Connect with us

Health

ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 50 ശതമാനം ഫലപ്രദം; ലാന്‍സെറ്റ് പഠനം

രണ്ടു ഡോസ് വാക്‌സിനെടുത്താല്‍ 50 ശതമാനം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന കൊവിഡിന് 50 ശതമാനം ഫലപ്രദമെന്ന് പഠനം. രണ്ടു ഡോസ് വാക്‌സിനെടുത്താല്‍ 50 ശതമാനം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി എയിംസില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ രോഗലക്ഷണങ്ങളുള്ള 2,714 ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കൊവിഡിന്റെ രണ്ടാംതരംഗത്തിലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. രോഗമുള്ളവരില്‍ 80 ശതമാനവും ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

കൊവിഡ് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെയാണ് പഠനം സൂചിപ്പിക്കുന്നതെന്ന് എയിംസിലെ മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ മനീഷ് സൊനേജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള പ്രതിരോധ നടപടികള്‍ തുടരുമ്പോള്‍ കൊവിഡ് നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പ്രതിരോധ വാക്‌സിനുകളെന്ന് ഈ കണ്ടെത്തലുകള്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസിലെ സി-19 വാക്‌സിനേഷന്‍ സെന്റര്‍ ഈ വര്‍ഷം ജനുവരി 16 മുതല്‍ 23,000 ജീവനക്കാര്‍ക്ക് കൊവാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്സിന്‍ 70 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.