Connect with us

Kerala

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്ന റാബിയ വീല്‍ചെയറില്‍ യാത്ര ചെയ്താണ് നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്നത്.

Published

|

Last Updated

മലപ്പുറം | സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ (59) അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്.

ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്ന റാബിയ വീല്‍ചെയറില്‍ യാത്ര ചെയ്താണ് നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്നത്. 2022ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനിതാരത്‌നം അവാര്‍ഡ് തുടങ്ങി ഇരുപതോളം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1966 ഫെബ്രുവരി 25നായിരുന്നു റാബിയയുടെ ജനനം. കാലിന് വൈകല്യമുണ്ടായിരുന്നുവെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു. കുട്ടിക്കാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോയത്. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ രോഗം കഠിനമായി. 14-ാം വയസ്സില്‍ കാലുകള്‍ പൂര്‍ണമായി തളര്‍ന്നു. അത് കാര്യമാക്കാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു യാത്ര. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്നായി പഠനം. കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങള്‍ നേടി. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാനും തുടങ്ങി.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പകരക്കാരിയായാണ് സാക്ഷരതാ ക്ലാസില്‍ ഇന്‍സ്ട്രക്ടറായത്. 1990 ജൂണില്‍ തന്റെ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരര്‍ക്കായി കാമ്പയിന്‍ ആരംഭിച്ചു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉത്പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ റാബിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘ചലനം’ എന്ന പേരില്‍ സംഘടനയുണ്ടാക്കി. 2000ത്തില്‍ അര്‍ബുദം ബാധിച്ചെങ്കിലും അതിജീവിച്ചു. 2004 ആയപ്പോഴേക്കും ജോലിയില്‍ തിരിച്ചെത്തി. 38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകരുകയും കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലാവുകയും ചെയ്തു. കടുത്ത വേദന സഹിച്ച് റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ‘നിശബ്ദ നൊമ്പരങ്ങള്‍’ പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ രചിച്ചു.

 

Latest