Connect with us

Freedom Fighters Kerala

മാപ്പിള പോരാളി മങ്കരത്തൊടി കുഞ്ഞഹമ്മദ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ എറ്റവും വലിയ യുദ്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന അസിസ്റ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ട് കത്ബർട് ബക്സ്റ്റൺ ലങ്കാസ്റ്ററെ വധിച്ച മാപ്പിള പോരാളിയായ മങ്കരത്തൊടി കുഞ്ഞഹമ്മദിനെ മറവിക്ക് വിട്ട് കൊടുക്കരുത്.

Published

|

Last Updated

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മായ്ക്കപ്പെടാനാവാത്ത അധ്യായമാണ് 1921ലെ മലബാർ സമരം. മാപ്പിള പോരാളികളുടെ ചൂടറിഞ്ഞ ആ പോരാട്ടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ശവക്കല്ലറകൾ ഇന്നും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. ഓരോ ശവക്കല്ലറകൾക്കു പിന്നിലും വലിയ പോരാട്ടത്തിന്റെ ചരിത്രമുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡൻസി അൻഡർ സെക്രട്ടറിയായിരുന്ന ജി ആർ എഫ് ടോട്ടൻഹാം “മാപ്പിള റിബല്യൻ’ എന്ന ഗ്രന്ഥത്തിൽ “പൂക്കോട്ടൂർ ബാറ്റിൽ’ എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ എറ്റവും വലിയ യുദ്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന അസിസ്റ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ട് കത്ബർട് ബക്സ്റ്റൺ ലങ്കാസ്റ്ററെ വധിച്ച മാപ്പിള പോരാളിയായ മങ്കരത്തൊടി കുഞ്ഞഹമ്മദിനെ മറവിക്ക് വിട്ട് കൊടുക്കരുത്.

പൂക്കോട്ടൂർ യൂദ്ധത്തിലെ മാപ്പിള പോരാളികളുടെ ഗറില്ല യുദ്ധ മുറയിൽ ഗുരുതര പരുക്കേറ്റ ലങ്കാസ്റ്ററെ മലപ്പുറത്തെത്തിക്കാൻ പൂക്കോട്ടൂർ യുദ്ധ ഭൂമിയിലൂടെ നേരിട്ട് പോകാൻ ധൈര്യപ്പെടാതിരുന്ന ബ്രീട്ടീഷ് സൈന്യം, പൂക്കോട്ടൂർ അങ്ങാടിയിൽ പള്ളിക്ക് സമീപത്തെ ചെറു റോഡ് വഴി പിലാക്കൽ കഴിഞ്ഞുള്ള കുമ്മാളിപ്പടിയിൽ വെച്ച് വീണ്ടും മലപ്പുറം റോഡിൽ ചെരുന്ന പാതയാണ് തിരഞ്ഞെടുത്തത്.

മാപ്പിള പോരാളികളെ വധിച്ച ബ്രിട്ടീഷ് പട്ടാളത്തെ വകവരുത്താൻ മങ്കരത്തൊടി കുഞ്ഞഹമ്മദ് എന്ന പോരാളി പിലാക്കലിലെ തോട്ടിലൂടെ പട്ടാളം കാണാതെ മലപ്പുറം ഭാഗത്തേക്ക് ഓടി കുമ്മാളിപ്പടിയിൽ എത്തി. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിൻമേൽ കയറി. പട്ടാളം വരുന്നത് കാത്തിരുന്നു. നാടൻ ബോംബ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മരക്കൊമ്പിൽ നിന്ന് ഊർന്ന് വീഴാതിരിക്കാൻ കയറ് കൊണ്ട് ശരീരമാകെ വരിഞ്ഞുകെട്ടിയിരുന്നു.
അസിസ്റ്റന്റ് കമാൻഡർ ലങ്കാസ്റ്റർ സായിപ്പും നാല് പട്ടാളക്കാരും ഉണ്ടായിരുന്ന വാഹനത്തിലേക്ക് ബോംബിട്ടു. വാഹനത്തിലുണ്ടായിരുന്ന അംഗരക്ഷകരായ ടോർമേ, കെന്നഡി എന്നിവർ കൊല്ലപ്പെട്ടു.

ലങ്കാസ്റ്ററുടെ വാഹനത്തിന് പിറകെയുണ്ടായിരുന്ന മറ്റ് വാഹനത്തിലെ സൈനികരുടെ വെടിയേറ്റ് മങ്കരത്തൊടി കുഞ്ഞഹമ്മദ് രക്തസാക്ഷിയായി. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമായിരുന്നു കുഞ്ഞഹമ്മദിന്റെ ആക്രമണമെന്ന് പ്രശസ്ത ചരിത്രകാരൻ എ കെ കോടുർ രേഖപ്പെടുത്തുന്നുണ്ട്.
ഗുരുതര പരുക്കുകളോടെ മലപ്പുറത്തെ ആശുപത്രിയിൽ പ്രവശിപ്പിച്ച ലങ്കാസ്റ്റർ അന്ന് രാത്രിയോടെ മരണപ്പെട്ടു.

പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ലങ്കാസ്റ്ററിന്റെ ശവകുടീരം ഇന്നും മലപ്പുറത്തെ സി എസ് ഐ ചർച്ച് സെമിത്തേരിയിൽ കാണാം. കൂടാതെ ലണ്ടനിലുള്ള സെന്റ് മേരീസ് ചർച്ചിലും ലങ്കാസ്റ്ററിന്റെ സ്മരണ എന്നോണം പൂക്കോട്ടൂരിൽ കൊല്ലപ്പെട്ടതാണെന്ന് എഴുതി വെച്ചിട്ടുണ്ട്.
രക്തസാക്ഷിയായ കുഞ്ഞഹമ്മദിന്റെ ഉജ്ജ്വലമായ ഓർമകൾ കൂടിയാണ് ഈ കല്ലറ. ഐ സി എച്ച് ആർ പുറത്തിറക്കിയ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വെട്ടിമാറ്റിയ 387 ആളുകളിൽ മങ്കരത്തൊടി കുഞ്ഞഹമ്മദിന്റെ പേരുമുണ്ട്.

Latest