Connect with us

Kerala

മലപ്പുറം വെസ്റ്റ് ജില്ലാ ആസ്ഥാനം താജുൽ ഉലമ ടവർ ഉദ്ഘാടന സജ്ജം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ടവർ സമർപ്പണം നടത്തും.

Published

|

Last Updated

കോട്ടക്കൽ | സുന്നി സംഘടനകളുടെ മലപ്പുറം വെസ്റ്റ് ജില്ലാ ആസ്ഥാന മന്ദിരം താജുൽ ഉലമ ടവർ ഉദ്ഘാടനത്തിന് സജ്ജമായി. വെസ്റ്റ് ജില്ലയിലെ പ്രാസ്ഥാനിക മുന്നേറ്റത്തിലെ നാഴികക്കല്ലാണ് താജുൽ ഉലമ ടവർ. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന സമർപ്പണ സമ്മേളനം വെസ്റ്റ് ജില്ലയിലെ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ടവർ സമർപ്പണം നടത്തും.

ദേശീയപാതക്കും കോട്ടക്കൽ- തിരൂർ സംസ്ഥാന പാതക്കും സമീപം എടരിക്കോടാണ് ബഹുമുഖ പദ്ധതികളോടെ ടവർ നിർമാണം പൂർത്തിയായത്. 2015ൽ എടരിക്കോട് താജുൽ ഉലമ നഗരിയിൽ നടന്ന എസ് വൈ എസ് 60ാം വാർഷികത്തിന്റെ ഓർമ കൂടിയാണ് സുന്നി പ്രസ്ഥാനത്തിന്റെ നായകൻ താജുൽ ഉലമയുടെ നാമധേയത്തിലുയർത്തിയ ആസ്ഥാന മന്ദിരം. 2016ൽ സമ്മേളന നഗരിക്കരികെ തന്നെ ഭൂമി വാങ്ങുകയും 2022ൽ തറക്കല്ലിട്ട് പണിയാരംഭിക്കുകയും ചെയ്തു. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, എസ് എസ് എഫ്, എസ് എം എ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൽ, ഐ പി എഫ് തുടങ്ങിയ മുഴുവൻ സുന്നി സംഘടനകളുടെയും വെസ്റ്റ് ജില്ലാ കാര്യാലയങ്ങൾ ആധുനിക രീതിയിൽ ടവറിൽ ഒരുക്കിയിട്ടുണ്ട്. മസ്ജിദ്, സാന്ത്വന കേന്ദ്രം, സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും പ്രവർത്തിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിക്കുളം താജുൽ ഉലമ മഖാമിൽ നിന്ന് സമസ്തയുടെ ത്രിവർണ പതാക നഗരിയിലെത്തിച്ച് സമസ്ത അധ്യക്ഷൻ ഇ സുലൈമാൻ മുസ്‌ലിയാർ വാനിലുയർത്തി.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്‌സനിയുടെ നേതൃത്വത്തിൽ എട്ടിക്കുളം താജുൽ ഉലമ മഖാം സിയാറത്തോടെ ആരംഭിച്ച പതാക ജാഥ ജില്ലാ അതിർത്തിയായ കടലുണ്ടി നഗരത്തിലെ ഖുതുബുസ്സമാൻ സയ്യിദ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി തങ്ങളുടെ മഖാമിൽ സ്വീകരിച്ചാണ് ജില്ലയിലെത്തിച്ചത്. കടലുണ്ടി മഖാമിൽ സയ്യിദ് ഹുസൈൻ ജമലുല്ലൈലി കടലുണ്ടി സിയാറത്തിന് നേതൃത്വം നൽകി. പരപ്പനങ്ങാടി, താനൂർ, തിരൂർ, പുത്തനത്താണി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

ചടങ്ങിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, വടശ്ശേരി ഹസ്സൻ മുസ്്ലിയാർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ഹബീബ് തുറാബ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എം അബൂബക്കർ പടിക്കൽ, ബശീർ പറവന്നൂർ, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മുനീർ പാഴൂർ, ജഅ്ഫർ ഇർഫാനി പല്ലാർ, അലിയാർ ഹാജി, സുലൈമാൻ ഇന്ത്യനൂർ, സഈദ് സകരിയ്യ സംബന്ധിച്ചു.

---- facebook comment plugin here -----

Latest