Connect with us

National

സൂറത്തിലെ ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; വന്‍തോതിലുള്ള വസ്ത്രശേഖരം കത്തിനശിച്ചു

'ശ്യാം സംഗിനി' ബഹുനില മാര്‍ക്കറ്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

ഗാന്ധിനഗര്‍ | രാജ്യത്തെ സിന്തറ്റിക് വസ്ത്ര വ്യാപാരത്തിന്റെ കേന്ദ്രമായ സൂറത്തിലെ വിശാലമായ ഒരു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വന്‍തോതിലുള്ള വസ്ത്രശേഖരം കത്തിനശിച്ചു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ തീപ്പിടിത്തം ഇന്ന് ഉച്ചക്കു ശേഷമാണ് നിയന്ത്രണ വിധേയമാക്കാനായത്. പരുക്കേറ്റ ഒരു അഗ്‌നിശമന സേനാംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘ശ്യാം സംഗിനി’ ബഹുനില മാര്‍ക്കറ്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. മാര്‍ക്കറ്റിലുണ്ടായിരുന്ന സിന്തറ്റിക്, പ്ലാസ്റ്റിക്, കാര്‍ഡ്‌ബോര്‍ഡ് വസ്തുക്കളുടെ വന്‍ ശേഖരം തീ പടരാന്‍ കാരണമായതായി അഗ്‌നിശമന സേനാ അധികൃതര്‍ അറിയിച്ചു.

‘മാര്‍ക്കറ്റിന്റെ ആറാം നിലയിലുള്ള ഒരു ഇടനാഴിയില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഇരുവശത്തേക്കും പടര്‍ന്ന തീ, അയക്കാന്‍ തയ്യാറാക്കി പാക്ക് ചെയ്തു വെച്ചിരുന്ന വസ്ത്രപ്പൊതികള്‍, സിന്തറ്റിക് വസ്തുക്കള്‍, പ്ലാസ്റ്റിക് പാക്കിംഗ് ബാഗുകള്‍, കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ എന്നിവയെല്ലാം വിഴുങ്ങി. മറ്റ് കടകളിലേക്കും തീ പടരുകയും അവിടെയുണ്ടായിരുന്ന വസ്ത്രശേഖരവും ഫര്‍ണിച്ചറുകളും പൂര്‍ണമായും നശിക്കുകയും ചെയ്തു,’- സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (SMC) ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖ് പറഞ്ഞു.

ഏകദേശം 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വലിയ കടകള്‍ ഉള്‍പ്പെടെ ആകെ 284 ബ്ലോക്കുകളുള്ള ആറ് നില കെട്ടിടമാണ് ശ്യാം സംഗിനി മാര്‍ക്കറ്റ്. ചൊവ്വാഴ്ച രാത്രി, കടയുടമകള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് തുണിത്തരങ്ങള്‍ പാക്ക് ചെയ്ത് നടപ്പാതയില്‍ വെച്ചിരുന്നു; രാത്രി വൈകി ഡെലിവറി വാഹനങ്ങള്‍ ഇവ കൊണ്ടുപോകേണ്ടതായിരുന്നു.

Content Highlights:
A major fire broke out at a textile market in Surat, Gujarat. Massive stocks of clothing materials were completely destroyed in the incident. Firefighting units rushed to the spot and efforts are ongoing to bring the situation under control.

 

Latest