക്ക് ഡിസൈനും ബോണറ്റിലും ടെയില്‍ഗേറ്റിലുമായി യൂണിയന്‍ ജാക്ക് മാതൃകയിലുള്ള വരകളും ബൂട്ട് ലിഡില്‍ ക്രോസ്ഡ് യൂണിയന്‍ ജാക്ക്, ചെക്കര്‍ഡ് ഫ്‌ലാഗ് സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
നീലയും ചുവപ്പും നിറത്തിലുള്ള സെന്റര്‍ ക്യാപ്പുകളും യൂണിയന്‍ ജാക്ക് വാല്‍വ് ക്യാപ്പുകളുമുള്ള പതിനെട്ട് ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളുമാണ് ഇതിനുണ്ട്. ഉള്ളില്‍ കറുപ്പ് നിറത്തിലുള്ള അപ്ഹോള്‍സ്റ്ററിയോടുകൂടിയ ജെ സി ഡബ്ല്യു സ്പോര്‍ട്ട് സ്പെക് സീറ്റുകളും ഗ്രേ ബീജ് ഫാബ്രിക് ട്രിമ്മുകളും നല്‍കിയിരിക്കുന്നു. ഫ്‌ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ റിം, ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, കീ ഫോബ് എന്നിവയിലും യൂണിയന്‍ ജാക്ക് തീം കാണാം. ഡോര്‍ സില്ലുകളില്‍ നീലയും ചുവപ്പും നിറത്തില്‍ ഓക്‌സ്‌ഫോര്‍ഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 9.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, മെമ്മറി മസാജ് ഫംഗ്ഷനുകളുള്ള പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്.
സുരക്ഷാ സംവിധാനങ്ങളില്‍ ലെവല്‍ 1 എ ഡി എ എസും മുമ്പിലും പിമ്പിലും പാര്‍ക്കിംഗ് സെന്‍സറുകളും ഉള്‍പ്പെടുന്നു. കൂപ്പര്‍ എസ്സില്‍ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഓക്‌സ്‌ഫോര്‍ഡ് എഡിഷനിലും നല്‍കിയിരിക്കുന്നത്. 0-100 കിലോമാറ്റര്‍ പെര്‍ ഹവര്‍ വേഗത കൈവരിക്കാന്‍ 6.6 സെക്കന്‍ഡ് മതിയെന്ന് മിനി അവകാശപ്പെടുന്നു. മിനിയുടെ ഏത് സെയില്‍സ് ഔട്ട്ലെറ്റിലും വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 57 ലക്ഷം മുതല്‍ 59 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.




