Kerala
രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ടു; ഭീതിപടര്‍ത്തിയ യുവാവിനെ പോലീസ് കീഴടക്കി
കുന്ദമംഗലം പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ടാണ് കുട്ടികളെയും യുവാവിനെയും രക്ഷിച്ചത്
കോഴിക്കോട് | രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തകര്‍ത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് യുവാവ് ദേഹത്ത് ഡീസല്‍ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിട്ടും കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിള്‍ പ്ലാന്റേഷന്‍ കോളനിയില്‍ ആണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വീട്ടില്‍ നിന്നു ഇറക്കി വിട്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുന്നു എന്ന വിവരം പോലീസിനു ലഭിക്കുന്നു. പട്രോള്‍ സംഘത്തിലെ എ എസ് ഐ പി സഫിയയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് എത്തിയെങ്കിലും ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
കുന്ദമംഗലം സി ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ടാണ് ഒടുവില്‍ കുട്ടികളെയും യുവാവിനെയും രക്ഷിച്ചത്. യുവാവുമായി ഒരു മണിക്കൂറോളം സി ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചെങ്കിലും വാതില്‍ തുറക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസ് സംഘവും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കീഴടക്കി കുട്ടികളെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിഐ അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ജീവന്‍ അപായപ്പെടുത്താനുള്ള രീതിയില്‍ പ്രവര്‍ത്തിച്ചതിനു ബി എന്‍ എസ് പ്രകാരവും രക്ഷാകര്‍തൃത്വം ഉള്ള കുട്ടികളോട് ക്രൂരമായി പെരുമാറിയതിനു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. സി ഐ കെ പി അഭിലാഷ്, എഎസ്‌ഐ പി സഫിയ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്, ഹോംഗാര്‍ഡ് മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights:
Police and Fire Force officers rescued two young children in Kozhikode after a man locked them inside and opened a gas cylinder in a suicide attempt. The rescue operation was led by Kunnamangalam CI KP Abhilash following a domestic dispute. The man was arrested under BNS and the Juvenile Justice Act.


