Connect with us

Kerala

ലോകായുക്ത നിയമ ഭേദഗതി: മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ മന്ത്രിമാര്‍; ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

നേരത്തെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്.

Published

|

Last Updated

തിരുവനന്തപുരം |  ലോകായുക്ത നിയമ ഭേദഗതി കൊണ്ടുവരുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ മന്ത്രിമാര്‍. നിലവിലെ ഭേദഗതിയോട് യോജിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു. മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് പാര്‍ട്ടിയുടെ വിയോജിപ്പ് മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി ഇതിന് മറുപടി നല്‍തി.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. നേരത്തെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. ഇതിലാണ് ലോകായുക്തയില്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്.

ഒരു ജുഡീഷ്യല്‍ സംവിധാനം സര്‍ക്കാര്‍ സംവിധാനത്തിന് കീഴ്പ്പെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സിപിഐ മന്ത്രിമാര്‍ മുന്നോട്ടുവച്ചത്. അതോടൊപ്പം ലോകായുക്ത വിധി തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കരുത്, ഈ ഭേദഗതി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നുമാണ് സിപിഐ നിലപാട്. ഓര്‍ഡിനന്‍സ് അതുപോലെ ബില്ലാക്കരുത് എന്നും സിപിഐ നിര്‍ദേശിച്ചു.എന്നാല്‍ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തി ബില്ലാക്കുന്നതില്‍ നിയമപ്രശ്നമുണ്ടെന്നും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest