Kerala
കൊട്ടാരക്കര വാഹനാപകടം; രണ്ട് എംവിഡിമാര്‍ക്ക് സസ്‌പെന്‍ഷന്‍
വാഹനത്തിന് ഫിറ്റ്‌നസ് നല്‍കിയതില്‍ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കൊട്ടാരക്കര | മൂന്ന് പേര്‍ മരിച്ച കൊട്ടാരക്കര മുക്കോണിമുക്ക് അപകടവുമായി ബന്ധപ്പെട്ട് രണ്ട് എം വി ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധിന്‍ ഗോപി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് എസ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനത്തിന് ഫിറ്റ്‌നസ് നല്‍കിയതില്‍ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപകടം വരുത്തിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. വാഹനത്തെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.
അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്.കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ എന്നിവരാണ് മരിച്ചത്
Content Highlights: Two Motor Vehicle Department officers have been suspended following a tragic tipper lorry accident at Mukkonimukku in Kottarakkara that killed three individuals. The enforcement action was taken due to serious lapses in issuing a fitness certificate to the 17-year-old vehicle. Investigations revealed that the driver lacked a valid license to operate the tipper.




