Connect with us

Eranakulam

കൊടുങ്ങല്ലൂർ- ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയാക്കുന്നു; കേന്ദ്രം 3,465.82 കോടി അനുവദിച്ചു

ഗഡ്കരിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കൊടുങ്ങല്ലൂര്‍ ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയില്‍ കേന്ദ്രം 3,465.82 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൊച്ചി നഗരത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയാക്കാനാണ് തുക അനുവദിച്ചത്. എറണാകുളം- തൃശൂര്‍ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണര്‍വ് ഉണ്ടാക്കാന്‍ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.

കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ ദേശീയപാത ആറ് വരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാത 66ന്റെ വികസനപ്രവര്‍ത്തനം നടക്കുന്നത്. ഇതില്‍ 16 റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഒക്ടോബര്‍ 28 ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഗഡ്കരിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നല്‍കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തി യോഗങ്ങള്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.