Connect with us

Editorial

ചേരാനല്ലൂര്‍ രക്ഷിതാക്കള്‍ക്കൊരു പാഠമാകട്ടെ

ഏത് ഉന്നതരുടെ മക്കളായാലും നീതി നടപ്പാക്കുന്നതില്‍ പോലീസും കോടതികളും അമാന്തം കാണിക്കരുത്. വിവേചനം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. റോഡുകളില്‍ നിയമം പാലിക്കുന്നത് സംബന്ധിച്ചും നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും കുട്ടികളെ ബോധവത്കരിക്കുകയും വേണം.

Published

|

Last Updated

ചേരാനല്ലൂര്‍ വാഹനാപകട കേസ് പോലീസ് കൈകാര്യം ചെയ്ത രീതി രാഷ്ട്രീയതലത്തിലും നിയമതലത്തിലും വിവാദമായിരിക്കുകയാണ്. അഡീഷനല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് 55കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത രീതിയാണ് കടുത്ത വിമര്‍ശത്തിനിടയായത്. തുടക്കത്തില്‍ പ്രതിക്കെതിരെ ലഘുവായ വകുപ്പ് (മനപ്പൂര്‍വമല്ലാത്ത നരഹത്യ) ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമസിയാതെ തന്നെ സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ പിതാവിനെതിരെ കേസെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തുടക്കത്തില്‍ ഇക്കാര്യവും പോലീസ് അവഗണിച്ചു. പ്രതിഷേധം ശക്തമാകുകയും നീതി ആവശ്യപ്പെട്ട് ഇരയുടെ കുടുംബം സമരത്തിനിറങ്ങുകയും ചെയ്തപ്പോഴാണ് നരഹത്യാക്കുറ്റം ചുമത്തി എഫ് ഐ ആര്‍ തയ്യാറാക്കിയതും പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തതും.

പുലര്‍ച്ചെ കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതം മൂലം ജയബാലകൃഷ്ണന്‍ ദൂരേക്ക് തെറിച്ചുവീണു. മിതമായ വേഗത്തിൽ ഓടിക്കുന്ന കാറിടിച്ചാല്‍ ഇത് സംഭവിക്കില്ല. അപകടത്തിനു മുമ്പ് വാഹനം 104 കി. മീറ്റര്‍ വേഗത്തില്‍ ഓടിക്കുന്ന ദൃശ്യം പോലീസിനു ലഭിച്ചിട്ടുമുണ്ട്. അതിവേഗത്തില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനാണ് പുലര്‍ച്ചെ ഈ പതിനേഴുകാരന്‍ കാറുമായി ഇറങ്ങിയതെന്ന് പോലീസ് പറയുന്നു. എന്നിട്ടും തുടക്കത്തില്‍ ലഘുവായ വകുപ്പുകള്‍ ചുമത്തിയത് ദുരൂഹമാണ്. മകന്‍ അപകടമുണ്ടാക്കിയെന്നറിഞ്ഞ ഉടനെ പിതാവായ ജഡ്ജി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ പോയി പോലീസുദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതാണ് പോലീസിനെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജഡ്ജിമാര്‍ പോലീസ് സ്റ്റേഷനില്‍ പോകുമ്പോള്‍ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. അഡീഷനല്‍ ജഡ്ജി ജില്ലാ ജഡ്ജിയെ അറിയിക്കാതെയാണ് സ്റ്റേഷനില്‍ പോയതെന്ന് പോര്‍ട്ട്‌ഫോളിയോ ജഡ്ജി നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാണ്. ഉപഛേദം 14 നിയമത്തിനു മുന്നിലെ സമത്വവും നിയമത്തിന്റെ തുല്യസംരക്ഷണവും ഉറപ്പ് നല്‍കുന്നു. സാമ്പത്തിക മികവിന്റെയോ സാമൂഹിക, രാഷ്ട്രീയ പദവികളുടെയോ ഉയര്‍ന്ന കുടുംബ പശ്ചാത്തലത്തിന്റെയോ പേരില്‍ കുറ്റാരോപിതന് നിയമ നടപടികളില്‍ ഇളവ് നല്‍കാവുന്നതല്ല. അതേസമയം പൊതുജന രോഷത്തിന്റെ പേരില്‍ നിയമപരമായ വശങ്ങളെ മറികടന്ന് ആരെയും കുറ്റക്കാരനായി പ്രഖ്യാപിക്കാനും പാടില്ല. തെളിവുകള്‍ക്കനുസരിച്ച് കുറ്റപത്രം, നിഷ്പക്ഷമായ വിചാരണ, കുറ്റത്തിന്റെ ഗൗരവത്തിനനുസൃതമായ നിയമ നടപടി എന്നിവയാണ് നീതിയുടെ മാര്‍ഗം.

ഉന്നതരുടെ മക്കള്‍ പ്രതികളാകുന്ന കേസില്‍ പ്രതികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ കേസിലും അത് സംഭവിച്ചു. പോലീസിനു പാളിച്ച സംഭവിച്ചതായും പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത് പോലീസിന്റെ വീഴ്ചമൂലമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ ഇന്നലെ നിയമസഭയില്‍ തുറന്നു സമ്മതിക്കുകയുണ്ടായി. ജാമ്യം ലഭിച്ച വിവരം അറിഞ്ഞ ഉടനെ തന്നെ ഡി ജി പിയെ വിളിച്ച്, ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയ നടപടി ചോദ്യം ചെയ്തതായും കുറ്റവാളി ഏത് ഉന്നതന്റെ മകനാണെങ്കിലും നിയമം അതിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. മിക്കപ്പോഴും പോലീസിന്റെ തെറ്റുകളെ ന്യായീകരിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാറുള്ളത്. സാധാരണക്കാരന്റെ ജീവന് വില കല്‍പ്പിക്കാത്ത ഈ പ്രവണത നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും. എന്നാല്‍ സ്വാഗതാര്‍ഹമാണ് ഈ കേസില്‍ മന്ത്രി ചെന്നിത്തലയുടെ സമീപനം.

അപൂര്‍വമോ ഒറ്റപ്പെട്ടതോ അല്ല ചേരാനല്ലൂര്‍ സംഭവം. നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി റോഡുകളില്‍ മരണപ്പാച്ചില്‍ നടത്തുന്ന പ്രവണത അപകടമാംവിധം വര്‍ധിച്ചുവരികയാണ്. പലപ്പോഴും രക്ഷിതാക്കളുടെ അറിവോടെയോ മൗനാനുവാദത്തോടെയോ ആണ് ഇത് നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ബൈക്കും കാറും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളുടെ എണ്ണവും കുറവല്ല. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 18 വയസ്സാകാത്തവര്‍ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണെങ്കിലും സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരുടെ മക്കളാകുമ്പോള്‍, നിയമം നടപ്പാക്കേണ്ടവരും പലപ്പോഴും കണ്ണടക്കുന്നു.

കുട്ടികളുടെ ഡ്രൈവിംഗിനിടെ അപകടം സംഭവിച്ചാല്‍ വാഹനത്തിന്റെ ഉടമയും നിയമ നടപടിക്കു വിധേയമാക്കപ്പെടണം. എന്നാല്‍ സ്വാധീനമുള്ളവര്‍ക്ക് കേസില്‍ നിന്ന് ഊരിപ്പോരാന്‍ സഹായകമായ പഴുതുകള്‍ നിയമത്തില്‍ അവശേഷിക്കുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നു. ജുവനൈല്‍ കോര്‍ട്ടിലും ഉന്നതരുടെ മക്കള്‍ പ്രതികളായ കേസുകള്‍ ലഘൂകരിക്കപ്പെടുന്നതായി പരാതിയുണ്ട്. ഇതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഒരു കാരണവശാലും നിയമ നടപടികളില്‍ വിവേചനം അരുത്. ഏത് ഉന്നതരുടെ മക്കളായാലും നീതി നടപ്പാക്കുന്നതില്‍ പോലീസും കോടതികളും അമാന്തം കാണിക്കരുത്. വിവേചനം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. റോഡുകളില്‍ നിയമം പാലിക്കുന്നത് സംബന്ധിച്ചും നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും കുട്ടികളെ ബോധവത്കരിക്കുകയും വേണം. ഇത് രക്ഷിതാക്കളുടെയും വിദ്യാലയങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. വാഹനം ഓടിക്കാനുള്ള പ്രായവും യോഗ്യതയും എത്തുന്നതിനു മുമ്പ് കുട്ടികള്‍ക്ക് വാഹനങ്ങള്‍ കൈമാറുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ബോധം രക്ഷിതാക്കളിലും വളരണം. ചേരാനല്ലൂര്‍ അപകടം രക്ഷിതാക്കള്‍ക്കൊരു പാഠമാകട്ടെ.

Latest