Kerala
ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ സുജിത് (34) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ സുജിത് (34) ആണ് കുളത്തുപ്പുഴയില്‍ നിന്നും അറസ്റ്റിലായത്. ഭാര്യ രേഷ്മ (27)യെയും കുട്ടികളെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രേഷ്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സുജിതിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നിലവില്‍ യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടില്‍ 24ന് രാത്രി 9.30നെത്തിയ സുജിത് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പേടിച്ച രേഷ്മ വാതില്‍ തുറന്നില്ല. ഈ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാള്‍ മുറ്റത്തുകിടന്ന മണ്‍വെട്ടി കൊണ്ട് അടുക്കളവാതില്‍ പൊളിച്ച് അകത്ത് കടന്നു. കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയില്‍ കടന്ന് അവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചു. പ്രതി കൈയില്‍ കരുതിയ പെട്രോള്‍ നിറച്ച കുപ്പിയും ലൈറ്ററും ചുറ്റികയും പോലീസ് കണ്ടെടുത്തു.
സുജിത്തിനും രേഷ്മക്കും മൂന്ന് മക്കളാണുള്ളത്. യുവതി വീട്ടുജോലി ചെയ്താണ് കുട്ടികളുമായി ജീവിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, സി പി ഒ. സന്ധ്യ എന്നിവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.