Connect with us

prathivaram health

ആർത്തവ വിരാമവും അമിതവണ്ണവും

മിക്ക സ്ത്രീകളിലും 45നും 55നും ഇടയിൽ പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നതായി കാണാം. അധികമായും ഇത് കണ്ടുവരുന്നത് ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകളിലാണ്. കൂടുതലായും അടിവയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെട്ട അമിതമായ കൊഴുപ്പായിട്ടായിരിക്കും കാണപ്പെടുന്നത് .ഈ കാലയളവിൽ ക്രമാതീതമായി കുറഞ്ഞുവരുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അളവാണ് ഇതിനൊരു പരിധിവരെ കാരണമാകുന്നത്.

Published

|

Last Updated

രു സ്ത്രീയുടെ ആർത്തവ ചക്രം നിലയ്ക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം അഥവാ ഋതുവിരാമം (menopause ). അണ്ഠാശയ ഹോർമോണുകളായ ഈസ്‌ട്രോജൻ, പ്രൊജെസ്റ്റരോൺ, ടെസ്റ്റോസ്റ്റിരോൺ എന്നിവയുടെ ഉത്പാദനം കാലക്രമേണ ശരീരത്തിൽ കുറഞ്ഞുവരുന്നതിന്റെ പ്രതിഫലനമാണ് ആർത്തവവിരാമം. ഏതാണ്ട് 44 മുതൽ 56 വയസ്സിനുള്ളിൽ സാധാരണയായി ആർത്തവ വിരാമം ഉണ്ടാകുന്നതായി കണ്ടുവരുന്നു. സ്വാഭാവികമായി അല്ലാതെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ മൂലമോ മറ്റോ അണ്ഠാശയങ്ങൾ നീക്കുന്ന ശസ്ത്രക്രിയകൾ കാരണമായും ആർത്തവം നിലയ്ക്കുന്നതാണ്. തുടർച്ചയായി ഒരു വർഷത്തേക്ക് മാസമുറ ഇല്ലാതായാൽ മാത്രമാണ് അതിനെ ഋതുവിരാമം ആയി കണക്കാക്കുക. എന്നാൽ ഇപ്പോൾ അപൂർവം ചിലരിലൊക്കെ 40 വയസ്സിനു മുന്പും ആർത്തവ വിരാമം ഉണ്ടാകുന്നതായി കാണാം.

ലക്ഷണങ്ങൾ എങ്ങനെ പ്രകടമാകുന്നു?

ആർത്തവ വിരാമത്തോടനുബന്ധിച്ചും അതിനു മുന്പും ശേഷവും ഒട്ടനവധി ലക്ഷണങ്ങൾ സ്ത്രീശരീരത്തിൽ കാണപ്പെടുന്നു. ഒന്നോ രണ്ടോ വർഷം മുന്പ് മുതൽ ആർത്തവ ചക്രം ക്രമരഹിതമായി തുടങ്ങുന്നു. ഒന്നുകിൽ രണ്ട് ആർത്തവങ്ങൾ തമ്മിലുള്ള കാലയളവ് നീളുകയോ കുറയുകയോ ചെയ്യുന്നു. അല്ലെങ്കിൽ രക്തസ്രാവത്തിന്റെ അളവ് അമിതമാകുകയോ കുറയുകയോ ചെയ്യുന്നു. ഹോർമോൺ വ്യതിയാനങ്ങൾ എന്നതിലുപരി ധാരാളം ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീകൾക്ക് ആ സമയത്ത്‌ നേരിടേണ്ടിവരുന്നു. ഉദാ.അമിതമായ ഉഷ്ണം (hot flushes), അമിത വിയർപ്പ്, അസ്ഥികൾക്കുണ്ടാകുന്ന ബലക്ഷയം, അകാരണമായ ക്ഷീണം, അമിതഭാരം എന്നിങ്ങനെ. എന്നിരുന്നാലും ഭൂരിഭാഗം സ്ത്രീകൾക്കും ഏകദേശം ഒരു വർഷം കൊണ്ടു തന്നെ ഈ അവസ്ഥകളോട്‌ പൊരുത്തപ്പെട്ടു നല്ല രീതിയിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതാണ് വസ്തുത.

ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഈ അവസ്ഥകളെ കൂട്ടിച്ചേർത്ത് “മേനോപോസൽ സിൻഡ്രോം’ എന്ന പേരിലൊക്കെ അറിയപ്പെടുന്നുവെങ്കിലും പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. ഈ ഘട്ടത്തിൽ തനിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സ്ത്രീകളിൽ ചെറുതല്ലാത്ത മാനസിക സമ്മർദം സൃഷ്ടിക്കുകയും അതിനോടനുബന്ധിച്ച് ശരീരപ്രക്രിയകളെ പലപ്പോഴും ദൂഷ്യമായി ബാധിക്കുകയും തന്മൂലം രോഗപ്രതിരോധ ശേഷിയെയും ഹൃദയാരോഗ്യത്തെയും ലൈംഗികപരമായ കാര്യങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങളിൽ പ്രധാനമായവ

  •  അമിതമായി ശരീരം ചൂടാവുക (hot flushes), ശരീരത്തിൽ നിന്നും ആവി പറക്കുന്നത് പോലെ   തോന്നുക.
  • ക്രമംതെറ്റിയ മാസമുറ. ചിലപ്പോൾ അമിത രക്തസ്രാവം, ചിലപ്പോൾ മാസമുറ ഇല്ലാതാവുക
    ക്ഷീണം, തളർച്ച, അലസത, ഉന്മേഷക്കുറവ്
  • ഉറക്കക്കുറവ്
  • മാനസിക സംഘർഷം : വിഷാദരോഗം, അകാരണമായ ദേഷ്യം, സങ്കടം, ഏകാഗ്രതക്കുറവ്, അമിതമായ ഉൽക്കണ്ഠ, പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ
  • അസ്ഥികളുടെ ബലക്ഷയം, തേയ്മാനം, സന്ധികൾക്ക് വേദന അനുഭവപ്പെടുക.
  • സ്ത്രീ ഹോർമോണുകളുടെ അഭാവത്തിൽ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി ഉയരുന്നതായി കാണുന്നു. അതുമൂലം ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം എന്നിവ ആർത്തവവിരാമം കഴിഞ്ഞുള്ള സമയങ്ങളിൽ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.
  • ഇടയ്ക്കിടെ ഉണ്ടാവുന്ന മൂത്രാശയ അണുബാധ. കൂടാതെ യോനീഭാഗത്തുണ്ടാകുന്ന വരൾച്ച, ചൊറിച്ചിൽ, അണുബാധ.
  • ശാരീരിക ഘടനയിൽ വരുന്ന മാറ്റങ്ങൾ: മാറിടം തൂങ്ങുക, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുളിവുകൾ, അമിത ഭാരം, അടിവയറിന് ചുറ്റുമുള്ള അമിതമായ കൊഴുപ്പ്, മുടികൊഴിച്ചിൽ തുടങ്ങിയവ.

എന്തുകൊണ്ട് അമിത വണ്ണം?

മിക്ക സ്ത്രീകളിലും 45നും 55നും ഇടയിൽ പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നതായി കാണാം. അധികമായും ഇത് കണ്ടുവരുന്നത് ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകളിലാണ്. കൂടുതലായും അടിവയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെട്ട അമിതമായ കൊഴുപ്പായിട്ടായിരിക്കും കാണപ്പെടുന്നത് (Central obesity).
ഈ കാലയളവിൽ ക്രമാതീതമായി കുറഞ്ഞുവരുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അളവാണ് ഇതിനൊരു പരിധിവരെ കാരണമാകുന്നത്. കൂടാതെ അമിതവണ്ണവും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതും ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു(Insulin resistance). അതുമൂലം അവരിൽ ആർത്തവ വിരാമത്തോടനുബന്ധിച്ച് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം എന്നിവക്കുള്ള സാധ്യതയും വർധിക്കുന്നു. എന്നാൽ ഇവയെല്ലാം എല്ലാവരിലും ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ചില ലക്ഷണങ്ങൾ പലരിലും താത്കാലികവുമാണ്. ചിട്ടയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും സ്ത്രീകൾക്ക് തങ്ങളുടെ ആരോഗ്യവും യൗവനവും ചുറുചുറുക്കും നിഷ്പ്രയാസം വീണ്ടെടുക്കാവുന്നതേയുള്ളൂ.

ആഹാര രീതിയിൽ ശ്രദ്ധിക്കാം

  • കൂടുതൽ കലോറി അഥവാ അന്നജം അടങ്ങിയ ആഹാരപദാർഥങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക. ഉദാ.ധാന്യ വർഗങ്ങൾ, ചുവന്ന മാംസം, നെയ്യ്, ഫാസ്റ്റ് ഫുഡുകൾ, കേക്കുകൾ, പേസ്ട്രി മുതലായവ.
  • ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഉദാ: പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, റാഗി, ഓട്‌സ് തുടങ്ങിയവ.
  • അമിതമായ കൊഴുപ്പിന്റെ ഉപയോഗം പരമാവധി നിയന്ത്രിച്ച് ആന്റിഓക്‌സിഡന്റുകളും കാത്സ്യം, വൈറ്റമിൻ സി, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തുക. ഉദാ. പാട നീക്കിയ പാൽ, ചെറിയ മത്സ്യങ്ങൾ, നെല്ലിക്ക, പേരക്ക, ഓറഞ്ച് തുടങ്ങിയവ.
  • അമിതമായി മധുരം, ഉപ്പ്, ചായ, കാപ്പി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കുക.
  • പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക.
  • കഴിവതും രാത്രി ഭക്ഷണം 7.30 – 8 മണിക്ക് മുന്പേ ആക്കുക . മുളപ്പിച്ച പയർ, ഇലക്കറികൾ എന്നിവ ചേർത്ത സാലഡുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
  • സസ്യജന്യ സ്ത്രീ ഹോർമോണുകൾ (Phytoestrogens) അടങ്ങിയ കിഴങ്ങു വർഗങ്ങളായ കാച്ചിൽ, ചേമ്പ്, ശതാവരി, സോയാബീൻ, വെള്ളക്കടല, ഫ്ലാക്‌സ് സീഡ്, ചിയസീഡ്, മാതളം, ബദാം, ക്യാരറ്റ്, ബീൻസ് തുടങ്ങിയവ നിത്യേന ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുക.
  • ധാരാളം വെള്ളം കുടിക്കുക. ശരീരത്തിന് ആവശ്യമുള്ള ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ചുരുങ്ങിയത് രണ്ട് മുതൽ 2.5 ലിറ്റർ വെള്ളം നിത്യേന കുടിക്കാൻ ശ്രദ്ധിക്കുക.
  • ഓരോരുത്തർക്കും പറ്റുന്ന തരത്തിലുള്ള എന്തെങ്കിലും വ്യായാമം ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ചെയ്യുക. അതല്ലെങ്കിൽ 30 മിനുട്ട് ദിവസവും നടക്കുക.
  • കൃത്യമായ നേരത്ത് ചുരുങ്ങിയത് 6-7 മണിക്കൂർ സ്വസ്ഥമായി ഉറങ്ങുക.

Latest