Connect with us

dubai international holy quran

അകക്കണ്ണിന്റെ വെളിച്ചത്തിൽ മഅദിൻ വിദ്യാർഥി ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിന്

കഴിഞ്ഞ തവണ ഷാർജയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ജേതാവായിരുന്നു ശബീറലി.

Published

|

Last Updated

മലപ്പുറം | അകക്കണ്ണിന്റെ വെളിച്ചത്തിൽ മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർഥി ഹാഫിള് ശബീറലി ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മാറ്റുരക്കും. റമസാൻ ആദ്യ വാരത്തിൽ നടക്കുന്ന മത്സരത്തിനായി ശബീറലി പിതാവിനോടൊപ്പം ദുബൈയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ തവണ ഷാർജയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ജേതാവായിരുന്നു ശബീറലി.

കഴിഞ്ഞ റമസാനിൽ ആദ്യ വെള്ളിയാഴ്ച മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ ഖുതുബ നിര്‍വഹിച്ച് ശ്രദ്ധേയനായിരുന്നു ഹാഫിള് മുഹമ്മദ് ശബീര്‍. മുസ്ലിംകളുടെ പ്രധാന ആരാധനകളിലൊന്നായ വെള്ളിയാഴ്ചകളിലെ ഖുത്വുബ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ നേതൃത്വത്തില്‍ നടക്കുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് പേരായിരുന്നു ഖുത്വുബ ശ്രവിക്കാൻ അന്ന് ജുമുഅക്കെത്തിയിരുന്നത്.

മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി  ഒമ്പത് എപ്ലസ് കരസ്ഥമാക്കിയാണ് എസ് എസ് എല്‍ സി പാസ്സായത്. പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. തുടര്‍ന്ന് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനഃപാഠമാക്കിയത്.

എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരുന്നു. സ്‌കൂള്‍ യുവജനോത്സവില്‍ ഉറുദു സംഘഗാനത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. നിലവിൽ മഅദിൻ ഹിഫ്ള് ദഅവാ കോളേജിൽ ഡിഗ്രി അവസാന വർഷ വിദ്യാർഥിയാണ്. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബശീര്‍- നദീറ ദമ്പതികളുടെ മൂത്ത മകനാണ്. അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിനായി പുറപ്പെടുന്ന ഹാഫിള് ശബീറലിക്ക് മഅദിൻ അക്കാദമി ചെയർമാർ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Latest